Site iconSite icon Janayugom Online

തീരദേശ ഹർത്താൽ പൂർണം

കേരളത്തിലെ തീരമേഖലയില്‍ നിന്നും മണല്‍ ഖനനം ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തീരദേശ ഹര്‍ത്താല്‍ പൂർണം. കേരളത്തിലെ കടലില്‍ നിന്നും 745 ദശലക്ഷം ടണ്‍ മണല്‍ ഖനനം ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം. കടല്‍ സമ്പത്ത് കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുവാനുള്ള ഗൂഢ നീക്കമാണ് ഇതിന് പിന്നിലെന്ന് മത്സ്യത്തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. നാടിന്റെ ഭക്ഷ്യസുരക്ഷയില്‍ പ്രധാന പങ്ക് വഹിക്കുന്ന മത്സ്യസമ്പത്തിന്റെ നാശത്തെക്കുറിച്ചും പരാമര്‍ശിക്കാതെ തയ്യാറാക്കിയിരിക്കുന്ന റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നും മത്സ്യതൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

ഫിഷിങ് ബോട്ടുകളും വള്ളങ്ങളും കടലിൽ പോകാതെ കരയിൽ കെട്ടിയിട്ടു. ഫിഷിങ്‌ ഹാർബറുകളും നിശ്ചലമായി. മത്സ്യവിപണന കേന്ദ്രങ്ങളും സംസ്കരണ കേന്ദ്രങ്ങളും അടഞ്ഞുകിടന്നു. പണിമുടക്കിയ തൊഴിലാളികൾ വിവിധ കേന്ദ്രങ്ങളിൽ പ്രകടനവും പ്രതിഷേധ യോഗങ്ങളും നടത്തി. തീരദേശ ഹർത്താൽ വിജയിപ്പിച്ച എല്ലാവരെയും മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസും ജനറല്‍ സെക്രട്ടറി ടി രഘുവരനും അഭിനന്ദിച്ചു. 

Exit mobile version