Site iconSite icon Janayugom Online

കൊച്ചിൻ ഷിപ്പിയാർഡ് ആറ് എൽഎൻജി വെസലുകൾ നിർമ്മിക്കും

അന്താരാഷ്ട്ര സ്വകാര്യ കോർപറേറ്റ് കമ്പനിക്ക് വേണ്ടി ആറ് എൽഎൻജി കണ്ടെയ്നർ കപ്പലുകൾ നിർമ്മിക്കുന്നതിനുള്ള കരാറിൽ കൊച്ചിൻ കപ്പൽ നിർമാണശാല ( സി എസ് എൽ ) ഒപ്പുവച്ചു. ലോകമെമ്പാടും വലിയ രീതിയിലുള്ള വ്യവസായ വാണിജ്യശൃംഗലകളുള്ള സിഎംഎ സിജിഎം ആഗോള കമ്പനിയുമായിട്ടാണ് ഷിപ് യാർഡ് കരാറിൽ ഒപ്പുവച്ചത്. വിദേശ രാജ്യത്തുള്ള ഒരു കമ്പനി ഇത് ആദ്യമായിട്ടാണ് ഇന്ത്യയിലുള്ള ഒരു ഷിപ്പ് യാർഡുമായി എൽഎൻജി കപ്പലുകൾ നിർമിക്കാൻ ധാരണയിലെത്തുന്നത്.

ഓരോ കപ്പലുകൾക്കും 1700 ടിഇയു (ട്വന്റി ഫൂട്ട് ഇക്യൂവലന്റ് യൂണിറ്റ്) വഹിക്കാൻ ശേഷിയുണ്ട്. കപ്പൽ പ്രവർത്തിക്കുമ്പോൾ ഉല്പാദിപ്പിക്കുന്ന കാർബണിന്റെ അളവ് എൽഎൻജി കപ്പലുകളിൽ കുറവാണെന്നത് കൊണ്ട് തന്നെ നിലവിൽ ആഗോള സ്വീകാര്യത എൽഎൻജി കപ്പലുകൾക്കുണ്ട്. കൊറിയൻ കപ്പൽനിർമാതാക്കളായ എച്ച് ഡി ഹ്യൂണ്ടായി ഹെവി ഇൻഡസ്ട്രിസാണ് സാങ്കേതിക സഹായങ്ങൾ കൊച്ചിൻ ഷിപ്പ് യാർഡിന് നൽകുന്നത്. എൽഎൻജി കപ്പലുകൾക്ക് പുറമേ ഈ വർഷം മറ്റ് നാല് കപ്പലുകൾകൂടി ഇന്ത്യൻ രജിസ്ട്രേഷനിൽ സിഎംഎ സിജിഎം പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. ആയിരത്തിലേറെ ഇന്ത്യക്കാർക്ക് ഇതുവഴി തൊഴിൽ ലഭിക്കും.

ഇതിന്റെ നിർമാണങ്ങൾ അവസാനഘട്ടത്തിലാണെന്നും അധികൃതർ വ്യക്തമാക്കി. കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമാണം ആരംഭിച്ച എൽഎൻജി കണ്ടെയ്നർ ഷിപ്പുകൾ നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് 2029 മുതൽ കമ്പനിക്ക് കൈമാറി തുടങ്ങും. 2031ൽ അവസാന കപ്പലും കൈമാറുന്ന നിലയിലാണ് നിർമാണം പുരോഗമിക്കുന്നതെന്നും അധികൃതർ അറിയിച്ചു. സിഎംഎ സിജിഎം ഗ്രൂപ്പ് സി ഇ ഒ റുഡോൾഫ് സാഡേയുമായി കൊച്ചിൻ ഷിപ്പ് യാർഡ് സിഎംഡി മധു എസ് നായർ ധാരണപത്രത്തിൽ ഒപ്പുവച്ചു.

 

Exit mobile version