Site icon Janayugom Online

അജയ്യം,ജൈവീകം പദ്ധതികൾക്ക് ജില്ലയില്‍ തുടക്കം

സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഭരണകൂടത്തിന്റെയും ഓർഫനേജ് കൺട്രോൾ ബോർഡിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന അജയ്യം, ജൈവീകം പദ്ധതികൾ സാമൂഹ്യ നീതി- ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസം നേടിയ ഭിന്നശേഷിക്കാർക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും പ്രതീക്ഷ പകരുന്ന പദ്ധതികളാണ് ഇവയെന്ന് മന്ത്രി പറഞ്ഞു. വിവിധ ഏജൻസികളുടെ പങ്കാളിത്തം ഉറപ്പാക്കി സമഗ്രമായ കാഴ്ച്ചപ്പാടോടെയാണ് ഇവ നടപ്പാക്കുന്നത്. കോവിഡ് പ്രതിസന്ധിയുടെ നാളുകളിൽ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾ നേരിട്ട മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് ജൈവികം പദ്ധതി പ്രയോജനപ്രദമാകും ‑മന്ത്രി ചൂണ്ടിക്കാട്ടി.

ഉന്നത വിദ്യാഭ്യാസം നേടിയ നിർധനരായ ഭിന്നശേഷിക്കാർക്ക് സൗജന്യ പി എസ് സി പരിശീലനം നൽകുന്ന പദ്ധതിയാണ് അജയ്യം. ഹോപ്സ് പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രത്തിന്റെ പങ്കാളിത്തത്തോടെയാണ് ഇത് നടപ്പാക്കുന്നത്. ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കായി കോവിഡ് പ്രതിരോധം, കോവിഡാനന്തര ആയുർവേദ ചികിത്സ, കൗൺസലിംഗ്, തൊഴിൽ പരിശീലനം, മാനസിക ഉല്ലാസ പരിപാടികൾ എന്നിവ ഏർപ്പെടുത്തുന്ന പദ്ധതിയാണ് ജൈവീകം. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, സ്കൂൾ ഓഫ് ലൈഫ് സ്കിൽസ്, ആലപ്പുഴ ജില്ലാ വീൽ ചെയർ യൂസേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റി, കെ എ പി എസ് എന്നിവയുടെയും സാമൂഹ്യ- സാംസ്കാരിക പ്രവർത്തകരുടെയും വിദ്യാർഥികളുടെയും പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ എച്ച് സലാം എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി മുഖ്യാതിഥിയായിരുന്നു. ജില്ലാ കളക്ടർ എ അലക്സാണ്ടർ, സാമൂഹ്യ നീതി വകുപ്പ് അഡീഷണൽ ഡയറക്ടർ എസ് ജലജ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി എസ് താഹ, ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം ഫാ. ജോർജ് ജോഷ്വ എന്നിവർ സംസാരിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ എ ഒ അബീൻ പദ്ധതി വിശദീകരിച്ചു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ഡോ. സി ഡി ലിനി, സോൺ പ്രസിഡന്റ് ഡോ. കെ എസ് വിഷ്ണു നമ്പൂതിരി, ജില്ലാ പ്രസിഡന്റ് ഡോ. എ സൈനുലാബിദീൻ, ഹോപ്സ് ഡയറക്ടർ എ ഡി മഹേഷ്, സിനിമ‑ടിവി താരം മധു പുന്നപ്ര, ഡോ. രാജി, ഡോ. ഐപ് വർഗീസ്, പി എം ഷാജി, പ്രേംസായ് ഹരിദാസ്, പി ജയകുമാർ, ടി ആർ മധു പോൾ തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version