Site icon Janayugom Online

തമിഴ്‌നാട്ടില്‍ കോടിക്കണക്കിന് രൂപയുടെ കല്‍ക്കരി കാണാതായി

തമിഴ്‌നാട്ടില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ കല്‍ക്കരി കാണാതായതായി റിപ്പോര്‍ട്ട്. 2.38 ലക്ഷം ടണ്‍ കല്‍ക്കരി കാണാതായതായി തമിഴ്‌നാട് വൈദ്യുതി മന്ത്രി വി സെന്തില്‍ ബാലാജി വെളിപ്പെടുത്തി. തമിഴ്‌നാട് ജനറേഷന്‍ ആന്റ് ഡിസ്ട്രിബ്യൂഷന്‍ കോര്‍പറേഷന്‍ (ടാന്‍ഗെഡ്കോ) ലിമിറ്റഡിന്റെ നോര്‍ത്ത് ചെന്നൈ പവര്‍ പ്ലാന്റില്‍ നിന്നാണ് കല്‍ക്കരി കാണാതായത്. സമാനമായി മേട്ടൂരിലെയും തൂത്തുക്കുടിയിലേയും താപവൈദ്യുതി നിലയങ്ങളില്‍ നിന്നും കല്‍ക്കരി കാണാതായി. 

തൂത്തുക്കുടി തെര്‍മല്‍ പവര്‍ സ്റ്റേഷനില്‍ കല്‍ക്കരിയുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടതോടെ ടാന്‍ഗെഡ്കോ സിഎംഡി പങ്കജ് കുമാര്‍ ബന്‍സാല്‍ എല്ലാ തെര്‍മല്‍ പവര്‍ സ്റ്റേഷനുകളിലെയും കല്‍ക്കരി ശേഖരത്തെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി സമിതി രൂപീകരിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് ഇതുവരെ തയ്യാറാക്കിയിട്ടില്ല. ഓഗസ്റ്റ് 2020നാണ് കല്‍ക്കരി കാണാതായത് ശ്രദ്ധയില്‍പ്പെട്ടതെന്ന് മുന്‍ വൈദ്യുതി മന്ത്രി പി തങ്കമണി പറഞ്ഞു. കല്‍ക്കരി ക്ഷാമത്തെയും സംസ്ഥാനത്തുള്ള കല്‍ക്കരി സംഭരണത്തിന്റെയും വ്യത്യാസം തിരിച്ചറിഞ്ഞതിനുശേഷം അന്വേഷണത്തിനുത്തരവിട്ടതായും തങ്കമണി പറയുന്നു. 

അതേസമയം 2019ല്‍ 98 ശതമാനം കല്‍ക്കരി സംസ്ഥാനത്ത് ഉപയോഗിച്ചതായി കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സിഎജി) റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്തോനേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതും തദ്ദേശീയവുമായ കല്‍ക്കരിയാണ് ടാന്‍ഗെഡ്കോയില്‍ ഊര്‍ജോല്പാദനത്തിനായി ഉപയോഗിക്കുന്നത്.
എന്നാല്‍ കല്‍ക്കരി കാണാതായി എന്നതിന് മോഷ്ടിക്കപ്പെട്ടുവെന്ന് അര്‍ത്ഥമില്ലെന്നും ഇത് ഗുണനിലവാരം കുറഞ്ഞതുകൊണ്ടുണ്ടായ വ്യത്യാസമാകാമെന്നും അധികൃതര്‍ പറയുന്നു. 

ഗുണനിലവാരം കുറഞ്ഞതിനാല്‍ ഇരട്ടിയിലധികം കല്‍ക്കരിയാണ് ഉപയോഗിക്കേണ്ടിവരുന്നത്. ഇതിനാലാണ് കണക്കില്‍ വ്യത്യസമുണ്ടായതെന്നും അധികൃതര്‍ വെളിപ്പെടുത്തി. അതേസമയം 2021 ലെ കല്‍ക്കരി ഉപയോഗവുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ടില്‍ ഇത്തരത്തിലുള്ള ക്ഷാമത്തിന്റെ കാര്യം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല.

ENGLISH SUMMARY:Coal worth crores of rupees miss­ing in Tamil Nadu
You may also like this video

Exit mobile version