Site iconSite icon Janayugom Online

കൊളംബിയ പ്രസിഡന്റ് തെര‍ഞ്ഞെടുപ്പ്; ആദ്യ ഘട്ടത്തില്‍ ഗുസ്റ്റാവോ പെട്രോയ്ക്ക് മുന്നേറ്റം

കൊളംബിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ഗുസ്റ്റാവോ പെട്രൊയ്ക്ക് മുന്നേറ്റം. 99 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ 40 ശതമാനം വോട്ടുകളോടെയാണ് പെട്രോ ആദ്യഘട്ടത്തില്‍ വിജയിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥിയും വലതുപക്ഷ പോപ്പുലിസ്റ്റ് പ്രതിനിധിയുമായ റോഡോള്‍ഫോ ഹെര്‍ണാണ്ടസിന് 28 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

ജൂണ്‍ 19 ന് നടക്കുന്ന അവസാന ഘട്ട തെരഞ്ഞെടുപ്പില്‍ ഗുസ്റ്റാവോ പെട്രോ, റോഡോള്‍ഫോ ഹെര്‍ണാണ്ടസിനെ നേരിടും. 50 ശതമാനം വോട്ടുകളാണ് ഒരു സ്ഥാനാര്‍ത്ഥിക്ക് ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ആവശ്യമായ കേവല ഭൂരിപക്ഷം.

പോളിങ് പ്രവചനങ്ങളില്‍ രണ്ടാം സ്ഥാനത്തായിരുന്ന വലതുപക്ഷ സഖ്യസ്ഥാനാര്‍ത്ഥിയായ ഫെഡറിക്കോ ഗുട്ടറസിനെ നാല് ശതമാനം വോട്ടുകള്‍ക്കാണ് ഹെര്‍ണാണ്ടസ് പരാജയപ്പെടുത്തിയത്. മെഡെലിൻ മുൻ മേയറായ ഫെഡറിക്കോ ഗുട്ടറസ് ആയിരുന്നു പ്രചാരത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ പെട്രോയുടെ പ്രധാന എതിരാളി. എന്നാല്‍ പ്രവചനങ്ങളെയെല്ലാം തകിടം മറിച്ചുകൊണ്ടാണ് ഹെര്‍ണാണ്ടസ് മുന്നേറിയത്.

പെട്രോയുടെ വിജയത്തോടെ കൊളംബിയയുടെ ആദ്യ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറും. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ ഫ്രാൻസിയ മാർക്വേസ് ഇതിനകം തന്നെ ആദ്യത്തെ കറുത്ത വർഗക്കാരിയായ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.

കൊളംബിയയിലെ വിപ്ലവ സായുധ സേനയുമായുള്ള 2016 ലെ സമാധാന കരാർ പൂർണമായും നടപ്പിലാക്കുമെന്നും ഇപ്പോഴും സജീവമായ നാഷണല്‍ ലിബറേഷന്‍ ആര്‍മിയുമായി സമാധാന ചർച്ചകൾ നടത്തുമെന്നും പെട്രോ പ്രഖ്യാപിച്ചിട്ടുണ്ട്. നികുതി പരിഷ്കരണം ഉൾപ്പെടെ സമ്പദ്‌വ്യവസ്ഥയിലെ പരിഷ്കാരങ്ങളും പെട്രോ മുന്നോട്ടുവച്ചിട്ടുണ്ട്.

Eng­lish summary;Colombian pres­i­den­tial election

You may also like this video;

Exit mobile version