Site iconSite icon Janayugom Online

തെരഞ്ഞെടുപ്പ് ആയുധമായി സാമുദായിക ധ്രുവീകരണം

ടുത്ത വര്‍ഷം രാജ്യത്ത് ഏഴ് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കേണ്ടതാണ്. 2022 ഫെബ്രുവരി, മാര്‍ച്ച് മാസത്തില്‍ ഗോവ, മണിപ്പൂര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളാണ് പുതിയ നിയമസഭയെ തെരഞ്ഞെടുക്കേണ്ടത്. നവംബറില്‍ ഹിമാചല്‍പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക.

ഈ എല്ലാ തെരഞ്ഞെടുപ്പുകളും രാജ്യം ഭരിക്കുന്ന ബിജെപിയെ സംബന്ധിച്ച് പ്രാധാന്യമേറിയതും നിര്‍ണായകവുമാണ്. ഏഴില്‍ അഞ്ചും ബിജെപിയും ഒന്ന് ബിജെപിയും സഖ്യ കക്ഷികളുമാണ് ഭരിക്കുന്നത് എന്നതാണ് ഒരു കാരണം. ഫെബ്രുവരി, മാര്‍ച്ച് മാസത്തില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ട പഞ്ചാബ് കോണ്‍ഗ്രസാണ് ഭരിക്കുന്നതെങ്കിലും അവിടത്തെ തെരഞ്ഞെടുപ്പും ബിജെപിയെ സംബന്ധിച്ച് നിര്‍ണായകമാകുന്നുണ്ട്. എല്ലാ തെരഞ്ഞെടുപ്പുകളെയും നിര്‍ണായകമാക്കുന്ന കര്‍ഷക പ്രക്ഷോഭം ആരംഭിച്ച സംസ്ഥാനമെന്ന നിലയിലാണ് പഞ്ചാബിലേത് ബിജെപിക്ക് ജീവന്മരണ പോരാട്ടമാകുന്നത്. ഇത് കൃത്യമായി അറിയാവുന്നതുകൊണ്ട് അവര്‍ മതങ്ങളെയും ദൈവങ്ങളെയും കൂടുതലായി കൊണ്ടാടിത്തുടങ്ങിയിരിക്കുന്നു.

ജനവിരുദ്ധ നയങ്ങള്‍ക്കെതിരായി ഉയര്‍ന്നുവന്ന — പ്രത്യേകിച്ച് കര്‍ഷകരുടെ ഇടയില്‍നിന്ന് ‑ബഹുജന പ്രക്ഷോഭത്തിന്റെ അനുരണനങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ സംഭവിക്കുമെന്നത് സ്വാഭാവികമായും ബിജെപി ഭയക്കുന്നുണ്ട്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തുണച്ച ഉത്തര്‍പ്രദേശിന്റെ പടിഞ്ഞാറന്‍മേഖല കര്‍ഷക പ്രക്ഷോഭത്തോടൊപ്പം ഉറച്ചുനിന്നതും ലഖിംപുര്‍ഖേരിയിലെ കര്‍ഷക വേട്ട ബിജെപി വിരുദ്ധവികാരത്തില്‍ എണ്ണയൊഴിച്ചതും അവരെ വല്ലാതെ വിയര്‍പ്പിക്കുന്നു. സുസ്ഥിരമായൊരു പ്രതിപക്ഷ ഐക്യംരൂപപ്പെടുക കൂടിചെയ്താല്‍ നിയമസഭയില്‍ മാത്രമല്ല 2024ലെ ലോക്‌സഭയിലും യുപി കൈവിട്ടുപോകുമെന്ന ആശങ്ക ദിനംപ്രതി കൂട്ടുന്നു. ഒന്നാം കോവിഡ് തരംഗക്കാലത്ത് മറച്ചുവയ്ക്കപ്പെട്ട ആദിത്യനാഥ് സര്‍ക്കാരിന്റെ വീഴ്ചകളത്രയും രണ്ടാം തരംഗകാലത്ത് പുറത്തായതും ബിജെപിയുടെ ചങ്കിടിപ്പ് വര്‍ധിപ്പിക്കുന്നു.

 


 ഇതുകൂടി വായിക്കൂ: ഉപതെരഞ്ഞെടുപ്പ് ഫലം; ആകുലതകളുമായി ബിജെപി എക്സിക്യുട്ടീവ് പിരിഞ്ഞു


 

അടുത്ത വര്‍ഷം ഡിസംബറില്‍ വോട്ടെടുപ്പ് നടക്കേണ്ട, നരേന്ദ്രമോഡിയുടെയും അമിത്ഷായുടെയും ഗുജറാത്തിലും കാര്യങ്ങള്‍ അത്ര പന്തിയല്ല. അത് മുന്നില്‍കണ്ടും പാര്‍ട്ടിക്കകത്തെ വിഭാഗീയകാരണവുമാണ് ഒന്നേകാല്‍വര്‍ഷം ബാക്കി നില്ക്കേ മുഖ്യമന്ത്രി വിജയ്റുപാനിയെ മാറ്റി ഭുപേന്ദ്ര ഭായ് പട്ടേലിനെ പകരക്കാരനാക്കിയത്. വിഭാഗീയതയും ഭരണ പരാജയവുംകാരണം ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിയെ മാറ്റിയുള്ള പരീക്ഷണത്തിന് ബിജെപി നിര്‍ബന്ധിതമായി. മൂന്നാമതെത്തിയ പുഷ്കര്‍ സിങ് ദാമിയാണ് ഇപ്പോള്‍ മുഖ്യമന്ത്രി. ഗോവ, മണിപ്പൂര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലും വെല്ലുവിളികള്‍തന്നെയാണ് ബിജെപിക്ക് മുന്നിലുള്ളത്. ഒക്ടോബര്‍ 30 ന് നടന്ന ഉപ തെരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടിയാണ് ബിജെപിക്ക് നേരിടേണ്ടിവന്നത്. പ്രത്യേകിച്ച് ഭരണത്തിലുള്ള ഹിമാചല്‍പ്രദേശില്‍.

ഈ തിരിച്ചടി തിരിച്ചറിഞ്ഞതുകൊണ്ടാണ് ഭീമമായി ഉയര്‍ത്തിയ ഇന്ധന നികുതിയില്‍ നേരിയ കുറവ് വരുത്തുന്നതുപോലുള്ള കണ്‍കെട്ട് വിദ്യകള്‍ക്ക് ബിജെപി തുനിയുന്നത്. ദേശാഭിമാനബോധത്തിന്റെ പട്ടാളക്കുപ്പായവുമിട്ട് മോഡി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതായി കൊട്ടിഘോഷ പ്രചരണം നടത്തുന്നത്. ഇതിനെല്ലാമപ്പുറം അവര്‍ ഇനി അമ്പലങ്ങളെയും ദൈവങ്ങളെയും വല്ലാതെ കൊണ്ടാടും. സാമുദായിക ധ്രുവീകരണത്തിനുള്ള എല്ലാ ശ്രമങ്ങളും തകൃതിയായി നടത്തുമെന്നതിന്റെയും സൂചനകള്‍ രാജ്യത്തിന്റെ പല കോണുകളിലും കണ്ടുതുടങ്ങിയിട്ടുണ്ട്.

 


 ഇതുകൂടി വായിക്കൂ: ബംഗാളിലെ പരാജയം; ബിജെപിക്ക് മുന്നില്‍കടമ്പകളേറെ


 

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ഇതിലൊന്നായിരുന്നു. നേരത്തേ സര്‍ക്കാര്‍ പണം ചെലവഴിച്ചിരുന്നത് ഖബറിസ്ഥാനുകള്‍ നിര്‍മ്മിക്കുന്നതിനായിരുന്നുവെന്നും ഇപ്പോള്‍ അത് ക്ഷേത്രങ്ങള്‍ പണിയുന്നതിനാണ് എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണമാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നായി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ തന്നെ പ്രചരിപ്പിക്കപ്പെടുന്നതെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. 2017ലെ തെരഞ്ഞെടുപ്പില്‍ ഹിന്ദുക്കള്‍ ഭീതിയിലാണെന്ന് പറഞ്ഞ് മുസ്‌ലിംവിരുദ്ധ പ്രചരണായുധമാക്കിയ കൈരാന സന്ദര്‍ശിച്ചുകൊണ്ട് ആ സംഭവം വീണ്ടും ഉപയോഗിക്കുവാന്‍ പോകുന്നുവെന്ന സന്ദേശവും ആദിത്യനാഥ് നല്കിക്കഴിഞ്ഞിട്ടുണ്ട്. ഭരണനേട്ടങ്ങളല്ല, വര്‍ഗീയപ്രീണനവും സാമുദായിക ധ്രുവീകരണവും തന്നെയാണ് മുഖ്യ അജണ്ടയെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു.

ഒരുമാസത്തിനിടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഹൈന്ദവതയെ പ്രോത്സാഹിപ്പിക്കുകയും ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തി നേരിടുകയും ചെയ്യുന്ന സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ടത് ഇതിന്റെ ഭാഗമാണെന്നതില്‍ സംശയമില്ല.

ഹരിയാനയിലെ ഗുരുഗ്രാമില്‍ വര്‍ഷങ്ങളായി സര്‍ക്കാര്‍ അനുമതിയോടെ മുസ്‌ലിങ്ങള്‍ വെള്ളിയാഴ്ച നമസ്കാരം നടത്തുന്ന പ്രദേശങ്ങളില്‍ അതിനുള്ള അനുമതി റദ്ദാക്കി. പ്രദേശവാസികളുടെ എതിര്‍പ്പ് ഉയര്‍ന്നുവെന്ന പേരു പറഞ്ഞാണ് ജില്ലാ ഭരണാധികാരികള്‍ അനുമതി റദ്ദാക്കിയത്. യഥാര്‍ത്ഥത്തില്‍ സംഘപരിവാര്‍ സംഘടനകളില്‍പ്പെട്ടവരായിരുന്നു പ്രകോപനത്തിന് പിന്നില്‍. പ്രാര്‍ത്ഥനയ്ക്കെത്തിയവര്‍ക്കുനേരെ പ്രതിഷേധം നടത്തിയതിന് 30 ഹിന്ദുസംഘടനാ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 2018ലാണ് ഈ സ്ഥലങ്ങളില്‍ നമസ്കാരത്തിന് അനുമതി നല്കിയത്.

 


 ഇതുകൂടി വായിക്കൂ: ശ്മശാനത്തിലും വര്‍ഗ്ഗീയത പറഞ്ഞ് ബിജെപി


 

ബിജെപി ഭരിക്കുന്ന ത്രിപുരയിലും ന്യൂനപക്ഷങ്ങള്‍ക്കുനേരെ ദീപാവലിയുടെയും ദുര്‍ഗാപൂജയുടെയും പേരില്‍ വന്‍ അക്രമങ്ങളാണ് അഴിച്ചുവിട്ടത്. ബംഗ്ലാദേശില്‍നടന്ന സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചെന്ന പേരില്‍ നടത്തിയ പ്രകടനത്തിനിടയിലും ന്യൂനപക്ഷ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ആക്രമിക്കപ്പെട്ടു. വിശ്വഹിന്ദു പരിഷത്തിന്റെ പേരില്‍ ജയ്ശ്രീറാം വിളികളുമായെത്തിയവരാണ് അക്രമം നടത്തിയതെന്ന് പ്രദേശവാസികള്‍ പറയുന്നുണ്ട്. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയുണ്ടായി. എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം വസ്തുതാന്വേഷണം നടത്തിയ അഭിഭാഷകര്‍ക്കും അക്രമം സംബന്ധിച്ച വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കുമെതിരെ യുഎപിഎ പോലുള്ള ഗുരുതരമായ കുറ്റം ചുമത്തുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തത്.

ഡല്‍ഹിയില്‍ ബിജെപി നേതാവ് കപില്‍ മിശ്രയുടെ സാന്നിധ്യത്തിലാണ് നമസ്കാരത്തിനെതിരെ പൊതുസ്ഥലത്ത് ഗോവര്‍ധന്‍ പൂജ നടത്തിയത്. ഇവിടെ ഹിന്ദുക്കളുടെ ശത്രുക്കളെ വെടിവച്ചുകൊല്ലുക എന്ന മുദ്രാവാക്യവും മുഴങ്ങി. തീവ്ര വലതുപക്ഷ ആത്മീയ നേതാവായ നര്‍സിംഹാനന്ദയുടെ അനുയായി സുരേഷ് രജ്പുത് ഡല്‍ഹി മുഖ്യമന്ത്രി കെജ്‌‌രിവാളിനും മുസ്‌ലിം വനിതകള്‍ക്കുമെതിരെ നടത്തിയ പ്രകോപനപരമായ പ്രസംഗം വിവാദമായതിനെ തുടര്‍ന്ന് നീക്കം ചെയ്യുകയായിരുന്നു. ബുള്ളറ്റുകള്‍കൊണ്ട് നിറയ്ക്കുമെന്നായിരുന്നു കെജ്‌രിവാളിനെതിരായ ഭീഷണി. മുസ്‌ലിം സ്ത്രീകള്‍ക്കെതിരെ എഴുതാന്‍ പറ്റാത്ത വാചകങ്ങളിലായിരുന്നു പരാമര്‍ശമെന്നാണ് വീഡിയോ ശ്രവിച്ച ചില മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തയിലുള്ളത്. മാസങ്ങള്‍ക്ക് മുമ്പ് ഹിന്ദുരക്ഷാ ദള്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ സുഖദേവും സമാന പോസ്റ്റ് നടത്തിയിരുന്നു.

 


 ഇതുകൂടി വായിക്കൂ: ഉപതെരഞ്ഞെടുപ്പിലെ കനത്ത പരാജയം; ബിജെപി നേതൃത്വം പ്രതിസന്ധിയില്‍


 

അടുത്ത വര്‍ഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവ, മണിപ്പൂര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളും ബിജെപിയെ സംബന്ധിച്ച് രാഷ്ട്രീയ അഭിമാനപ്രശ്നമാണ്. നാലിടങ്ങള്‍ തങ്ങള്‍ ഭരിക്കുന്നുവെന്നതും കര്‍ഷക പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായ പഞ്ചാബില്‍ ജയിക്കുക എന്നതുംകൊണ്ട്. അതിനാല്‍തന്നെ അങ്ങേയറ്റംവരെ പോകുവാനും ബിജെപിയും സംഘപരിവാരവും സന്നദ്ധമാകുമെന്നാണ് സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്. വികസനവും പുരോഗതിയും അജണ്ടയ്ക്ക് പുറത്തുകടക്കുകയും സാമുദായികധ്രുവീകരണ ശ്രമങ്ങളും ദേശാഭിമാനബോധ പ്രചോദനവും മുഖ്യസ്ഥാനം നേടുകയും ചെയ്യുന്നത് അതുകൊണ്ടാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിതന്നെ അതിന്റെ കാര്‍മികനാകുന്നതും നാം കാണുന്നുണ്ട്. കേദാര്‍നാഥിലെ മോഡിയുടെ പ്രാര്‍ത്ഥനയും ശ്രീശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനവും വലിയ വാര്‍ത്താപ്രാധാന്യം നേടുന്നത് അതിനാലാണ്. ഈ പശ്ചാത്തലത്തില്‍ അയോധ്യ ക്ഷേത്രത്തിന്റെ പേരില്‍ ഒരു കര്‍സേവാഹ്വാനമോ രഥയാത്രാപ്രഖ്യാപനമോ ഉണ്ടായാലും അത്ഭുതപ്പെടാനില്ല.

Exit mobile version