Site iconSite icon Janayugom Online

സഹകരണ ക്ഷേമനിധി റിസ്‌ക്ക് ഫണ്ട് സഹായം മൂന്നുലക്ഷം വരെ

സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് വായ്പാക്കാര്‍ക്കായി നടപ്പിലാക്കുന്ന റിസ്‌ക് ഫണ്ടില്‍ നിന്നുള്ള സഹായത്തിന്റെ പരിധി ഉയര്‍ത്തി. ചികിത്സ സഹായം 1.25 ലക്ഷമായും മരണപ്പെട്ടാല്‍ മൂന്ന് ലക്ഷം രൂപ വരെയുമാണ് സഹായധനം ഉയര്‍ത്തിയത്.
വായ്പക്കാരായ സഹകാരികള്‍ക്ക് ഗുരുതര രോഗം ബാധിച്ചാല്‍ ഇപ്പോള്‍ ഒരു ലക്ഷം രൂപയാണ് നല്‍കുന്നത്. ഇതാണ് 1.25 ലക്ഷമായി ഉയര്‍ത്തിയത്. മരണപ്പെടുന്നവരുടെ വായ്പാ കുടിശിക തീര്‍ക്കാന്‍ രണ്ട് ലക്ഷം രൂപ വരെയാണ് നല്‍കിയിരുന്നത്. ഇതിന്റെ പരിധിയാണ് മൂന്ന് ലക്ഷം രൂപയാക്കിയത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കൃത്യമായ ഇടവേളകളില്‍ റിസ്‌ക് ഫണ്ടില്‍ നിന്നുള്ള സഹായധനം ലഭ്യമാക്കിയിരുന്നു.

ആധാര രജിസ്ട്രേഷനായി ഉപയോഗിക്കുന്ന പേള്‍ എന്ന സോഫ്റ്റ് വേര്‍ സംവിധാനം ഉപയോഗിച്ചാണ് രജിസ്ട്രേഷന്‍ വകുപ്പിന്റെ കമ്പ്യൂട്ടര്‍വല്‍ക്കരണം നടത്തുന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ ഇന്റീരിയര്‍ ജോലികളും പ്രസ്തുത ഓഫീസുകളുടെ റെക്കോ‍ഡ് മുറികളുടെ നവീകരണവുമാണ് രജിസ്ട്രേഷന്‍ വകുപ്പിന്റെ ആധുനികവത്കരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡിജിറ്റൈസേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് മുന്‍ ആധാര വിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്ന പരിപാടിയാണ്. സിഡിറ്റാണ് പദ്ധതിയുടെ ചുമതല വഹിച്ചുവരുന്നത് ഇ സ്റ്റാമ്പിങ് സമ്പൂര്‍ണമായി നടപ്പിലാക്കുക, സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്നും ആധാരപ്പകര്‍പ്പുകള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഒരുക്കുക, രജിസ്ട്രേഷന്‍ നടപടികളുടെ ലഘൂകരണം നടത്തുക, സംസ്ഥാനത്ത് ഡിജിറ്റല്‍ ഡോക്യൂമെന്റ് എക്സിക്യൂഷന്‍ സംവിധാനം നടപ്പിലാക്കുക തുടങ്ങിയ പരിഷ്‌കാരങ്ങള്‍ രജിസ്ട്രേഷന്‍ വകുപ്പിന്റെ 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി നടത്താന്‍ ലക്ഷ്യമിടുന്നുണ്ട്.

2021–22 സാമ്പത്തിക വർഷത്തിൽ രജിസ്ട്രേഷൻ വകുപ്പിന് റെക്കോഡ് വരുമാനമാണ് ലഭിച്ചത്. മുൻ വർഷത്തേക്കാൾ 1301.57 കോടി രൂപയുടെ വർധനയാണ് ഉണ്ടായത്. 2021–22 സാമ്പത്തിക വർഷം 4125.99 കോടിയായിരുന്നു ബജറ്റ് ലക്ഷ്യം. എന്നാൽ 107.41 ശതമാനം ഉയർന്ന് വരുമാനം 4431.88 കോടി രൂപയായി. ബജറ്റ് ലക്ഷ്യം വച്ചതിനേക്കാൾ 305.89 കോടി രൂപയുടെ അധിക വരുമാനമാണ് ഉണ്ടായത്. സംസ്ഥാന സഹകരണ വകുപ്പ് പ്രഖ്യാപിച്ച നിക്ഷേപ സമാഹരണ യജ്ഞത്തിൽ സമാഹരിച്ചത് 7253.65 കോടി രൂപയാണ്. 6000 കോടി രൂപ ലക്ഷ്യമിട്ട യജ്ഞത്തിൽ 1253 കോടി രൂപയുടെ അധിക നിക്ഷേപം സഹകരണ സ്ഥാപനങ്ങൾ നേടിയെന്നും മന്ത്രി പറഞ്ഞു. 

Eng­lish Summary:Co-operative Wel­fare Fund Risk Fund Assis­tance up to Rs. 3 lakhs
You may also like this video

Exit mobile version