Site iconSite icon Janayugom Online

വാണിജ്യ എല്‍പിജി വില 172.5 കൂട്ടി; 14 രൂപ കുറച്ചു

വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില തുടര്‍ച്ചയായി അഞ്ച് മാസം 172.5 രൂപ കൂട്ടിയ ശേഷം ഇന്നലെ 14 രൂപ കുറച്ചു. 19 കിലോയുടെ സിലിണ്ടറിന്റെ വിലയിലാണ് നാമമാത്രമായി കുറവ് വരുത്തിയത്. 1,818.5 രൂപയില്‍ നിന്ന് 1,804 ആയാണ് കേന്ദ്ര സര്‍ക്കാര്‍ കുറച്ചത്. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. വിമാന ഇന്ധന വില 1.54 ശതമാനം കുറച്ചു.

19 കിലോ സിലിണ്ടറിന് മുംബൈയില്‍ 1,756, കൊല്‍ക്കത്ത 1,911, ചെന്നൈ 1,966 എന്നിങ്ങനെയാണ് വില. വാറ്റ്, പ്രാദേശിക നികുതി അനുസരിച്ച് ഓരോ സംസ്ഥാനങ്ങളിലും വില വ്യത്യാസം വരും. ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന പ്രതിമാസ പരിഷ്കരണത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവ വാണിജ്യ പാചകവാതക സിലിണ്ടറിനും ജെറ്റ് ഇന്ധനത്തിനും വിലവര്‍ധന പ്രഖ്യാപിച്ചിരുന്നു. ആഗോള എണ്ണവിലയ‍്ക്കും വിദേശ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകള്‍ക്കും അനുസരിച്ചായിരിക്കും ഇത്. 

Exit mobile version