Site iconSite icon Janayugom Online

കൊളീജിയം: വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ച് നിയമ മന്ത്രാലയം

colligiumcolligium

ജഡ്ജി നിയമനത്തില്‍ കൊളീജിയം സംവിധാനത്തിനെതിരെ വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ച് കേന്ദ്ര നിയമ മന്ത്രാലയം. സുപ്രീം കോടതിയും ഹെെക്കോടതിയും ഉള്‍പ്പെടുന്ന ഉന്നത ജൂഡീഷ്യറിയിലെ സാമൂഹിക വെെവിധ്യം നിലനിര്‍ത്തുന്നതില്‍ കൊളീജിയം പരാജയപ്പെട്ടെന്നാണ് മന്ത്രാലയം പാര്‍ലമെന്ററി സമിതിയെ അറിയിച്ചത്. ഉന്നത ജുഡീഷ്യറിയിലെ പിന്നാക്ക, ന്യൂനപക്ഷ സമുദായങ്ങളുടെ അസമത്വമായ പ്രാതിനിധ്യം വ്യക്തമാണെന്ന് ബിജെപി രാജ്യസഭാ എംപി സുശീൽ മോഡിയുടെ നേതൃത്വത്തിലുള്ള സമിതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

2018നും 2022നും ഇടയിൽ നിയമിക്കപ്പെട്ട ഹൈക്കോടതി ജഡ്ജിമാരുടെ 537 നിയമനങ്ങളിൽ 424 (79 ശതമാനം) പൊതുവിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു. മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് 57( 11 ശതമാനം), പട്ടികജാതി 15 (2.8 ശതമാനം) പട്ടിക വര്‍ഗം ഏഴ് (1.3 ശതമാനം) എന്നിങ്ങനെയാണ് കണക്കുകള്‍. 20 ജഡ‍്ജിമാരുടെ ജാതി സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലെന്നും മന്ത്രാലയം അറിയിച്ചു. ഭരണഘടനാ കോടതികളിലേക്കുള്ള നിയമന പ്രക്രിയയിൽ സാമൂഹിക വൈവിധ്യത്തിന്റെയും സാമൂഹിക നീതിയുടെയും പ്രശ്‌നം പരിഹരിക്കേണ്ടത് സുപ്രീം കോടതി, ഹെെക്കോടതി കൊളീജിയത്തിന്റെ പ്രാഥമിക ഉത്തരവാദിത്തമാണെന്ന നിലപാടും കേന്ദ്രം റിപ്പോര്‍ട്ടില്‍ ആവര്‍ത്തിച്ചു.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ നിയമമന്ത്രി കിരണ്‍ റിജിജു കൊളീജിയം സംവിധാനത്തിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ സുപ്രീം കോടതി താക്കിത് നല്‍കിയിരുന്നു. കൊളീജിയം സംവിധാനം രാജ്യത്തെ നിയമമാണെന്നും അത് പാലിക്കേണ്ടതാണെന്നും കോടതി കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നതുമാണ്. എന്നാല്‍ , കേസുകളിലെ കാലതാമസത്തിനുള്‍പ്പെടെ കൊളീജിയത്തെ വിമര്‍ശിക്കുന്ന നിലപാടാണ് പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടുകളില്‍ കേന്ദ്രം സ്വീകരിച്ചത്.
കൊളീജിയം സംവിധാനത്തിന് പകരമായി നരേന്ദ്ര മോഡി സർക്കാർ പ്രഖ്യാപിച്ച ദേശീയ ജൂഡീഷ്യല്‍ കമ്മിഷന് സാധുത നേടിയെടുക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ജൂഡീഷ്യല്‍ കമ്മിഷന്‍ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. 

Eng­lish Sum­ma­ry: Col­legium: Law Min­istry repeats criticism

You may also like this video

Exit mobile version