Site icon Janayugom Online

യഥാര്‍ത്ഥ ചരിത്രം ജനങ്ങളിലേക്കെത്തിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രമിക്കണം: കാനം

സിപിഐ 97-ാം സ്ഥാപക വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

ചരിത്രത്തെ തമസ്കരിക്കാനുള്ള ശ്രമം നടക്കുമ്പോള്‍ യഥാര്‍ത്ഥ ചരിത്രം ജനങ്ങളിലേക്കെത്തിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സുപ്രധാന ചുമതലയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സിപിഐ 97-ാം സ്ഥാപക വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വാതന്ത്ര്യസമരത്തിലും സാമൂഹ്യമാറ്റത്തിലും വഹിച്ച സുപ്രധാനമായ പങ്ക് ജനങ്ങളെ അറിയിക്കേണ്ടത് സുപ്രധാനമായ കര്‍ത്തവ്യമാണ്. സ്വാതന്ത്ര്യസമരത്തിന് എതിരായ നിലപാടല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ചിരുന്നത്. 

സ്വാതന്ത്ര്യസമരം ജ്വലിച്ചുനിന്നിരുന്ന കാലഘട്ടത്തില്‍ അതിന് നേതൃത്വം നല്‍കിയത് കമ്മ്യൂണിസ്റ്റുകാരായിരുന്നു. ദേശീയപ്രസ്ഥാനത്തിന്റെ ഒരു ഭാഗമായി തന്നെ നിലകൊണ്ട് ഒറ്റക്കെട്ടായി സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരത്തില്‍ അവര്‍ മുന്നോട്ടുപോയി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിറന്നുവീണ വര്‍ഷം തന്നെയാണ് ആര്‍എസ്എസും ജന്മമെടുത്തത്. 

എന്നാല്‍ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ അവരുടെ പങ്ക് എന്താണെന്ന് പരിശോധിച്ചാല്‍ ഒന്നും കണ്ടെത്താനാകില്ല. ചില വിഷയങ്ങള്‍ മുന്‍നിര്‍ത്തിയും ചില കഥകള്‍ പറഞ്ഞും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അധിക്ഷേപിക്കുന്നവര്‍ സ്വാതന്ത്ര്യസമരത്തില്‍ എന്ത് പങ്കാണ് വഹിച്ചതെന്നത് വലിയ ചോദ്യമാണ് സമൂഹത്തില്‍ നിന്നുയരുന്നതെന്ന് കാനം പറഞ്ഞു. സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ സംസ്ഥാന എക്സി.അംഗം കൂടിയായ മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷത വഹിച്ചു.

Eng­lish Summary;Communist Par­ty work­ers should try to bring real his­to­ry to the peo­ple: Kanam
You may also like this video

Exit mobile version