Site icon Janayugom Online

വാരാണസിയിലെ വര്‍ഗീയ പോസ്റ്റര്‍; പൊലീസ് കേസെടുത്തു

poster

ശക്തമായ പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്ന് വാരാണസിയില്‍ വര്‍ഗീയ വിഭജനം ലക്ഷ്യമിട്ട് പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വിശ്വ ഹിന്ദു പരിഷത്ത്, ബജ്‌രംഗ്‌ദള്‍ കാശി എന്നീ സംഘടനകളുടെ അംഗങ്ങള്‍ക്കെതിരെയാണ് കേസ്.

വാരാണസിയിലെ ഗംഗാനദിയുടെ തീരങ്ങളില്‍ അഹിന്ദുക്കള്‍ പ്രവേശിക്കരുതെന്നാണ് പോസ്റ്ററുകളിലുണ്ടായിരുന്നത്. പോസ്റ്ററുകള്‍ ബിജെപി നേതാക്കളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഇത് അഭ്യര്‍ത്ഥനയല്ല, മുന്നറിയിപ്പാണ് എന്നും പോസ്റ്ററുകളിലുണ്ട്.

നിയമവിരുദ്ധമായതും വര്‍ഗീയ വിഭജനം സൃഷ്ടിക്കുന്നതും വിദ്വേഷം പ്രചരിപ്പിക്കുന്നതുമായ പോസ്റ്ററുകള്‍ക്കെതിരെ സമൂഹത്തില്‍ നിന്ന് ശക്തമായ പ്രതിഷേധമുയരുകയും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സമാധാനപരമായ സമരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തതോടെയാണ് നാല് ദിവസത്തിനുശേഷം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

യുപിയില്‍ 403 സീറ്റുകളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി പത്ത് മുതല്‍ മാര്‍ച്ച് ഏഴ് വരെയാണ് നടക്കുന്നത്. ഹിന്ദു-മുസ്‌ലിം വിഭജനത്തിലൂടെ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നു.

Eng­lish Sum­ma­ry: Com­mu­nal poster in Varanasi; Police have reg­is­tered a case

You may like this video also

Exit mobile version