കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ട്രോളിംഗ് നിരോധനത്തിന് മുൻപ് തന്നെ തീരദേശം വറുതിയിൽ. ട്രോളിങ് നിരോധനത്തിന് രണ്ടാഴ്ച മാത്രമാണ് ബാക്കി. ജൂൺ ഒൻപതിന് അർധരാത്രിയോടെ നിരോധനം നിലവിൽവരും.
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് മീൻലഭ്യത കുറഞ്ഞിരിക്കെയാണ് പ്രതികൂലസാഹചര്യങ്ങളും തൊഴിലാളികളെ വലയ്ക്കുന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ബോട്ടുകൾ കടലിൽപ്പോയിട്ട് രണ്ടാഴ്ച പിന്നിട്ടു. വർഷത്തിൽ ട്രോളിങ് നിരോധനകാലമായ 52 ദിവസമൊഴികെ മുഴുവൻ ദിവസങ്ങളും മത്സ്യബന്ധനം നടത്താമെന്നിരിക്കെയാണ് തൊഴിൽദിനങ്ങൾ പ്രകൃതിക്ഷോഭം മൂലം മത്സ്യത്തൊഴിലാളികൾക്ക് നഷ്ടമാകുന്നത്.
നിരോധനകാലത്തേതിന് തൊട്ടുമുമ്പുള്ള ആഴ്ചകളിൽ നല്ലതോതിൽ മത്സ്യം ലഭിക്കുമെന്നതിനാൽ ഏറെ പ്രതീക്ഷയോടെയാണ് ഇക്കാലത്തെ കടലിൽപ്പോക്ക്. മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാൽ അരലക്ഷത്തിലേറെപേരുടെ തൊഴിലാണ് ഇതുകാരണം നഷ്ടപ്പെടുന്നത്. ചെറുവള്ളങ്ങൾക്കും വലിയ ഫിഷിങ് ബോട്ടുകൾക്കും ഒരുപോലെയാണ് മുന്നറിയിപ്പ്.
കഴിഞ്ഞ വർഷം യാസ് ചുഴലിക്കാറ്റും തുടർന്നുള്ള മഴയും മൂലം രണ്ടാഴ്ചയോളമാണ് നഷ്ടമായത്. ഇത്തവണ അസാനി ചുഴലിക്കാറ്റും ചക്രവാതച്ചുഴലിയുമൊക്കെയാണ് വില്ലൻ. നാളുകളായി മത്സ്യലഭ്യതയിൽ കാര്യമായ കുറവുണ്ടെന്ന് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ഓഖിക്ക് ശേഷമാണ് മത്സ്യലഭ്യത കുറഞ്ഞത്. വള്ളം കടലിൽ ഇറക്കുന്ന ചെലവിന്റെ പകുതി പോലും പലപ്പോഴും തിരികെ കിട്ടിയിരുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു.
ഒന്നേകാൽ മുതൽ രണ്ടര ലക്ഷം രൂപവരെ ഒരു തവണ പോകുന്നതിന് ചെലവാകും. ഒക്ടോബറിൽ തുടങ്ങിയ മേഖലയിലെ മാന്ദ്യത്തിന് ഇതുവരെ അയവ് വന്നിട്ടില്ല. കടലിൽ പോകുന്ന യന്ത്രവത്കൃത ബോട്ടുകളിലെ തൊഴിലാളികൾ നിരാശയോടെയാണ് തിരിച്ചെത്തുന്നത്. ഒപ്പം ഇന്ധന വിലവർദ്ധനവ് മത്സ്യമേഖലയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
English summary;Coastal region are crisis before trolling ban
You may also like this video;