Site iconSite icon Janayugom Online

‘പാകിസ്ഥാനിലെത്തിയാല്‍ വീട്ടിലെത്തിയതു പോലെ’; കോണ്‍ഗ്രസിനെ വെട്ടിലാക്കി സാം പിത്രോദയുടെ വിവാദ പരാമർശം

പാകിസ്ഥാൻ തനിക്ക് വീടുപോലെയാണെന്നും പാക് മണ്ണിലെത്തുമ്പോൾ വീട്ടിലെത്തിയ പ്രതീതിയാണ് അനുഭവപ്പെടുന്നതെന്നും കോൺഗ്രസിൻ്റെ ഓവർസീസ് തലവൻ സാം പിത്രോദ. നടത്തിയ പരാമർശം വൻ രാഷ്ട്രീയ വിവാദമായി. കോൺഗ്രസിൻ്റെ വിദേശനയം ആദ്യം അയൽപക്കത്ത് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പോയപ്പോൾ ഒരിക്കലും ഒരു വിദേശ രാജ്യത്താണെന്ന് തോന്നിയിട്ടില്ലെന്നും, ഈ അയൽ രാജ്യങ്ങൾ എല്ലായ്പ്പോഴും തനിക്ക് “സ്വദേശം പോലെയാണ് തോന്നിയത്” എന്നാണ് പിത്രോദ ഐ എ എൻ എസിന് നൽകിയ അഭിമുഖത്തിൽ അവകാശപ്പെട്ടത്.

പിത്രോദയുടെ വാക്കുകൾ ബിജെപി രാഷ്ട്രീയ ആയുധമാക്കി കഴിഞ്ഞു. പാകിസ്ഥാനോട് കോൺഗ്രസിന് എക്കാലവും ഒരു മൃദു നിലപാടായിരുന്നു എന്നും അത് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണെന്നും ബിജെപി പ്രതികരിച്ചു. കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ബിജെപി നേതാക്കൾ ഉന്നയിക്കുന്നത്. വിവാദ പ്രസ്താവനകളിലൂടെ സാം പിത്രോദ കോൺഗ്രസിനെ വെട്ടിലാക്കുന്നത് ഇത് ആദ്യമായല്ല. ചൈനയോടുള്ള ഇന്ത്യയുടെ സമീപനമാണ് മാറേണ്ടതെന്നായിരുന്നു ഫെബ്രുവരിയിൽ അദ്ദേഹം ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

Exit mobile version