ചെറിയ ഒരിടവേളയ്ക്കു ശേഷം കേരഫെഡിന്റെ ജനപ്രിയ വെളിച്ചെണ്ണ ഉല്പന്നമായ കേര വിപണിയിലേക്കു തിരിച്ചെത്തിത്തുടങ്ങി. ഇതോടെ, വെളിച്ചെണ്ണ വിപണിയിൽ ദിവസങ്ങളായി നിലനിന്ന പ്രതിസന്ധിക്കും വ്യാജ ബ്രാൻറുകളുടെ ആധിപത്യത്തിനും അവസാനമായി.
തൊഴിൽ പ്രശ്നത്തെ തുടർന്ന് പ്ലാന്റുകളുടെ പ്രവർത്തനം താത്കാലികമായി നിലച്ചതോടെയാണ്, മായം ചേർക്കാത്തതെന്ന ഖ്യാതിയുള്ളതും ഏറ്റവും ഡിമാന്റുള്ളതുമായ വെളിച്ചെണ്ണ ബ്രാന്റായ കേര ലഭ്യമല്ലാത്ത സ്ഥിതിയുണ്ടായത്. കേരയുടെ അഭാവത്തിൽ ഈ പേരുമായി സാമ്യമുള്ള വ്യാജ വെളിച്ചെണ്ണ ഉത്പന്നങ്ങൾ വിപണിയിൽ സുലഭമായി. മായം ചേർത്ത് തയാറാക്കിയവയുടെ വില്പനയും കൊഴുത്തു.
കേര കർഷകരിൽ നിന്നും ഏറ്റവുമധികം തേങ്ങ വാങ്ങുകയും ശുദ്ധമായ ഉല്പന്നങ്ങൾ വില്ക്കുകയും ചെയ്യുന്ന കേരഫെഡാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വെളിച്ചെണ്ണ വിപണിയിലെത്തിക്കുന്നത്. 1100 ടണ്ണിലധികം പ്രതിമാസം സ്ഥാപനം മാർക്കറ്റിലെത്തിക്കുന്നുണ്ട്. കേരഫെഡിന്റെ പ്രധാന വരുമാനവും വെളിച്ചെണ്ണ വില്പനയിലൂടെയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 14,380 ടൺ വെളിച്ചെണ്ണയാണ് സ്ഥാപനം വില്പന നടത്തിയത്. ഒരു ലിറ്ററിന്റെ 9,525 ടണ്ണും അര ലിറ്ററിന്റെ 4,810 ടണ്ണും. ബാക്കി മറ്റ് അളവുകളിലുള്ളതും. ഒരു ലിറ്ററിന്റേതിനാണ് മാർക്കറ്റിൽ ഡിമാൻറ്. കഴിഞ്ഞ സാമ്പത്തിക വർഷം 314 കോടി രൂപയുടെ വിറ്റുവരവാണ് കേരഫെഡ് നേടിയത്.
തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിലാണ് കേരയ്ക്ക് കൂടുതൽ ആവശ്യക്കാരും വില്പനയും. വെളിച്ചെണ്ണ കൂടാതെ തേങ്ങാപ്പാൽ പൗഡർ, ചിരകിയ തേങ്ങ, ബേബി കെയർ ഓയിൽ തുടങ്ങിയവയും കേരഫെഡിന്റെ ഉല്പന്നങ്ങളായി മാർക്കറ്റിലെത്തുന്നുണ്ട്. ഉല്പന്നങ്ങൾ ഇതര സംസ്ഥാനങ്ങളിലും വില്പന നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കു കേരഫെഡ് തുടക്കം കുറിച്ചിട്ടുണ്ട്.
ENGLISH SUMMARY;Coconut oil is back on the market
YOU MAY ALSO LIKE THIS VIDEO;