മഹാരാഷ്ട്രയിലെ പൂനെയില്‍ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവതാരത്തിന് ദാരുണാന്ത്യം. ബാറ്റിങ്ങിനിടെ 35കാരനായ ഇമ്രാന്‍ പട്ടേല്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനുപിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. പൂനെയിലെ ഗർവാരെ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന മത്സരത്തിനിടെയാണ് സംഭവം.
താരം ഗ്രൗണ്ടിൽനിന്നു മടങ്ങിപ്പോകുന്നതും, കുഴഞ്ഞു വീണപ്പോള്‍ മറ്റുള്ളവർ ഡഗ്ഔട്ടിലേക്ക് ഓടുന്നതുമുൾപ്പെടെയുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആശുപത്രിയിലെത്തിച്ചെങ്കിലും ഇമ്രാൻ പട്ടേലിന്റെ ജീവൻ രക്ഷിക്കാനായില്ല.
തനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി ഇമ്രാന്‍ പട്ടേല്‍ ഫീല്‍ഡ് അമ്പയര്‍മാരോട് പരാതിപ്പെടുന്നത് വീഡിയോയില്‍ കാണാം. പിന്നാലെ ഫീല്‍ഡ് അമ്പയറുടെ അനുമതിയോടെ ഡ്രസിങ് റൂമിലേക്ക് മടങ്ങാന്‍ ശ്രമിക്കവെ താരത്തിന് നെഞ്ചുവേദന കൂടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ‘മികച്ച ഫിറ്റ്‌നസുള്ള താരമായിരുന്നു ഇമ്രാന്‍. ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല’-സഹതാരം നസീര്‍ ഖാന്‍ പ്രതികരിച്ചു.