കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിയമവിരുദ്ധമായിരുന്ന സന്ദര്‍ഭത്തില്‍ ഓരോ പ്രവര്‍ത്തകന്റെയും ചുമതലയാണ് ഒരിക്കലും പൊലീസിന്റെ കസ്റ്റഡിയില്‍ പെടാതിരിക്കാന്‍ ശ്രമിക്കണമെന്നുള്ളത്. അതേയവസരത്തില്‍ മേല്‍ഘടകങ്ങളുടെ തീരുമാനങ്ങള്‍ കീഴ്ഘടകങ്ങളില്‍ വിശദീകരിച്ചുകൊടുക്കുകയും പാര്‍ട്ടി തീരുമാനം അനുസരിച്ച് ബഹുജനസംഘടനകള്‍ വഴി പ്രക്ഷോഭങ്ങളും സമരങ്ങളും സംഘടിപ്പിക്കുകയും നയിക്കുകയും ചെയ്യേണ്ട കടമ നിറവേറ്റുകയും വേണം.
ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അറസ്റ്റു ചെയ്യപ്പെടാതിരിക്കാന്‍ പരമാവധി പരിശ്രമിക്കുക എന്നുള്ളത് ഒരു പ്രധാന ലക്ഷ്യമാണ്. എന്നാല്‍, ഏതെങ്കിലും തരത്തില്‍ പിടിക്കപ്പെടുകയാണെങ്കില്‍ കഴിയാവുന്നതും രഹസ്യരേഖകളൊന്നും പൊലീസിനു കൊടുക്കാതിരിക്കണം. സര്‍വോപരി മറ്റൊരാളെ താന്‍മൂലം അറസ്റ്റ് ചെയ്യാതിരിക്കണമെന്നുള്ളതാണ് പാര്‍ട്ടിയുടെ നിര്‍ദ്ദേശം.
രണ്ടാം ലോകമഹായുദ്ധം നടന്നുകൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ ഒളിവില്‍ താമസിച്ചിരുന്ന വീട്ടില്‍വച്ച് (കോഴിക്കോട്) ഞാന്‍ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. പലപ്പോഴും രഹസ്യമായി താമസിച്ചിരുന്ന വീട്ടില്‍ ഒരു ദിവസം കൂടുതല്‍ താമസിക്കാന്‍ ഇടവന്നു. അന്നു വെെകുന്നേരം ഒന്നുറങ്ങിക്കൊണ്ടിരുന്ന സന്ദര്‍ഭത്തിലാണ് അപ്രതീക്ഷിതമായി പൊലീസിന്റെ പിടിയില്‍പ്പെട്ടത്. പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്നതുകൊണ്ട് പല സഖാക്കളുടെയും റിപ്പോര്‍ട്ടുകള്‍ എന്റെ കെെവശം ഉണ്ടായിരുന്നു. അക്കൗണ്ട് പുസ്തകങ്ങളും ഉണ്ടായിരുന്നു. ആരുടെയും യഥാര്‍ത്ഥമായ പേരുണ്ടായിരുന്നില്ല. മാത്രമല്ല, കല്ലച്ചില്‍ പ്രിന്റു ചെയ്തിട്ടുള്ള രഹസ്യ സാഹിത്യങ്ങളും പൊലീസ് പിടിച്ചെടുത്തു.
ഇതുകൂടി വായിക്കൂ: പി കൃഷ്ണപിള്ളയുടെ ധീരതകളും സിഐഡിയായ കമ്മ്യൂണിസ്റ്റുകാരനും
രഹസ്യകേന്ദ്രങ്ങളെപ്പറ്റിയും ഒളിവില്‍ പ്രവര്‍ത്തിക്കുന്ന മറ്റു സഖാക്കളെപ്പറ്റിയും വിവിധ നിലവാരത്തിലുള്ള ഉദ്യോഗസ്ഥര്‍ വ്യത്യസ്ത രീതിയില്‍ ചോദ്യം ചെയ്യുകയായിരുന്നു. ചില പൊലീസ് ഉദ്യോഗസ്ഥന്മാര്‍ ഭീഷണികളും താക്കീതുകളുമാണ് ഉപയോഗിച്ചിരുന്നത്. മറ്റു ചില മേധാവികള്‍ ചര്‍ച്ചകളും സൊള്ളലുകളുമായിരുന്നു. 18 മണിക്കൂര്‍ നേരത്തെ ചോദ്യം ചെയ്യലുകള്‍ക്കുശേഷം മജിസ്ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കി സബ്‌ജയിലില്‍ റിമാന്‍ഡ് ചെയ്തു. എന്തോ കാരണവശാല്‍ ശാരീരികമായ പീഡനങ്ങള്‍ അന്നു പ്രയോഗിക്കപ്പെട്ടില്ല.
സബ്‌ജയിലില്‍ കഴിഞ്ഞ ഓരോ ദിവസവും എന്റെ കയ്യില്‍ നിന്നു പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തില്‍ മറ്റു വല്ലവരും അറസ്റ്റ് ചെയ്യപ്പെടുന്നുണ്ടോ എന്നുള്ള ഉത്ക്കണ്ഠയായിരുന്നു. ഏതായാലും ഒരാഴ്ചയ്ക്കുശേഷം വര്‍ഷങ്ങളോളമായി യാതൊരു ബന്ധവും ഇല്ലാതിരുന്ന ഒരു വിദ്യാര്‍ത്ഥി നേതാവ് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ വന്നപ്പോള്‍ മാത്രമാണ് ഞാന്‍ മുഖാന്തരം ഒരു രഹസ്യവിവരവും സമ്പാദിക്കാന്‍ പൊലീസിന് കഴിഞ്ഞില്ലെന്ന് ബോധ്യപ്പെടുന്നത്.
1948ലെ കല്‍ക്കട്ടാ കോണ്‍ഗ്രസിനു ശേഷം ആമ്പല്ലൂരില്‍ ഒളിവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഘട്ടത്തില്‍, വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. ചാലക്കുടിക്കടുത്ത പരിയാരത്ത് ഒരു പൊലീസ് ഇന്‍സ്പെക്ടര്‍ കൊല്ലപ്പെട്ടതിന്റെ പേരില്‍ അളഗപ്പാ ടെക്‌സ്റ്റൈല്‍സിലെ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരെയും കമ്പനിയില്‍ നിന്നു പിരിച്ചുവിട്ടു. ഭീകരമായി മര്‍ദ്ദനം അഴിച്ചുവിട്ട പൊലീസ്, ഐഎന്‍ടിയുസിയുണ്ടാക്കുവാന്‍ ഒത്താശയും ചെയ്തു. എഐടിയുസി ഓഫീസ് പൊലീസ് കയ്യേറുകയും എല്ലാ ഫര്‍ണിച്ചറുകളും റെക്കോഡുകളും ഉള്‍പ്പെടെ ഐഎന്‍ടിയുസിയെ ഏല്പിച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് ശൂരനാട് സംഭവത്തെത്തുടര്‍ന്ന് തിരു കൊച്ചിയിലെ പ്രധാനപ്പെട്ട ട്രേഡ് യൂണിയനുകളെല്ലാം നിയമവിരുദ്ധ സംഘടനകളായി പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ ആമ്പല്ലൂരിലെ ടെക്‌സ്റ്റൈല്‍സ് യൂണിയനും നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കപ്പെട്ടു. ആ സന്ദര്‍ഭം ഉപയോഗിച്ച് ഏഴെട്ടുമാസക്കാലം കമ്പനിയുടമസ്ഥനായ അളഗപ്പച്ചെട്ടിയാര്‍ കമ്പനി പൂട്ടിയിട്ടു. കമ്പനി തുറപ്പിക്കുവാനുള്ള പ്രക്ഷോഭണങ്ങളൊന്നും സാധ്യമായില്ല. അവസാനം 10 ലക്ഷം ഉറുപ്പിക ഗവണ്മെന്റില്‍നിന്നു വാങ്ങിയെടുക്കുകയും കമ്പനി തുറക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. പൂട്ടുന്ന സന്ദര്‍ഭത്തില്‍ 2000 തൊഴിലാളികള്‍ ഉണ്ടായിരുന്നു. അതു തുറക്കുന്ന സന്ദര്‍ഭത്തില്‍ ആയിരമായി കുറവ് ചെയ്തു. ഐഎന്‍ടിയുസിയുടെ ശുപാര്‍ശയുള്ളവര്‍ക്കു മാത്രം ജോലി.
ഇതുകൂടി വായിക്കൂ: ജനപക്ഷത്ത് നിലയുറപ്പിച്ച കമ്മ്യൂണിസ്റ്റ്
ആയിരത്തിലധികം തൊഴിലാളികളെ പിരിച്ചുവിട്ടുകൊണ്ട് പ്രവര്‍ത്തനം ആരംഭിക്കുവാന്‍ സമ്മതിക്കരുതെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചു. പൊലീസുമായുള്ള ഏറ്റുമുട്ടലുകളും വെടിവയ്പുകളും എല്ലാം ഉണ്ടായേക്കും. കാലത്ത് ആറേമുക്കാലിന്റെ സെെറന്‍വിളി കേള്‍ക്കുന്നതോടുകൂടി തൊഴിലാളികള്‍ കമ്പനിപ്പടിക്കല്‍ വരും. തൊഴിലാളികളെ (പിരിച്ചുവിട്ടവരെ ഉള്‍പ്പെടെ) കമ്പനിയില്‍ കയറ്റാന്‍ ഉദ്ബോധിപ്പിക്കണം. അതാണ് എനിക്ക് നിര്‍വഹിക്കാനുണ്ടായിരുന്ന ചുമതല. ഈ വിവരം ലഘുലേഖകള്‍ വഴി പരസ്യപ്പെടുത്തി. രോഗബാധിതനായി ദൂരെ ഒരു സ്ഥലത്താണ് ഞാന്‍ താമസിച്ചിരുന്നത്. സംഘടനാപരമായ ചില ന്യൂനതകള്‍കാരണം ഉദ്ദേശിച്ച പരിപാടികള്‍ കൃത്യസമയത്തു നടന്നില്ല. ഞാന്‍ സംഭവസ്ഥലത്തെത്തിച്ചേര്‍ന്ന വിവരം എന്നെ എസ്കോര്‍ട്ടു ചെയ്തിരുന്ന തൊഴിലാളിയെ പിടിച്ചതോടെ പരസ്യപ്പെട്ടു. തുടര്‍ന്ന് സംശയമുള്ള എല്ലാ വീടുകളും എന്നെ പിടിക്കുവാന്‍ വേണ്ടി തിരയുവാന്‍ തുടങ്ങി. ആ സന്ദര്‍ഭത്തിലാണ് ഒരു ചുവപ്പുകൊടിയുമായി ഞാന്‍ കമ്പനിപ്പടിക്കല്‍ പ്രത്യക്ഷപ്പെടണമെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനമെടുത്തത്.
കാലത്ത് എട്ട് മണിക്കാണ് നിര്‍ദ്ദേശം ലഭിച്ചത്. സഖാക്കള്‍ ചടയനും ചാത്തന്‍മാസ്റ്ററും ഒന്നിച്ചു താമസിക്കുന്ന ഷെല്‍ട്ടറില്‍നിന്നാണ് പോകേണ്ടത്. സഖാവ് കീരന്‍(കെ കെ വാര്യര്‍) മറ്റൊരു വീട്ടില്‍ താമസിക്കുന്നുണ്ട്. കാലത്ത് വീട്ടില്‍നിന്നു ഇറങ്ങിപ്പോരുന്നതു സ്വാഭാവികമായും പലരും കണ്ടേക്കും. ഞാന്‍ വരുന്നവഴിക്കും ഈ വീടുകള്‍ ഒരുപക്ഷെ പരിശോധിക്കാനിടയുണ്ട്. എന്റെ അറസ്റ്റിനെത്തുടര്‍ന്ന് ആരെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടു പോയാല്‍ ഞാന്‍ താമസിക്കുന്ന വീട്ടുകാരോ, അയല്‍വാസികളോ, പിടിക്കപ്പെട്ടാല്‍ എന്നില്‍നിന്ന് കിട്ടിയ വിവരങ്ങളനുസരിച്ചാണ് പിടിക്കപ്പെട്ടതെന്നു ന്യായമായും സംശയിച്ചേക്കും.
കമ്മ്യൂണിസ്റ്റുകാരെ രാപകല്‍ വേട്ടയാടിക്കൊണ്ടിരിക്കുന്ന അവസരത്തില്‍, അപ്രതീക്ഷിതമായി ചുവപ്പുകൊടി മാത്രം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കമ്പനിപ്പടിക്കല്‍ പ്രത്യക്ഷപ്പെടുന്നത് പൊലീസുകാരെ സംബന്ധിച്ചിടത്തോളം അമ്പരപ്പിക്കുന്ന ഒന്നായിരുന്നു. പല പാര്‍ട്ടി രഹസ്യങ്ങളും എന്നില്‍ നിന്ന് ലഭിക്കുവാന്‍ ഇടയുണ്ടെന്ന് അവര്‍ സംശയിച്ചിരുന്നു. അവര്‍ എന്നെ പിടികൂടി പൊലീസ് സ്റ്റേഷനിലേക്കു രണ്ടുകാലും പിടിച്ചുവലിച്ചിഴച്ച് കൊണ്ടുപോയി; സ്റ്റേഷനില്‍ എത്തിയതോടെ അവിടെ ഉണ്ടായിരുന്നവരുടെ മുഴുവന്‍ കയ്യിന്റെ തരിപ്പും തീര്‍ന്നതോടുകൂടി തല പൊട്ടിക്കഴിഞ്ഞിരുന്നു. മുഖമാകെ നീരുവന്ന് വീര്‍ത്തു.
അതിനെല്ലാം ശേഷമാണ് രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നതിനുള്ള ചോദ്യംചെയ്യല്‍. പതിനെട്ടടവുകളും പ്രയോഗിച്ചതിനുശേഷമാണ് ശാരീരികമായ ഭേദ്യംചെയ്യല്‍. അരമണിക്കൂറിനുള്ളില്‍ ഉള്ളംകാലൊഴികെ മറ്റെല്ലായിടത്തും പരിക്കുകളായി. ഉള്ളംകാലില്‍ രണ്ട് അടി കിട്ടിയാല്‍ത്തന്നെ പലതും പറയുവാന്‍ തോന്നിപ്പോകും. അറിയാവുന്ന ഏതെങ്കിലും രഹസ്യങ്ങള്‍ പറഞ്ഞുപോയാല്‍, പ്രധാന സഖാക്കള്‍ താമസിച്ചിരുന്ന ഏതെങ്കിലും ഒരു സ്ഥലം പറഞ്ഞുകൊടുത്താല്‍, ജീവന്‍ പണയം വച്ചുകൊണ്ട് ഒളിവില്‍ പ്രവര്‍ത്തിക്കുന്ന സഖാക്കളെ താമസിപ്പിച്ചിരുന്ന തൊഴിലാളികളിലാരുടെയെങ്കിലും പേര് സ്വന്തം തടി രക്ഷയ്ക്കു വേണ്ടി പറഞ്ഞുപോയാല്‍, ഇതില്‍ക്കവിഞ്ഞ വഞ്ചന വേറെ ഉണ്ടാവില്ല.
ചെക്കോസ്ലൊവാക്യന്‍ പാര്‍ട്ടി നേതാവായിരുന്ന ജൂലിയസ് ഫ്യൂച്ചിക്കിന്റെ “തൂക്കുമരത്തിന്മേല്‍ നിന്നുള്ള കുറിപ്പുകള്‍” ആ കാലത്താണ് വായിച്ചിരുന്നത്. ദുഃസഹമായ മര്‍ദ്ദനം ഏല്ക്കുമ്പോഴും ആ മഹത്തായ സ്മരണ പ്രചോദനം നല്കിയിരുന്നു. അതുകൊണ്ടുതന്നെ ഒറ്റ തൊഴിലാളിയെപ്പോലും ഞാന്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടിച്ചില്ല. അന്നത്തെ സ്മരണകള്‍ ഇന്നും എന്നെ ആവേശംകൊള്ളിക്കുന്നുണ്ട്.