Site icon Janayugom Online

ഇസ്രയേലി കുട്ടികളുടെ തലയറുത്തെന്ന വാര്‍ത്ത: സിഎന്‍എന്‍ മാധ്യമപ്രവര്‍ത്തക മാപ്പ് പറഞ്ഞു

സംഘര്‍ഷത്തിനിടെ ഹമാസ് ഇസ്രയേലി കുട്ടികളുടെ തലയറുത്തെന്ന വ്യാജവാര്‍ത്ത നല്‍കിയതില്‍ മാപ്പപേക്ഷയുമായി സിഎന്‍എന്‍ മാധ്യമപ്രവര്‍ത്തക സാറ സിഡ്‌നർ. ‍കുട്ടികളെ ഹമാസ് ക്രൂരമായി കൊലപ്പെടുത്തിയെന്ന്‌ ആ­വർത്തിച്ച് റിപ്പോർട്ട് ചെയ്തത് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നെന്ന് സാറ വ്യക്തമാക്കി. ഹമാസ് കുഞ്ഞുങ്ങളെ തലയറുത്ത് കൊലപ്പെടുത്തിയെന്നത് ഇസ്രയേലോ ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരോ സ്ഥിരീകരിച്ചിട്ടില്ലെന്ന് വാർത്താ എജൻസിയായ അനഡോലു റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസം തത്സമയ വാർത്ത അവതരിപ്പിക്കുന്നതിനിടെയാണ് ഹമാസ്, ഇസ്രയേലി കുട്ടികളുടെ തലയറുത്ത് കൊലപ്പെടുത്തിയെന്നത് സ്ഥിരീകരിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചത്. എന്നാൽ ഇത് സ്ഥിരീകരിക്കാൻ കഴിയില്ലെന്നാണ് ഇ­പ്പോൾ ഇസ്രയേൽ സർക്കാർ പറയുന്നത്. എന്റെ വാക്കുകൾ കൂടുതൽ ശ്രദ്ധിക്കേണ്ടതായിരുന്നു, ക്ഷമിക്കണം എന്ന് സാറ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചു.

പ്രധാനമന്ത്രിയുടെ ഓഫിസ് ഇത് സ്ഥിരീകരിക്കുന്നുണ്ടെങ്കിൽ തെളിവ് ഉണ്ടായിരിക്കും എന്നായിരുന്നു സാറ പറഞ്ഞത്. യുഎസ്‌ പ്രസിഡന്റ് ബൈഡനും കുട്ടികളുടെ ദൃശ്യം കണ്ടതായി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അത് നിഷേധിച്ചു. അതേ റിപ്പോർട്ടിൽ ഹമാസ് ഈ പ്രവൃത്തികൾ നിഷേധിച്ചതായും പറഞ്ഞിരുന്നുവെന്നും സാറ പറഞ്ഞു. ഹമാസ് 40 ഓളം ഇസ്രയേലി കുട്ടികളുടെ തലയറുത്തെന്നായിരുന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

Eng­lish Sum­ma­ry: CNN jour­nal­ist apol­o­gizes for claim­ing Hamas behead­ed babies
You may also like this video

Exit mobile version