ഉരുള്‍പൊട്ടല്‍ ദുരന്തം നേരിടുന്ന മുണ്ടക്കൈ, അട്ടമല പ്രദേശങ്ങളില്‍ ബാങ്കുകളുടേയും, ധനകാര്യ സ്ഥാപനങ്ങളുടേയും നടപടികളില്‍ പ്രതിഷേധിച്ച് എഐവൈഎഫ് നേതത്വത്തില്‍ ലീഡ് ബാങ്കിലേക്ക് മാര്‍ച്ച് നടത്തി. സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫിസില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ബാങ്കിന് മുന്നില്‍ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് കനത്ത പ്രതിഷേധം ഉണ്ടായി.
സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വിജയന്‍ ചെറുകര ഉദ്ഘാടനം ചെയ്തു. കടുത്ത പ്രതിഷേധത്തിന് ഒടുവില്‍ സമരക്കാരുമായി ചര്‍ച്ച നടത്താന്‍ ബാങ്ക് അധികൃതര്‍ തയാറാകുകയും നടപടികള്‍ അവസാനിപ്പിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ദുരന്ത ബാധിത പ്രദേശങ്ങളില്‍ ജീവനക്കാരെ അയച്ച് കുടിശിക പിരിക്കാന്‍ ശ്രമം നടത്തുന്നു എന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കല്‍പറ്റ ബജാജ് ഫിനാന്‍സും പ്രവര്‍ത്തകര്‍ ഉപരോധിച്ചു.
മണിക്കൂറുകള്‍ നീണ്ട ഉപരോധത്തിന് ശേഷം എല്ലാ തരത്തിലുളള നടപടികളും നിര്‍ത്തിവെക്കാമെന്ന് ഫിനാന്‍സ് അധികൃതര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. സമരത്തിന് എഐവൈഎഫ് ജില്ലാ സെക്രട്ടറി നിഖില്‍ പത്മനാഭന്‍, എസ് സൗമ്യ, രജീഷ് വൈത്തിരി, ജസ്മല്‍ അമീര്‍, ഷെഫീഖ്, എമില്‍ മോന്‍, സി പി റിയാസ്, ഹംസ ചക്കുങ്ങള്‍, റൈസ് കാഞ്ഞായി എന്നിവര്‍ നേതൃത്വം നല്‍കി.