കൊമേഡിയൻ കപിൽ ശർമയോട് ഒരു കോടി രൂപ ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയ പശ്ചിമ ബംഗാൾ സ്വദേശിയെ മുംബൈ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു.
കുപ്രസിദ്ധ ഗുണ്ടാത്തലവന്മാരായ മോഹിത് ഗൊദാര, ഗോൾഡി ബ്രാർ എന്നിവരുടെ പേരുകൾ ഉപയോഗിച്ചാണ് പ്രതി ദിലീപ് ചൗധരി കപിൽ ശർമക്കെതിരെ ഭീഷണി മുഴക്കിയത്.സെപ്തംബർ 22നും 23നും കപിൽ ശർമക്കെതിരെ ഭീഷണി മുഴക്കിയുള്ള ഏഴു കോളുകളാണ് പ്രതിയുടെ ഫോൺനമ്പറിൽനിന്ന് വന്നത്. പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്ന വിഡിയോ സന്ദേശങ്ങളും പ്രതി അയച്ചിട്ടുണ്ട്. ശർമയെ ഭീഷണിപ്പെടുത്തി മറ്റൊരു നമ്പറിൽനിന്നും ഇയാൾ ഫോൺ ചെയ്തതായി പൊലീസ് പറഞ്ഞു.
പശ്ചിമ ബംഗാളിൽ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കൂടുതൽ അന്വേഷണത്തിനായി മുംബൈയിൽ എത്തിച്ചിട്ടുണ്ട്. പിന്നീട് എസ്പ്ലനേഡ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ സെപ്തംബർ 30 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.പ്രതിക്ക് ഗുണ്ടാസംഘങ്ങളുമായി നേരിട്ട് ബന്ധമുണ്ടോ അതോ ഭീഷണി മുഴക്കാൻ വേണ്ടി മാത്രമായാണോ ഗുണ്ടാത്തലവന്മാരുടെ പേരുകൾ ഉപയോഗിച്ചതെന്നും പൊലീസ് അന്വഷിക്കുന്നുണ്ട്.

