Site icon Janayugom Online

വിലകുറയാതെ  ഗാര്‍ഹിക പാചകവാതകം; വാണിജ്യ പാചക വാതക വില 83.50 രൂപ കുറഞ്ഞു 

 വാണിജ്യ പാചക വാതകത്തിന്റെ വില കുറച്ചു. വാണിജ്യ സിലിണ്ടറിന് 83.50 രൂപയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 1895 രൂപയ്ക്ക് പകരം 1812 രൂപ നല്‍കിയാല്‍ മതി. എന്നാല്‍ ഗാര്‍ഹിക സിലിണ്ടര്‍ കഴിഞ്ഞ മാര്‍ച്ചില്‍ 50 രൂപ കൂട്ടിയശേഷം മാറ്റമില്ലാതെ തുടരുകയാണ്.
എല്ലാ മാസവും  പെട്രോളിയം കമ്പനികള്‍ നിരക്കുകളില്‍ മാറ്റം വരുത്താറുണ്ട്. ആഗോള വിപണിയിലെ എണ്ണ  വിലയിലെ മാറ്റങ്ങളാണ് വിലയില്‍ പ്രതിഫലിക്കുക. ആഗോള വിപണിയില്‍ രണ്ടു ദിവസത്തിനിടെ ആറു ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകള്‍ക്ക് ആശ്വാസമേകുന്ന തീരുമാനമാണെങ്കിലും മൂന്നുമാസമായി ഗാര്‍ഹിക പാചകവാതക വിലയില്‍ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല.
പുതുക്കിയ വില പ്രകാരം 19 കിലോഗ്രാം സിലിണ്ടറിന് ഡല്‍ഹിയില്‍ 1773 രൂപയും കൊല്‍ക്കത്തയില്‍ 1875 രൂപയും മുംബൈയില്‍ 1725 രൂപയും ആകും. ചെന്നൈയില്‍ സിലിണ്ടറിന് 1937 രൂപയാണ് വില. കൊച്ചിയില്‍ വില 1,779.5 രൂപയായി. കഴിഞ്ഞ മാര്‍ച്ചില്‍ 350 രൂപ കൂട്ടിയശേഷം ഏപ്രിലില്‍ 92 രൂപയും മേയില്‍ 171.50 രൂപയും കുറച്ചിരുന്നു. തിരുവനന്തപുരത്ത് 1,800.50 രൂപയും കോഴിക്കോട്ട് 1,812 രൂപയുമാണ് പുതുക്കിയ വില. ഉപയോക്താക്കള്‍ ഇതിന് പുറമേ 18 ശതമാനം ജിഎസ്ടിയും നല്‍കണം. കഴിഞ്ഞ മാസവും വിലയില്‍ കുറവ് വരുത്തിയിരുന്നു. വാണിജ്യ സിലിണ്ടറിന് 171 രൂപ 50 പൈസയാണ് കുറച്ചത്.
വീട്ടാവശ്യത്തിനുള്ള സിലിണ്ടര്‍ (14.9 കിലോഗ്രാം) വില പരിഷ്‌കരിക്കാന്‍ പൊതുമേഖലാ എണ്ണവിതരണക്കമ്പനികള്‍ തയ്യാറായില്ല. കൊച്ചിയില്‍ 1,110 രൂപയും കോഴിക്കോട്ട് 1,111.5 രൂപയും തിരുവനന്തപുരത്ത് 1,112 രൂപയുമാണ് വില.

eng­lish summary;LPG gas prices reduced by Rs.83.50

you may also like this video;

Exit mobile version