Site iconSite icon Janayugom Online

മോഡിയുടെ ഉപകാരസ്മരണ; 11 ഇഡി ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം

EDED

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ചരിത്രത്തില്‍ ആദ്യമായി 11 ഉദ്യോഗസ്ഥരെ ഒറ്റയടിക്ക് ജോയിന്റ് ഡയറക്ടര്‍മാരാക്കി കേന്ദ്ര സര്‍ക്കാര്‍. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയുള്ള വ്യാജ ആരോപണങ്ങളും തട്ടിക്കൂട്ട് കേസുകളും അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കാണ് മോഡി സര്‍ക്കാര്‍ പ്രത്യുപകാരമൊന്നോണം സ്ഥാനക്കയറ്റം നല്‍കിയത്. ഇത്രയധികം ഉദ്യോഗസ്ഥരെ ജോയിന്റ് ഡയറക്ടര്‍മാരായി നിയമിച്ചത് ഇഡിയുടെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണെന്ന് വകുപ്പിലെ മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
സര്‍വീസ് കാലാവധിയനുസരിച്ച് സ്ഥാനക്കയറ്റം നല്‍കേണ്ട ഒന്നോ, രണ്ടോ ഉദ്യോഗസ്ഥരെ മാത്രമാണ് നേരത്തെ ജോയിന്റ് ഡയറക്ടര്‍മാരായി നിയമിച്ചിരുന്നത്. കളളപ്പണം വെളുപ്പിക്കല്‍ (പിഎംഎല്‍എ), വിദേശ നാണ്യ വിനിമയ ലംഘനം (ഫെമ), സാമ്പത്തിക കുറ്റങ്ങള്‍ (എഫ്ഇഒഎ) തുടങ്ങിയ കേസുകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കാണ് ഉദ്യോഗക്കയറ്റം നല്‍കിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. 

രാജ്യത്തെ 27 മേഖലാ കേന്ദ്രങ്ങളില്‍ നിന്നുള്ള 11 പേരെയാണ് ജോയിന്റ് ഡയറക്ടര്‍മാരാക്കിയത്. ഇഡി വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പുറമെ ഇന്ത്യന്‍ റവന്യു സര്‍വീസിലെ എട്ട് പേരും ഉദ്യോഗക്കയറ്റം ലഭിച്ചവരുടെ പട്ടികയില്‍പ്പെടും.
മോഡി സര്‍ക്കാരിന്റെ ആദ്യഭരണം മൂതല്‍ പ്രതിപക്ഷ നേതാക്കളെയും വിവിധ സന്നദ്ധ സംഘടനകളെയും ലക്ഷ്യമിട്ട് ഇഡി ആരംഭിച്ച വേട്ട രാജ്യമാകെ ചര്‍ച്ചയായിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അടക്കം മന്ത്രിസഭയിലെ പലരെയും കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സൊരേന്‍, ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനെതിരെയുള്ള വര്‍ഷങ്ങള്‍ പഴക്കമുള്ള കേസ് പൊടിതട്ടിയെടുത്ത് വീണ്ടും അന്വേഷണം തുടങ്ങിയവ മോഡി ഭരണത്തിന്റെ അവസാന നാളില്‍ അരങ്ങേറിയ സംഭവങ്ങളായിരുന്നു. 

വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചുവെന്ന് കാട്ടി നിരവധി ക്രിസ്ത്യന്‍ സംഘടനകളുടെ എ‌ഫ‌്സിആര്‍എ രജിസ്ട്രേഷന്‍ റദ്ദാക്കിയതും ഇഡിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരുന്നു. പ്രതിപക്ഷം ഉന്നയിക്കുന്നതുപോലെ അന്വേഷണ ഏജന്‍സികളെ വരുതിയിലാക്കി പ്രതിപക്ഷത്തെ അടിച്ചമര്‍ത്താനും, മാധ്യമ വേട്ട നടത്താനും, സന്നദ്ധ സംഘടനകളുടെ വിദേശ സംഭാവന നിരോധിക്കാനും ഇഡി ഉപകരണമായി മാറിയെന്ന് തെളിയിക്കുന്നതാണ് 11 ഉദ്യോഗസ്ഥരുടെ അസാധാരണ ഉദ്യോഗക്കയറ്റം.

Eng­lish Summary:Commemoration of Modi; 11 ED offi­cers promoted
You may also like this video

Exit mobile version