Site iconSite icon Janayugom Online

ജൈവ മാലിന്യ സംസ്കരണ ഉപാധികളുടെ വിവരശേഖരണം ജനുവരി ആറ് മുതൽ

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി നൂറ് ശതമാനം ജൈവ മാലിന്യ സംസ്കരണം ഉറപ്പാക്കുന്നതിന് വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ജൈവ മാലിന്യ സംസ്കരണ ഉപാധികളുടെ വിവരശേഖരണം കുടുംബശ്രീയുടെ നേതൃത്വത്തിൽ ജനുവരി ആറ് മുതൽ 12 വരെ നടക്കും. ഉറവിട മാലിന്യ സംസ്കരണ സംവിധാനമുളള വീടുകളും സ്ഥാപനങ്ങളും കണ്ടെത്തുക, ബയോബിൻ, കിച്ചൻ ബിൻ തുടങ്ങി വിവിധ ജൈവമാലിന്യ സംസ്കരണ ഉപാധികളുടെ നിലവിലെ സ്ഥിതി, ജൈവമാലിന്യം സംസ്കരിക്കാനുള്ള ഇനോകുലത്തിന്റെ ലഭ്യത, ഹരിതമിത്രം ആപ്പിൽ രജിസ്റ്റർ ചെയ്ത വീടുകളുടെയും സ്ഥാപനങ്ങളുടെയും എണ്ണം തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുക. ഇതുവഴി ഉറവിട മാലിന്യ സംസ്കരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും നൂറു ശതമാനം വീടുകളും സ്ഥാപനങ്ങളും ഹരിതകർമ്മ സേനയുടെ പരിധിയിൽ കൊണ്ടുവരുന്നതിനുമാണ് ഉദ്ദേശിക്കുന്നത്. 

സർവേ നടത്തുന്നതിനായി ഓരോ വാർഡിലും രണ്ടു മുതൽ മൂന്ന് വരെ ടീമുകളെ നിയോഗിക്കും. സംസ്ഥാനമൊട്ടാകെ 35,000‑ലേറെ ഹരിതകർമ്മസേനാംഗങ്ങളും സർവേയുടെ ഭാഗമാകും. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്റെ പ്രതിനിധികളും ഉണ്ടാകും. ഹരിതമിത്രം ആപ്പ് ഉപയോഗിച്ച് സംസ്കരണ ഉപാധികൾ സംബന്ധിച്ച എല്ലാ വിവരങ്ങളും രേഖപ്പെടുത്തും. ഇതുവരെ ഹരിതമിത്രം ആപ്പിൽ എൻറോൾ ചെയ്യാത്തവയുടെ വിവരങ്ങളും ശേഖരിച്ച് അവയും ഉൾപ്പെടുത്തും. നിലവിൽ രജിസ്റ്റർ ചെയ്യാത്ത വീടുകളുടെയും സ്ഥാപനങ്ങളുടെയും വിവരശേഖരണം തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു ക്യുആർ കോഡ് ലഭ്യമാക്കിയ ശേഷം നടത്തും. സർവേ പൂർത്തിയായ ശേഷം ആവശ്യമായ ഇനോകുലത്തിന്റെ അളവ് തിട്ടപ്പെടുത്തി, ഉല്പാദകരുമായി ബന്ധപ്പെട്ട് ഹരിതകർമ്മ സേനകൾക്ക് അവരിൽ നിന്നു ഇനോകുലം വാങ്ങുന്നതിനും വിപണനം നടത്തുന്നതിനും അവസരമൊരുക്കും. ഭാവിയിൽ കുടുംബശ്രീ വഴി സംരംഭ മാതൃകയിൽ ഇനോകുലം തയ്യാറാക്കുന്ന യൂണിറ്റുകളും രൂപീകരിക്കും. 

Exit mobile version