Site iconSite icon Janayugom Online

റേഷന്‍ വ്യാപാരികളുടെ കമ്മിഷന്‍ വിതരണം ചെയ്തു

റേഷൻ വ്യാപാരികളുടെ ജനുവരി മാസത്തെ കമ്മിഷൻ ഇന്നലെ വിതരണം ചെയ്തതായി ഭക്ഷ്യ മന്ത്രി ജി ആർ അനില്‍ അറിയിച്ചു. ജനുവരി 27ന് റേഷൻ വ്യാപാരികൾ പ്രഖ്യാപിച്ച പണിമുടക്കുമായി ബന്ധപ്പെട്ട് ഭക്ഷ്യമന്ത്രിയും വ്യാപാരി സംഘടനാ നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയിലെ പ്രധാന ആവശ്യമായിരുന്നു എല്ലാ മാസവും പതിനഞ്ചിന് മുമ്പ് കമ്മിഷൻ നൽകുന്നതിന് നടപടി സ്വീകരിക്കണമെന്നത്. മന്ത്രി ഇക്കാര്യം ധനമന്ത്രിയുമായി സംസാരിക്കുകയും വ്യാപാരികൾക്ക് നൽകിയ ഉറപ്പ് പാലിക്കാൻ നടപടി സ്വീകരിച്ചതായി അറിയിക്കുകയുമായിരുന്നു. ജനുവരി മാസത്തെ റേഷൻ വിതരണം വാതിൽപ്പടി വിതരണക്കാരുടെ സമരം മൂലം വൈകുകയും ഈ മാസം ആറു വരെ വിതരണം നീട്ടുകയും ചെയ്തിരുന്നു. എന്നാൽ കാലതാമസമില്ലാതെ 15ന് മുമ്പു തന്നെ വ്യാപാരികൾക്ക് കമ്മിഷൻ നൽകുവാൻ സർക്കാരിന് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. 

Exit mobile version