നവോത്ഥാന കേരളത്തിന്റെ കണ്ണാടിയാണ് ശ്രീനാരായണ ഗുരുദര്‍ശനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീനാരായണ ഗുരു ജയന്തി ആശംസകള്‍ നേര്‍ന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഗുരുവിന്റേതുള്‍പ്പെടെയുള്ള നവോത്ഥാന ചിന്തകള്‍ ഉഴുതുമറിച്ച കേരളത്തില്‍ അതിന് തുടര്‍ച്ച നല്‍കിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാന്‍ ഇനിയും ബഹുദൂരം പോകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.‘ജാതി മത ചിന്തകളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കൊടികുത്തിവാണ സമൂഹത്തില്‍ നവോത്ഥാനത്തിന്റെ വെട്ടം വിതറിയ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമാണ് ഇന്ന്.
സംഘടിച്ച് ശക്തരാകുവാനും വിദ്യകൊണ്ട് പ്രബുദ്ധരാകുവാനുമാണ് ഗുരു ആഹ്വാനം ചെയ്തത്. ആ ഇടപെടലുകളും ദര്‍ശനവും സമൂഹത്തിലാകെ അനുരണനം സൃഷ്ടിച്ചു.സവര്‍ണ്ണ മേല്‍ക്കോയ്മായുക്തികളെ ചോദ്യം ചെയ്താണ് ഗുരു സാമൂഹ്യ പരിഷ്‌ക്കരണ പോരാട്ടങ്ങള്‍ക്ക് തുടക്കമിട്ടത്. നവോത്ഥാന കേരളത്തിന്റെ കണ്ണാടിയാണ് ഗുരുദര്‍ശനം.ഗുരുവിന്റേതുള്‍പ്പെടെയുള്ള നവോത്ഥാന ചിന്തകള്‍ ഉഴുതുമറിച്ച കേരളത്തില്‍ അതിന് തുടര്‍ച്ച നല്‍കിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. കേരളത്തിന്റെ യശസ്സിന്റെയും ഉന്നതിയുടെയും അടിത്തറ ആ തുടര്‍ച്ചയിലാണ്.
നമ്മുടെ പ്രയാണം ഇനിയും മുന്നേറേണ്ടതുണ്ട്.ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാന്‍ ഇനിയും ബഹുദൂരം പോകണം. ആ വഴിയില്‍ വര്‍ഗ്ഗീയതയും ജാതീയതയും വിദ്വേഷരാഷ്ട്രീയവും വെല്ലുവിളികളായി നിലനില്‍ക്കുന്നു. ഈ വെല്ലുവിളികളെ മറികടന്ന് മുന്നേറാന്‍ നമുക്ക് കഴിയണം. മാനവിക ഐക്യത്തെ ശിഥിലീകരിക്കാന്‍ സങ്കുചിത താല്പര്യങ്ങളെ അനുവദിച്ചുകൂടാ. ഗുരു ചിന്തയും ഗുരുവിന്റെ പോരാട്ട ചരിതവും നമുക്ക് വറ്റാത്ത ഊര്‍ജമാണ്,’ മുഖ്യമന്ത്രി പറഞ്ഞു.
English Summary: Communist movement gave continuity to revivalist thinking including Sree Narayana Guru’s in Kerala: Chief Minister
You may also like this video: