Site iconSite icon Janayugom Online

പൂര്‍ണ സ്വരാജ് ഉയര്‍ത്തി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

poorna swarajpoorna swaraj

വിവിധ ബ്രിട്ടീഷ് കോളനികളിൽ നടന്ന വിമോചന സമരങ്ങളിൽ മഹത്തരമാണ് ഇന്ത്യയിലേത്. വൈദേശികാധിപത്യം ഏതാണ്ട് 500വർഷത്തോളമാണ് ഇവിടെ നിലനിന്നത്. അതിൽ ബ്രിട്ടീഷുകാർ സമഗ്ര ആധിപത്യം പുലർത്തിയത് അവസാന രണ്ട് നൂറ്റാണ്ടാണ്. ഇന്ത്യയിൽ തന്നെ ആദ്യത്തേത് എന്ന് രേഖപ്പെടുത്തിയ 1721ലെ ആറ്റിങ്ങൽ കലാപം ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരെ നടന്ന പോരാട്ടത്തിൽ ഏറ്റവും പഴക്കം ചെന്നവയാണ്. പിന്നീട് നാട്ടുരാജാക്കന്മാരുടെ സമരങ്ങൾ, വിവിധ കർഷക സമരങ്ങൾ, തൊഴിലാളി സമരങ്ങൾ അവസാനം 1946ലെ ബോംബെയിലെ നാവിക കലാപം, അതേ വർഷം തന്നെ നടന്ന കമ്പിത്തപാൽ ജീവനക്കാരുടെ സമരം ഇവയെല്ലാം ബ്രിട്ടീഷ് ഭരണത്തിന് അസ്ഥിവാരം തോണ്ടിയവയാണ്. ഇതിനേക്കാളൊക്കെ പ്രധാനമായിരുന്നു രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടനേറ്റ തിരിച്ചടികളും നാശനഷ്ടങ്ങളും. അതോടൊപ്പം സോവിയറ്റ് യൂണിയൻ യുദ്ധത്തിന്റ ഭാഗമായി മാറി ഹിറ്റ്ലറുടെ തേരോട്ടത്തെ തടഞ്ഞതും സഖ്യശക്തികളെ വിജയത്തിലെത്തിച്ച് ഫാസിസ്റ്റ് ശക്തികളെ തകർത്ത് തരിപ്പണമാക്കിയതുമൊക്കെ ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടങ്ങളെ ജ്വലിപ്പിച്ച് നിർത്തി. സോവിയറ്റ് ചെമ്പടയ്ക്ക് മുന്നിൽ ഗത്യന്തരമില്ലാതെ ചരിത്രത്തിലെ ഈ മഹാ ക്രൂരന് ആത്മഹത്യ ചെയ്യേണ്ടിവന്നു. ഒരുപക്ഷെ ഹിറ്റ്ലർ ലോകാധിപത്യം നേടിയിരുന്നെങ്കിൽ വിവിധ ബ്രിട്ടീഷ് കോളനികളിൽ നടന്നുവന്നിരുന്ന വിമോചന സമരങ്ങളെ പിറകോട്ടടിപ്പിച്ചേനെ.എങ്കിൽ ഇന്ത്യയുടെ സ്വാതന്ത്ര്യം കുറെക്കൂടി വൈകുമായിരുന്നു.
രണ്ടാം ലോകമഹായുദ്ധാനന്തരം ബ്രിട്ടനിൽ ലേബർ പാർട്ടി ജയിച്ച് ആറ്റ്ലി അധികാരത്തിൽ വന്നത് നമ്മുടെ സ്വാതന്ത്ര്യസമരങ്ങൾക്ക് ആവേശം പകർന്നതായിരുന്നു. താൻ ജയിച്ചാൽ ബ്രിട്ടീഷ് കോളനികളിലെ ജനങ്ങൾക്ക് സ്വാതന്ത്ര്യം നൽകുമെന്നത് ആറ്റ്ലിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഇന്ത്യയെയും നമ്മുടെ സ്വാതന്ത്ര്യ പോരാട്ടങ്ങളെയും ജനനേതാക്കളെയും തീരെ പുച്ഛം നിറഞ്ഞ ഭാവത്തിൽ കണ്ടിരുന്ന വിത്സൻ ചർച്ചിൽ പരാജയപ്പെട്ടത് ഇന്ത്യക്ക് പ്രതീക്ഷയാണ് നൽകിയത്. ഇതൊക്കെ അവഗണിച്ചുകൊണ്ട് കോൺഗ്രസ് നേതൃത്വത്തിൽ പത്ത് വർഷം കൂടുമ്പോൾ നടന്ന സമരങ്ങളെ അതായത് 1921ലെ സിവിൽ നിയമലംഘനം, 1930ലെ ഉപ്പ് സത്യഗ്രഹം, 1942ലെ ക്വിറ്റ് ഇന്ത്യാ സമരം എന്നിവയെ മാത്രം പ്രകീർത്തിച്ച് എഴുതപ്പെട്ട സ്വാതന്ത്ര്യ സമര ചരിത്രം വസ്തുതകളെ നേരാംവണ്ണം അവതരിപ്പിച്ചവയല്ല. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ഈ സമരങ്ങൾ മഹത്തരം തന്നെയെന്നതിൽ സംശയമില്ല. ഇന്ത്യൻ ജനതയെ ആവേശഭരിതമാക്കാനും ഒരു കുടക്കീഴിൽ അണിനിരത്താനും ഈ സമരങ്ങൾക്ക് കഴിഞ്ഞു. പക്ഷെ രണ്ട് നൂറ്റാണ്ട് നിലനിന്ന ബ്രിട്ടീഷ് കോളനി വാഴ്ച ഇരുപതാം നൂറ്റാണ്ടിൽ നടന്ന ഈ സമരങ്ങൾ കൊണ്ട് അസ്തമിച്ചു എന്ന് പറഞ്ഞാൽ അത് അവിശ്വസനീയമാണ്. മാത്രമല്ല ഇന്ത്യ എന്ന മഹാരാജ്യത്തെ മൂന്നിലൊന്ന് വരുന്ന നാട്ടുരാജ്യങ്ങളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വാതന്ത്ര്യസമരത്തെ പ്രോത്സാഹിപ്പിച്ചില്ല, മറിച്ച് നിരുത്സാഹപ്പെടുത്തുകയും ചെയ്തു. കോൺഗ്രസിന്റെ ഘടകം അത്തരം നാട്ടുരാജ്യങ്ങളിൽ രൂപീകരിക്കാൻ അനുവാദമില്ലായിരുന്നു.
മറ്റ് പേരുകളിലാണ് അവിടത്തെ സ്വാതന്ത്ര്യസമര പോരാളികൾ പ്രവർത്തിച്ചിരുന്നത്. തിരുവിതാംകൂറിൽ സ്റ്റേറ്റ് കോൺഗ്രസ് എന്നും കൊച്ചിയിൽ പ്രജാമണ്ഡലം എന്ന പേരിലുമായിരുന്നു. ഇവിടങ്ങളിൽ ബ്രിട്ടീഷ് വാഴ്ചക്കെതിരെ ശക്തമായ സമരങ്ങൾ ആരംഭിക്കുന്നതുതന്നെ 1930 കൾക്ക് ശേഷമാണ്. സ്വാതന്ത്ര്യസമരങ്ങളിലെ കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങൾ എടുത്ത് പറയേണ്ടവയാണ്. ബ്രിട്ടീഷ് സർക്കാർ ഇന്ത്യയിൽ നാല് വിപ്ലവകാരികളെ ഒന്നിച്ച് തൂക്കിക്കൊന്നത് കേരളത്തിൽ കയ്യൂരാണ്. ഇങ്ങനെയൊരു ചരിത്രം അതിന് മുൻപോ പിൻപോ ഉണ്ടായിട്ടില്ല. ആദ്യമേ പൂർണ സ്വരാജിനുവേണ്ടി നിലകൊണ്ടവരായിരുന്നു കമ്മ്യൂണിസ്റ്റുകാർ. കോൺഗ്രസ് ഡൊമിനിയൻ പദവി (പുത്രികാപദവി) മാത്രമേ ആദ്യം ആവശ്യപ്പെട്ടിരുന്നുള്ളൂ. 1929ൽ ലാഹോർ കോൺഗ്രസില്‍ മാത്രമാണ് പൂർണ സ്വരാജ് പ്രമേയം തന്നെ അവതരിപ്പിക്കുന്നത്. അതിനും എത്രയോ വർഷങ്ങൾക്ക് മുൻപേ സഖാവ് ശിങ്കാരവേലുചെട്ടിയാരെ പോലുള്ളവർ കോൺഗ്രസ് സമ്മേളനങ്ങളിൽ പൂർണ സ്വരാജിന് വേണ്ടിയുള്ള പ്രമേയങ്ങൾ അവതരിപ്പിച്ചപ്പോഴൊക്കെ തള്ളപ്പെടുകയായിരുന്നു.

Exit mobile version