Site iconSite icon Janayugom Online

എല്ലാ സീമകളും കടന്ന് വര്‍ഗീയ പ്രചരണം

നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ചരിത്രാതീത കാലം മുതല്‍ തന്നെ വിവിധ ഗോത്രങ്ങളും സംസ്കാരങ്ങളും ഭാഷകളും ഉള്ള എണ്ണമറ്റ ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന പ്രദേശമാണെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പുള്ള കാലഘട്ടത്തില്‍ ഇന്ത്യ അനേകം നാട്ടുരാജ്യങ്ങളായും ബ്രിട്ടീഷുകാര്‍ നേരിട്ട് ഭരിക്കുന്ന പ്രവിശ്യകളായും വേര്‍തിരിഞ്ഞുകിടന്നു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കകാലം മുതല്‍ ആരംഭിച്ച വിദേശഭരണത്തോടുള്ള ചെറുത്തുനില്പുകള്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ വിവിധ വര്‍ഗങ്ങള്‍, ഗോത്രങ്ങള്‍, ഭാഷകള്‍, സംസ്കാരങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ജനങ്ങളാകെ സ്വാതന്ത്ര്യസമരത്തിന്റെ ധാരയിലേക്ക് ഒന്നിച്ചൊന്നായി ഇഴുകിച്ചേര്‍ന്നു. ഒരൊറ്റ ജനതയായി പൊരുതി സ്വാതന്ത്ര്യം നേടി. 

സ്വാതന്ത്ര്യ സമരകാലഘട്ടത്തിലെ സാംസ്കാരിക, സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഇന്ത്യന്‍ സാഹിത്യത്തിന്റെ കുലപതിയായ മുന്‍ഷി പ്രേംചന്ദ് ഉള്‍പ്പെടെ ഇടതുപക്ഷ ആശയങ്ങളോട് പ്രതിബദ്ധതയുള്ള എഴുത്തുകാരും കലാസാംസ്കാരിക പ്രവര്‍ത്തകരുമായിരുന്നു. സ്വതന്ത്രപൂര്‍വ ഇന്ത്യയില്‍ സാംസ്കാരികമായ ഏകീകരണത്തിന് ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്‍ (ഇപ്റ്റ), പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്‍ (പിഡബ്ല്യുഎ) ഉള്‍പ്പെടെ അനേകം ഇടതുപക്ഷ സാഹിത്യ‑കലാസാംസ്കാരിക സംഘങ്ങള്‍ നല്‍കിയ സംഭാവന ഏറെ മഹത്തരമാണ്. കേരളത്തില്‍ ജീവല്‍സാഹിത്യ പ്രസ്ഥാനം ആരംഭിക്കുന്നത് പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്റെ മാതൃക പിന്തുടര്‍ന്നാണ്. ഇന്നും സജീവമായി സാഹിത്യ, സിനിമ, കലാപ്രവര്‍ത്തനം നടത്തുന്ന പൊന്നീലന്‍ മുതല്‍ ഗുല്‍സാര്‍ വരെയുള്ളവര്‍ പിഡബ്ല്യുഎ അംഗങ്ങളാണ്. 

സ്വാതന്ത്ര്യലബ്ധിക്കുശേഷം, 1991ല്‍ നരസിംഹ റാവു അധികാരത്തില്‍ വരുന്നതുവരെ ഭരണം നടത്തിയിരുന്ന വിവിധ സര്‍ക്കാരുകള്‍, ദേശീയോദ്ഗ്രഥനത്തിന് പ്രാധാന്യം നല്‍കിയിരുന്നു. നരസിംഹറാവു സര്‍ക്കാരിന് ബാബറി മസ്ജിദ് തകര്‍ന്നതുള്‍പ്പെടെയുള്ള വര്‍ഗീയ ധ്രുവീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ചെറുക്കാനായില്ല. റാവു സര്‍ക്കാരിനെ പിന്തുടര്‍ന്ന് അടല്‍ ബിഹാരി വാജ്പേയി നയിച്ച ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. റാവു സര്‍ക്കാരിന്റെ കാലത്ത് എല്‍ കെ അഡ്വാനിയുടെ നേതൃത്വത്തില്‍ ബിജെപി നടത്തിയ അയോധ്യയിലേക്കുള്ള രഥയാത്രയില്‍ തുടങ്ങിയ വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ 2014ല്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ശക്തമായി. 

2014ല്‍ വികസന വിഷയങ്ങളും തൊഴിലില്ലായ്മയും കേന്ദ്രീകരിച്ച് ഇടതുപക്ഷമുയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ഫലപ്രദമായി കോപ്പിയടിച്ച് പ്രചരണം നടത്തി അധികാരത്തില്‍ വന്ന മോഡി 2019, 24 പൊതുതെരഞ്ഞെടുപ്പുകളില്‍ ഒരു പ്രധാനമന്ത്രിക്ക് ഒട്ടും ഭൂഷണമല്ലാത്ത തരത്തില്‍ വര്‍ഗീയത പ്രസംഗിച്ചു. പ്രതിപക്ഷം അധികാരത്തില്‍ വന്നാല്‍ നികുതിവിഹിതം ന്യൂനപക്ഷങ്ങള്‍ക്കായി ഉപയോഗിക്കാമെന്നുവരെ പറഞ്ഞുവച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷവും വെറുപ്പം നിറഞ്ഞ പരമാര്‍ശങ്ങളോടെ ബിജെപിയുടെ നേതാക്കളും സാമാജികരും രംഗത്ത് വന്നു. 2014ന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ജനങ്ങളെ വര്‍ഗീയമായും വംശീയമായും ഭാഷാപരമായുമൊക്കെ ഭിന്നിപ്പിക്കുവാനുള്ള തീവ്രശ്രമം നടന്നു. ഒരു പരിധിവരെ അത് വിജയിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി സംഭവിക്കുന്നത് ഒരു നൂറ്റാണ്ടിലേറെ ഇന്ത്യയില്‍ സ്വാതന്ത്ര്യ സമരത്തിന് സമാന്തരമായി നടന്ന ബഹുസ്വരതയ്ക്കും ഐക്യത്തിനുംവേണ്ടിയുള്ള നിരന്തരമായ സഫലമായ പ്രവര്‍ത്തനങ്ങള്‍ വലിയ രീതിയില്‍ പിറകോട്ടു പോയി എന്നതാണ്. ദേശീയോദ്ഗ്രഥനം മൂലം സംജാതമായ ദേശീയ ഐക്യം, സാംസ്കാരിക സമന്വയം, മതനിരപേക്ഷത മുതലായ ഉന്നത മൂല്യങ്ങള്‍ക്ക് സാരമായ ക്ഷതം സംഭവിച്ചു.

ഇപ്പോള്‍ ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പും കേരളത്തിലുള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകളും നടക്കുന്ന സാഹചര്യത്തില്‍ വീണ്ടും വെറുപ്പിന്റെ മുദ്രാവാക്യങ്ങളുമായി മോഡിയും അമിത് ഷായും ജെ പി നഡ്ഡയുമൊക്കെ രംഗത്തുവരികയാണ്. കേരളത്തിലെ ഒരു പാര്‍ലമെന്റംഗമായ സുരേഷ് ഗോപി വഖഫ് ബോര്‍ഡിനെതിരെ നികൃഷ്ടമായ പരാമര്‍ശങ്ങളും ഭീഷണിയും ഉയര്‍ത്തിയിരിക്കുകയാണ്. കോടതിയുടെ പരിഗണനയിലുള്ള നിലവിലുള്ള ഒരു സിവില്‍ കോഡിനെക്കുറിച്ചാണ് സുരേഷ് ഗോപി ഇത്തരം പരാമര്‍ശം നടത്തിയത് എന്നത് കാര്യത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. സുരേഷ് ഗോപിയോടൊപ്പം മറ്റ് ബിജെപി നേതാക്കളും ഇത്തരം പ്രസ്താവനകള്‍ മറയില്ലാതെ നടത്തുന്നു.

2019ലെ തെരഞ്ഞെടുപ്പു കാലം മുതല്‍ മോഡിയും ബിജെപി നേതാക്കളും നടത്തുന്ന വിദ്വേഷ പ്രസ്താവനകളെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ പരാതികളിലൊന്നും നാളിതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. ഇപ്പോഴും പരസ്യമായി ബിജെപി നേതാക്കള്‍ നടത്തുന്ന മാതൃകാപെരുമാറ്റച്ചട്ടത്തിന്റെയും 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെയും ലംഘനങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പൂര്‍ണമായും അവഗണിക്കുകയാണ്. 

ജനാധിപത്യ ശക്തികള്‍ വീണ്ടും ശക്തിപ്രാപിക്കേണ്ടതും അധികാരത്തില്‍ തിരിച്ചുവരേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്. ജനപക്ഷ നയങ്ങള്‍ക്ക് രൂപം നല്‍കുവാനും അവ നടപ്പില്‍ വരുത്തുവാനും ശക്തമായ ഇടതുപക്ഷ സാന്നിധ്യം നിയമസഭകളിലും പാര്‍ലമെന്റിലും ഉണ്ടാവണം. ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും വ്യവസായ, അസംഘടിത തൊഴിലാളികളുമടങ്ങുന്ന ജനതയുടെ ഉന്നമനത്തിന് ഇടതുപക്ഷം വിജയിച്ചേ തീരൂ.

Exit mobile version