സ്കൂളുകളിലും കോളജുകളിലും ഹോസ്റ്റലുകളിലും മയക്കുമരുന്നിനെതിരെ കർശന ജാഗ്രത വേണമെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ. സംസ്ഥാന ലഹരി വർജന മിഷനായ വിമുക്തിയുടെ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സിന്തറ്റിക് ലഹരി മരുന്നുകളുടെ ഉപയോഗം കേരളത്തിൽ വർധിക്കുകയാണ്.
ഈ അപകടകരമായ സ്ഥിതി മുന്നിൽക്കണ്ടുകൊണ്ടുള്ള ജാഗ്രത സമൂഹം പുലർത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സ്കൂളിനും കോളജിനുമൊപ്പം ജാഗ്രതയോടെയുള്ള പ്രവർത്തനം ഹോസ്റ്റലുകളിലും നടത്തണമെന്ന് മന്ത്രി നിർദേശിച്ചു. കലാലയങ്ങളിലെ ലഹരി വിരുദ്ധ ക്ലബ്ബുകൾ മയക്കുമരുന്ന് സംഘങ്ങളെക്കുറിച്ച് എക്സൈസിന് രഹസ്യവിവരം നൽകുന്ന സംവിധാനമാക്കി മാറ്റാനാകണം.
പ്രായഭേദമില്ലാതെ മയക്കുമരുന്ന് സമൂഹത്തിൽ വ്യാപിക്കുന്നുണ്ട്. സാമൂഹ്യ പിന്നാക്കാവസ്ഥ അനുഭവിക്കുന്ന വിഭാഗങ്ങൾ താമസിക്കുന്ന സങ്കേതങ്ങൾ കേന്ദ്രീകരിച്ചും ബോധവല്കരണം ശക്തമാക്കണം. സംസ്ഥാനത്തെ എല്ലാ തദ്ദേശ വാർഡുകളിലും ജാഗ്രതാ സമിതികൾ രൂപീകരിച്ച് കഴിഞ്ഞിട്ടുണ്ട്. സമിതികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും മന്ത്രി നിർദേശിച്ചു. കായിക‑സാംസ്കാരിക മേഖലയിൽ കൃത്യമായ ലക്ഷ്യം വച്ച് നടക്കുന്ന പദ്ധതികൾ വിപുലീകരിക്കും.
നിലവിൽ നല്ല രീതിയിൽ നടക്കുന്ന സാംസ്കാരിക/ഗ്രന്ഥശാലാ സംഘങ്ങളുടെ ലഹരി വിരുദ്ധ പ്രവർത്തനം കൂടുതൽ ഊർജ്ജ്വസ്വലമാക്കാനും യോഗം തീരുമാനിച്ചു. ലഹരിയിൽ നിന്ന് മോചനം നേടുന്നതിനായുള്ള ഡീ അഡിക്ഷൻ സെന്ററുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി. അലോപ്പതിക്കൊപ്പം ആയുർവേദ- ഹോമിയോ മേഖലകളും നൂതന ചികിത്സാരീതികൾ മുന്നോട്ടുവച്ചിട്ടുണ്ട്.
ഇതെല്ലാം പരിഗണിച്ചുകൊണ്ട് സംയോജിത ചികിത്സാരീതി ഡീ അഡിക്ഷൻ കേന്ദ്രങ്ങളിൽ നടപ്പാക്കാനും എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനിച്ചു. പൊതുഭരണം നികുതിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ, എക്സൈസ് കമ്മിഷണർ എസ് ആനന്ദകൃഷ്‌ണൻ, വിവിധ വകുപ്പുകളിലെ ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
English summary;Colleges need to be vigilant against drugs: Excise Minister
You may also like this video;