Site iconSite icon Janayugom Online

വെളിച്ചെണ്ണയിലും വിഷം; കൊപ്രയിൽ കയറ്റുന്നത് സൾഫർ

തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് എത്തിക്കുന്ന വെളിച്ചെണ്ണയിലും മായം. സൾഫർ ഡയോക്സൈഡിന്റെ സാന്നിധ്യമാണ് വെളിച്ചെണ്ണയെ വിഷമയമാക്കുന്നത്.
തമിഴ്‌നാട്ടിലെ കാങ്കയത്താണ് ഈ പ്രവർത്തനങ്ങൾ വർഷങ്ങളായി തുടരുന്നത്. കൊപ്ര ദീർഘനാള്‍ കേട് കൂടാതെയിരിക്കാനും ആവശ്യമനുസരിച്ച് വെള്ളിച്ചെണ്ണ നിർമ്മിക്കാനുമാണ് സൾഫർ പ്രയോഗം നടത്തുന്നത്. കൂടാതെ എലി, പാറ്റ എന്നിവയുടെ ആക്രമണത്തെ അകറ്റാനും കഴിയും. ഷീറ്റു കൊണ്ട് കൊപ്രയെ കട്ടിയായി മുടിയശേഷം അതിലേക്ക് സൾഫർ പുക അടിച്ച് കയറ്റിയാണ് മായം ചേർക്കൽ നടക്കുന്നത്. ഇത് നിയമ വിരുദ്ധമാണെന്ന് തൊഴിലാളികൾക്ക് അറിയാമെങ്കിലും നടപടിയെടുക്കാൻ തമിഴ്‌നാട് സർക്കാർ തയ്യാറാകുന്നില്ല. 

പൊലീസിന്റെ ജാഗ്രതയോ പരിശോധനയോ ഇല്ലെന്നതും ഇത്തരം പ്രവർത്തനങ്ങൾ തുടരുന്നതിനും കാരണമാകുന്നു. തുടർച്ചയായി സൾഫർ കലർന്ന വെളിച്ചെണ്ണ ഉപയോഗിച്ചാൽ ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് ഇടവരുത്തുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. സൾഫർ പുക തുടർച്ചയായി ശ്വസിക്കുന്നതും നല്ലതല്ല. ശ്വാസകോശ സംബന്ധമായ ഗുരുതര ആരോഗ്യ പ്രശ്നങ്ങളും വന്നു ചേരും. പാരഫൈൻ, ഗ്ലിസറിൻ പോലുള്ള മായംചേർക്കൽ മുൻപും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കേരളത്തിൽ നിന്നും തേങ്ങ കൊണ്ടുപോയി സൾഫർ പോലുള്ള മാരക വിഷം ചേർത്ത് തിരിച്ച് ഇവിടെ എത്തിക്കുന്നത് തടയാൻ കർശന പരിശോധന വേണമെന്ന ആവശ്യം ഉയർന്ന് കഴിഞ്ഞു. 

അതിർത്തികളിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നിരീക്ഷണം വേണമെന്ന ആവശ്യവും ശക്തമാണ്. കേരളീയരുടെ വെളിച്ചെണ്ണയോടുള്ള ആഭിമുഖ്യം ചൂഷണം ചെയ്താണ് വ്യാജന്മാർ വിപണി കയ്യടക്കുന്നത്. കേരളത്തിൽ 600ന് മുകളിൽ വെളിച്ചെണ്ണ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. 

Eng­lish Sum­ma­ry: Coconut oil is also poi­so­nous; Sul­fur is added to dry coconut

You may also like this video

Exit mobile version