Site icon Janayugom Online

രാമനവമി ആഘോഷങ്ങളോടനുബന്ധിച്ച് വര്‍ഗീയ ആക്രമണങ്ങള്‍; ഗോഡ്സെയുടെ ചിത്രവുമായി നവമി യാത്ര

രാമനവമി ആഘോഷങ്ങളോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളില്‍ വര്‍ഗീയ ആക്രമണങ്ങള്‍. ഡല്‍ഹി, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്നാട് സംസ്ഥാനങ്ങളില്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഔറംഗാബാദില്‍ ഹിന്ദു, മുസ്ലിം യുവാക്കള്‍ ഏറ്റുമുട്ടിയതിനു പിന്നാലെ 500ലധികം പേരടങ്ങുന്ന ജനക്കൂട്ടം പൊലീസുകാരെ ആക്രമിച്ചു. പ്രശസ്തമായ രാമക്ഷേത്രമുള്ള കിരാദ്പുരയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. ഇരുവിഭാഗത്തിലും പെട്ടവര്‍ മുദ്രാവാക്യം വിളിക്കുകയും പരസ്പരം കല്ലെറിയുകയുമായിരുന്നു.

കിരാദ്പുരയിലെ ഒരു പള്ളിക്ക് പുറത്ത് ചിലര്‍ ഉച്ചത്തില്‍ സംഗീതം വച്ചതാണ് അക്രമത്തിന് കാരണമായതെന്ന് പറയുന്നു. സംഘര്‍ഷത്തില്‍ പൊലീസിന്റേതുള്‍പ്പെടെ ഇരുപതോളം വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. കലാപകാരികളെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. കണ്ണീര്‍ വാതക ഷെല്ലുകളും ഉപയോഗിച്ചു. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തു. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ നാലു പേര്‍ക്ക് പരിക്കേറ്റു.
പശ്ചിമബംഗാളിലെ ഹൗറയില്‍ രാമനവമി ആഘോഷങ്ങള്‍ക്കിടെ വാളുകളും ഹോക്കി സ്റ്റിക്കുകളുമായി ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. സങ്ക്രെയില്‍ വിവേകാനന്ദ സേവാ സംഘത്തിലെ യുവാക്കളാണ് ആയുധങ്ങളുമായി റാലി നടത്തിയത്. ബാങ്കുരിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. പ്രദേശങ്ങളില്‍ വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം വന്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഡൽഹിയിലെ ജഹാംഗീർപുരിയിൽ ഹിന്ദുസംഘടനകള്‍ വിലക്ക് ലംഘിച്ച് രാമനവമി റാലി നടത്തി. ഗുജറാത്തിലെ ഫത്തേപുരയില്‍ രാമനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായതായി ബജ്‍രംഗ്‌ദള്‍ ആരോപിച്ചു.

സംഘര്‍ഷത്തില്‍ ഏതാനും വാഹനങ്ങള്‍ തകര്‍ന്നിട്ടുണ്ട്. കർണാടകയിൽ രാമനവമി ആഘോഷങ്ങളുടെ ഭാഗമായി റായ്ച്ചൂരിലെ ഉസ്മാനിയ മസ്ജിദിനു മുന്നിൽ പ്രകോപനപരമായ ഗാനങ്ങൾ ആലപിച്ച് സംഘര്‍ഷത്തിന് ശ്രമമുണ്ടായി.
ഹൈദരാബാദില്‍ ഗോഡ്സെയുടെ ചിത്രവുമായി രാമനവമി ഘോഷയാത്ര നടന്നു. ബിജെപി എംഎല്‍എ രാജാസിങ്ങിന്റെ നേതൃത്വത്തിലായിരുന്നു റാലി. വിദ്വേഷ പ്രസ്താവനകളുടെ രാഷ്ട്രീയ‑പൊതു യോഗങ്ങളില്‍ പങ്കെടുക്കാന്‍ കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുള്ള രാജാ സിങ് റാലിയില്‍ പ്രസംഗിക്കുകയും ചെയ്തു. തമിഴ്നാട്ടില്‍ മുസ്ലിം സ്ത്രീയോട് ഹിജാബ് മാറ്റാന്‍ ആവശ്യപ്പെട്ട് തടഞ്ഞുവച്ച സംഭവത്തില്‍ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാമനവമി ഘോഷയാത്രയുടെ ഭാഗമായി കഴിഞ്ഞവര്‍ഷവും രാജ്യത്ത് മുസ്‍ലിങ്ങൾക്കെതിരെ വന്‍തോതില്‍ ആക്രമണങ്ങളുണ്ടായിരുന്നു.

Eng­lish Sum­ma­ry: Com­mu­nal attacks dur­ing Ram Nava­mi celebrations
You may also like this video

Exit mobile version