2,000 കോടി രൂപയുടെ കൊക്കെയ്ന്‍ ഡല്‍ഹിയില്‍ പിടികൂടി. വെസ്റ്റ് ഡല്‍ഹിയിലെ രമേശ് നഗര്‍ പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് 200 കിലോവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു. ഡൽഹിയിൽ ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് വൻ തോതില്‍ മയക്കുമരുന്ന് പിടികൂടുന്നത്. കൊക്കെയ്ൻ കടത്താൻ ഉപയോഗിച്ച കാറിൽ ജിപിഎസ് ഘടിപ്പിച്ചതാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടാൻ സഹായിച്ചത്.
ദക്ഷിണ ഡൽഹിയിലെ മഹിപാൽപൂരിലെ ഒരു ഗോഡൗണിൽ നിന്ന് ഒക്ടോബർ രണ്ടിന് 5,620 കോടി രൂപ വിലമതിക്കുന്ന 560 കിലോ കൊക്കെയ്‌നും 40 കിലോ ഹൈഡ്രോപോണിക് മരിജുവാനയും പിടികൂടിയിരുന്നു. തുഷാർ ഗോയൽ (40), ഹിമാൻഷു കുമാർ (27), ഔറംഗസേബ് സിദ്ദിഖി (23), ഭരത് കുമാർ ജെയിൻ (48) എന്നിങ്ങനെ നാലുപേരെ സംഭവസ്ഥലത്തുവച്ചും മറ്റ് രണ്ട് പേരെ അമൃത്‌സറിൽ നിന്നും ചെന്നൈയിൽ നിന്നുമായി പിടികൂടി. മയക്കുമരുന്ന് സംഘത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ദുബായ് ആസ്ഥാനമായുള്ള ഇന്ത്യൻ വ്യവസായി വീരേന്ദർ ബസോയയ്ക്കെതിരെ ഡൽഹി പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.