Site iconSite icon Janayugom Online

മോന്‍ വിചാരിച്ചാല്‍ പഞ്ചാംഗവുമെഴുതും !

gunda-mafiagunda-mafia

കുഴിമടിയനായ മകന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന പ്രതിഭയെക്കുറിച്ച് ചില തന്തപ്പടിമാര്‍ അഭിമാനരോമാഞ്ചകഞ്ചുകമണിയാറുണ്ട്. ‘മോന്‍ വിചാരിച്ചാല്‍ അവന്‍ പഞ്ചാംഗംപോലും എഴുതും. പക്ഷേ എന്തു ചെയ്യാന്‍ അവന്‍ വിചാരിക്കേണ്ടേ’ എന്നു നെടുനിശ്വാസം. കഴിഞ്ഞ ദിവസങ്ങളില്‍ നമ്മുടെ പൊലീസ് നടത്തിയ മിന്നുന്ന ഗുണ്ടാവേട്ടകളെക്കുറിച്ച് കേട്ടപ്പോഴാണ് കഥയിലെ മകനെ ഓര്‍ത്തുപോയത്. ഏതാനും ദിവസം മുമ്പ് മൂന്നു ദിവസങ്ങളിലായി 7,600 ഗുണ്ടകളെയാണ് മൂന്നു ജില്ലകളില്‍ നിന്ന് പൊലീസ് പൊക്കിയത്. സംസ്ഥാനത്ത് 3,500ല്‍പരം ഗുണ്ടകളുണ്ടെന്നും അവരില്‍ 1,500 പേര്‍ സജീവരായി അരങ്ങുവാഴുന്നുവെന്നുമാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണക്ക്. ഇതു പൊലീസ് കണക്കെങ്കിലും അതിന്റെ പതിന്മടങ്ങ് ഗുണ്ടകള്‍ നാട്ടില്‍ അഴിഞ്ഞാടുന്നുവെന്ന കണക്ക് നാട്ടുകാരുടെ കിത്താബിലുമുണ്ട്. ഗുണ്ടാപ്പട്ടിക തയാറാക്കി അവരെ വേട്ടയാടുന്ന ഒരേര്‍പ്പാട് ആറേഴുവര്‍ഷം മുമ്പ് നിര്‍ത്തിവച്ചതോടെയായിരുന്നു ഈ ഗുണ്ടാ വിസ്ഫോടനം. അതൊക്കെ അതിന്റെ വഴിയ്ക്കു പോകുമെന്നായപ്പോള്‍ ഗുണ്ടകള്‍ ചില വര്‍ഗീയ കക്ഷികളുടെ തണലിലും തഴച്ചുവളര്‍ന്നു. ഒരു ഗുണ്ടാസംഘം മറ്റൊരു ഗുണ്ടാസംഘത്തലവനെ വെട്ടിക്കൊന്ന ശേഷം കാല്‍ മുറിച്ചെടുത്ത് റോഡിലെറിഞ്ഞ് വിജയഘോഷയാത്ര നടത്തി. കിറ്റെക്സ് സാബുവിന്റെ അന്യസംസ്ഥാന അതിഥി ഗുണ്ടകള്‍ പൊലീസിനെ ആക്രമിച്ചു, ജീപ്പ് കത്തിച്ചു. പിന്നെയങ്ങോട്ട് ഗുണ്ടാതാവളങ്ങളില്‍ റെയ്ഡ്, രാത്രികാല വാഹന പരിശോധന എന്നീ കലാപരിപാടികളായി. നൂറുകണക്കിനു ഗുണ്ടകള്‍ വലയിലുമായി. അതല്ലേ പറഞ്ഞത് പൊലീസ് മോന്‍ വിചാരിച്ചാല്‍ പഞ്ചാംഗമെഴുതുമെന്ന്.

കേരള രാഷ്ട്രീയത്തിലെ ബക്കറ്റ് സ്മരണകളാകെ ക്രോഡീകരിച്ചാല്‍ത്തന്നെ അതൊരു മഹാ ഇതിഹാസമാകും. കക്കൂസും ബക്കറ്റും പിന്നെയും കഥകള്‍ പറയുന്നു. പണ്ട് കോണ്‍ഗ്രസില്‍ സീറ്റുവിഭജന ചര്‍ച്ചകള്‍ നടക്കുന്ന കാലം. കെ കരുണാകരന്‍ മലമൂത്ര വിസര്‍ജ്ജനശങ്കാ ചര്‍ച്ചയ്ക്കിടെ കക്കൂസിലേക്കു പാഞ്ഞു. ഇതുകണ്ട ജി കാര്‍ത്തികേയന്‍ കക്കൂസിലേയ്ക്കുളള പൈപ്പിലെ വാല്‍വ് അടച്ചു. ഗ്രൂപ്പുകളി ഇത്രത്തോളം ക്രൂരമാകരുതെന്ന് കണ്ടുനിന്നവര്‍ പിറുപിറുത്തു. കാര്‍ത്തികേയനാണെങ്കില്‍ ഓടിപ്പിടച്ച് ഒരു വങ്കാളന്‍ ബക്കറ്റില്‍ വെള്ളവുമായി കക്കൂസുവാതുക്കല്‍. കക്കൂസില്‍ വെള്ളമില്ലെന്ന് അകത്തു നിന്നും കരുണാകരന്റെ ആക്രോശം. ലീഡര്‍ ഇതാ വെള്ളം. കരുണാകരന്‍ വാതില്‍ തുറന്നു. ഭയഭക്തിബഹുമാനങ്ങളോടെ കാര്‍ത്തികേയന്‍ വെള്ളം അകത്തേയ്ക്കു വച്ചുകൊടുത്തപ്പോള്‍ കാര്‍ത്തികേയനില്‍ ലീഡര്‍ കണ്ടത് ഒരു ദൈവദൂതനെ. കാര്യമെല്ലാം കഴിഞ്ഞ് ചര്‍ച്ചകളില്‍ വീണ്ടും പങ്കെടുത്ത കരുണാകരന്‍ അതുവരെ കാര്‍ത്തികേയനു സീറ്റു നല്കരുതെന്നു വാദിച്ചിരുന്ന നിലപാടു മാറ്റുന്നു. കാര്‍ത്തികേയന് തിരുവനന്തപുരം നോര്‍ത്തില്‍ സീറ്റു പിടിച്ചു വാങ്ങുന്നു. ബക്കറ്റിലെവെള്ളം കക്കൂസിലും രാഷ്ട്രീയ അട്ടിമറി സൃഷ്ടിക്കുമെന്നുറപ്പ്. പിന്നീടൊരിക്കലും ലീഡര്‍ കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പുത്രശ്രീ കെ മുരളീധരനു സീറ്റു നല്കുന്ന ചര്‍ച്ച നടക്കുമ്പോള്‍ ലീഡറുടെ കക്കൂസ് പ്രവേശനമുണ്ടായി. കക്കൂസില്‍ നിന്നു മടങ്ങിവരുമ്പോള്‍ മകനെ കുടിയിരുത്തി എ കെ ആന്റണിയുടെ പ്രഖ്യാപനം. അടുത്ത കക്കൂസ് ഊഴം ആന്റണിയുടേത്. അദ്ദേഹം അടിവസ്ത്രം ഊരി തോളിലിട്ടു കക്കൂസിലേക്ക് ഒരൊറ്റയോട്ടം. എല്ലാം കഴിഞ്ഞു മടങ്ങുമ്പോള്‍ തന്റെ കക്കൂസ്-ബക്കറ്റ് കളികള്‍ കോണ്‍ഗ്രസിലല്ലാതെ മറ്റേതു ദുനിയാവില്‍ കാണാനാവും! ഈ ബക്കറ്റ് കഥകള്‍ കഴിഞ്ഞിട്ട് വ്യാഴവട്ടങ്ങള്‍‍ പലതായി. എന്നിട്ടും മുരളീധരന്റെയുള്ളില്‍ നിന്ന് ബക്കറ്റ് കഥ പിന്നെയും തികട്ടിത്തികട്ടി വരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വേദിയ്ക്കരികിലെ താല്ക്കാലിക കക്കൂസില്‍ ഒരു ബക്കറ്റ് വെള്ളംപോലും വയ്ക്കാതെ അദ്ദേഹത്തെ അപമാനിച്ചുവെന്ന് മുരളീവിലാപം. രാഷ്ട്രപതിക്ക് ഒരു ബക്കറ്റ് വെള്ളം നല്കാന്‍ കഴിയാത്തവരാണ് കെ റയില്‍ കൊണ്ടുവരുന്നതെന്ന ടിപ്പണിയും! കോണ്‍ഗ്രസിന്റെ ബക്കറ്റ് പുരാണം പോരേ ഒരു മഹാഭാരതമെഴുതാന്‍.

മലയാള ചലച്ചിത്രനഭസിലെ പ്രകാശം ചൊരിയുന്ന നക്ഷത്രമായിരുന്ന ജി കെ പിള്ള കഴിഞ്ഞ ദിവസം തൊണ്ണൂറ്റേഴാം വയസില്‍ വിടചൊല്ലി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. ആറുപതിറ്റാണ്ട് തിരശീലവാണ പ്രതിഭ. പതിമൂന്നുവര്‍ഷം നാവികസേനയില്‍ സേവനമനുഷ്ഠിച്ച അദ്ദേഹത്തിനു പെന്‍ഷന്‍പോലുമില്ലായിരുന്നു. മരണക്കിടക്കയിലായിട്ടും അവസാനം വരെ അദ്ദേഹത്തിന് ഓര്‍മ്മനഷ്ടമുണ്ടായില്ല. സര്‍ക്കാര്‍ തന്റെ ചികിത്സാച്ചെലവു വഹിക്കണമെന്ന് സങ്കടഹര്‍ജി നല്കിയില്ല. സമ്പൂര്‍ണസംസ്ഥാനബഹുമതികളോടെ തന്നെ സംസ്കരിക്കണമെന്നും നിര്‍ദേശിച്ചില്ല. ഇതൊക്കെയാണ് ജി കെ പിള്ളയെന്ന മഹാനുഭാവന്‍ ഒരു മഹാതാരം മാത്രമല്ലെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

Exit mobile version