Site icon Janayugom Online

തെലങ്കാനയില്‍ കൂട്ടരാജി; മേഘാലയയില്‍ രണ്ട് നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടു

തെലങ്കാന കോ­ണ്‍ഗ്രസില്‍ കൂട്ടരാജി. പിസിസിയില്‍ നിന്ന് 12 നേതാക്കള്‍ രാജിവച്ചു. കോണ്‍ഗ്രസ് എംഎല്‍എ ദനസാരി അനസൂയ , മുന്‍ എംഎല്‍എ വെം നരേന്ദ്ര റെഡ്ഡി അടക്കമുള്ളവരാണ് രാജി വച്ചത്. അടുത്തിടെ ടിഡിപിയില്‍ നിന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന നേ­താക്കള്‍ക്ക് ഉന്നത പദവികള്‍ നല്‍കിയതിലുള്ള അതൃപ്തിയാണ് രാജിക്ക് കാരണം. കെസിആറിന്റെ ഏകാധിപത്യ ഭരണത്തെ പ്രതിരോധിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കഴിയുന്നില്ലെന്നും നേതാക്കള്‍ വിമര്‍ശിച്ചു.

ഉപതെരഞ്ഞെടുപ്പ് നടന്ന മുനുഗോട് നിയമസഭ മണ്ഡലത്തിലെ തോല്‍വിക്ക് പിന്നാലെ സംസ്ഥാന അധ്യക്ഷന്‍ എ രേവന്ത് റെഡ്ഡിക്കെതിരെ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തെലങ്കാന എംഎല്‍എ സീതക്കയും രാജിവച്ച അംഗങ്ങളില്‍ ഉള്‍പ്പെടുന്നു. മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്കുദേശം പാര്‍ട്ടിയില്‍ നിന്ന് അടുത്തിടെ പാര്‍ട്ടിയില്‍ ചേര്‍ന്ന നേതാക്കളാണ് പുതിയ പിസിസി അംഗങ്ങളില്‍ 50 ശതമാനത്തിലേറെയെന്ന് എംപി ഉത്തം കുമാര്‍ റെഡ്ഡിയും ആരോപണം ഉന്നയിച്ചിട്ടുണ്ട്.

മേഘാലയയില്‍ അടുത്ത വര്‍ഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. സംസ്ഥാനത്തെ മുതിര്‍ന്ന വനിതാ നേതാവും മുന്‍ സംസ്ഥാന മന്ത്രിയുമായ ഡോ. അമ്പാരീന്‍ ലിംഗ്‌ദോ പാര്‍ട്ടി വിട്ടു. ഇവര്‍ക്കൊപ്പം ഒരു എംഎല്‍എയും രാജിവച്ചിട്ടുണ്ട്. ഇരുവരും ഭരണകക്ഷിയായ എന്‍പിപിയില്‍ ചേര്‍ന്നേക്കും.

കോണ്‍ഗ്രസിന് മേഘാലയയിലെ ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടു. പാര്‍ട്ടിക്കുള്ളിലെ സമീപകാല സംഭവവികാസങ്ങള്‍ അതിന്റെ ദിശാബോധം നഷ്‌ടപ്പെട്ടുവെന്ന് വിശ്വസിക്കാന്‍ തന്നെ പ്രേരിപ്പിച്ചതായി കത്തില്‍ പറയുന്നു. സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നതോടെ വിവിധ പാര്‍ട്ടികളില്‍ നിന്നും ചുവടുമാറ്റം ദൃശ്യമായിട്ടുണ്ട്. കഴിഞ്ഞ മാസം എന്‍പിപിയിലെ രണ്ട് എംഎല്‍എമാരും തൃണമൂല്‍ കോണ്‍ഗ്രസിലെ ഒരു എംഎല്‍എയും രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു.

Eng­lish Summary:Collective res­ig­na­tion in Telan­gana; Two lead­ers quit Con­gress in Meghalaya
You may also like this video

Exit mobile version