Site iconSite icon Janayugom Online

കോള്‍ഡ്‌പ്ലേ കിസ് കാം വിവാദം; അസ്‌ട്രോണമര്‍ സിഇഒ ആന്‍ഡി ബൈറണ്‍ രാജിവെച്ചു

ബ്രിട്ടീഷ് മ്യൂസിക് ബാൻഡ് ‘കോള്‍ഡ്‌പ്ലേ‘യുടെ സംഗീത പരിപാടിക്കിടെ കിസ് കാമില്‍ കുടുങ്ങിയ അസ്‌ട്രോണമര്‍ കമ്പനിയുടെ സിഇഒ ആന്‍ഡി ബൈറണ്‍ രാജിവെച്ചു. “കമ്പനിയെ നയിക്കുന്നവരിൽ നിന്ന് പെരുമാറ്റത്തിലും ഉത്തരവാദിത്തത്തിലും ഉന്നത നിലവാരമാണ് പ്രതീക്ഷിക്കുന്നത്. ആ മാനദണ്ഡം പാലിക്കപ്പെട്ടില്ലെന്ന് കണ്ടെത്തി. ആൻഡി ബൈറൺ രാജി സമർപ്പിക്കുകയും ഡയറക്ടർ ബോർഡ് അത് അംഗീകരിക്കുകയും ചെയ്തു,” കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ആൻഡി ബൈറനെ കമ്പനി കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്യുകയും അവധിയിൽ പോകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കമ്പനിയുടെ ഇടക്കാല സിഇഒ ആയി സഹസ്ഥാപകനും ചീഫ് പ്രൊഡക്ട് ഓഫീസറുമായ പീറ്റ് ഡി ജോയ്‌യെ നിയമിച്ചിട്ടുണ്ട്.

അസ്ട്രോണോമർ കമ്പനിയിലെ എച്ച്ആർ വിഭാഗത്തിലെ ക്രിസ്റ്റിൻ കബോട്ടിനൊപ്പം ആൻഡി ബൈറൺ കോൾഡ്‌പ്ലേയുടെ സംഗീതപരിപാടി കാണുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. ഇരുവരും പരസ്പരം ചേർത്തുപിടിച്ച് സംഗീതം ആസ്വദിക്കുന്ന ദൃശ്യം ലൈവ് വീഡിയോയിൽ വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കുകയായിരുന്നു. ക്യാമറയിൽ തങ്ങൾ പതിഞ്ഞുവെന്ന് മനസിലായതോടെ ഇരുവരും ഒളിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ സംഭവത്തെ തുടർന്നാണ് കമ്പനി സിഇഒയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്.

Exit mobile version