Site iconSite icon Janayugom Online

ചിലിയിൽ വിരിഞ്ഞ കമ്മ്യൂണിസ്റ്റ് വസന്തം

ചിലിയിലെ കമ്മ്യൂണിസ്റ്റ് നേതാവ് ജീനറ്റ് ജാര ഈ വർഷം നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ നിലവിലുള്ള സർക്കാരിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി നിശ്ചയിക്കപ്പെട്ടിരിക്കുകയാണ്. ചിലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായ ജാരയ്ക്ക് പ്രസിഡന്റ് സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കാനുള്ള പ്രാഥമിക റൗണ്ടില്‍ 60.3 % വോട്ട് ലഭിച്ചു. എതിർസ്ഥാനാർത്ഥി ഡെ­മോക്രാറ്റിക് സോഷ്യലിസ്റ്റ് പാർട്ടി നേതാവും വലതുപക്ഷ അനുഭാവിയുമായ കരോലിന തോഹയ്ക്ക് ലഭിച്ചതാകട്ടെ 27.91 % വോട്ടുകൾ മാത്രമാണ്. ജീനറ്റ് 2022 മാർച്ച് മുതൽ 2025 ഏപ്രിൽ വരെ ചിലിയുടെ തൊഴിൽ — സാമൂഹികക്ഷേമ മന്ത്രിയായിരുന്നു. പ്രസിഡന്റ് ഹബ്രിയേൻ ബോറിയിന് കീഴിൽ തൊഴിൽ മന്ത്രിയായിരുന്നപ്പോൾ അവർ സ്വീകരിച്ച തൊഴിലാളി സൗഹൃദ നിലപാടുകളാണ് പ്രാഥമിക റൗണ്ടില്‍ വൻഭൂരിപക്ഷത്തിൽ വിജയിപ്പിച്ചത്. 

തൊഴിൽ സമയം ആഴ്ചയിൽ 40 മണിക്കൂറായി കുറച്ചുകൊണ്ട് നടത്തിയ പരിഷ്കാരം ചിലിയിലെ സാധാരണ ജനങ്ങൾക്കിടയിൽ വലിയ ചർച്ചയായി. തൊഴിലിടങ്ങളിലെ പീഡനങ്ങൾക്കെതിരെ കർശന നിയമങ്ങൾ കൊണ്ടുവന്ന് തൊഴിൽ സുരക്ഷ വർധിപ്പിച്ചതും പുതിയ പെൻഷൻ പദ്ധതി നടപ്പിലാക്കിയതും ജാരയുടെ ജനപ്രീതി വർധിപ്പിച്ചു. തൊഴിലാളികൾക്ക് മാന്യമായ വേതനവും പെൻഷനും തൊഴിൽ സുരക്ഷയും ഒരുക്കിയതിലൂടെ അരികുവൽക്കരിക്കപ്പെട്ട ബഹുഭൂരിപക്ഷം വരുന്ന പണിയെടുക്കുന്ന ചിലിയൻ ജനതയുടെയും കണ്ണിലുണ്ണിയായി ജാരെ മാറി. തൊഴിലാളി യൂണിയനുകൾക്ക് അംഗീകാരം നൽകുകയും തൊഴിൽശാലകളിൽ ഉടമസ്ഥരും തൊഴിൽ സംഘടനകളുമായി വേതനം, തൊഴിൽഘടന എന്നിവയിൽ വ്യക്തമായ കരാറുകൾ ഉണ്ടാക്കുവാൻ നിർദേശം നൽകുകയും ചെയ്തു. സാന്റിയാഗോ സർവകലാശാലയിൽ ഫെഡറേഷൻ ഓഫ് സ്റ്റുഡന്റ്സിന്റെ പ്രസിഡന്റായിരുന്ന ജാരെ പഠനകാലത്ത് തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന പ്രവർത്തകയായിരുന്നു. 2018 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചിലിയുടെ കേന്ദ്ര കമ്മിറ്റി അംഗമായ ജാരെ പ്രവർത്തിച്ചുവരുന്നു.
പ്രധാനമായും ഖനന വ്യവസായത്തെ ആശ്രയിച്ചാണ് ചിലിയുടെ സമ്പദ്‌വ്യവസ്ഥ മുന്നോട്ട് പോകുന്നത്. ചെമ്പ്, ലിഥിയം, ഇരുമ്പ് തുടങ്ങിയ ധാതുക്കളുടെ വലിയ ശേഖരമാണ് ചിലിയുടെ സമ്പത്ത്. വരുമാന അസമത്വം വൻതോതിൽ ഉയർന്നുകൊണ്ടിരിക്കുന്ന രാജ്യത്ത് ജീനറ്റ് ജാരയുടെ തൊഴിൽ പരിഷ്കാരങ്ങൾ വലിയ പ്രതീക്ഷയാണ് ഉയർത്തിയിട്ടുള്ളത്. 

തെക്കേ അമേരിക്കയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്ക് നിർണായകമായത് 1970ലെ ചിലി പാർലമെന്റ് തെരഞ്ഞെടുപ്പാണ്. 50 ശതമാനത്തിലധികം വോട്ട് നേടിയാണ് ലോകത്ത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരുകളിൽ ഒന്നായി സൽവദോർ അലെൻഡെയെ തെരഞ്ഞെടുത്തത്. തങ്ങളുടെ കൺമുന്നിൽ ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടം അധികാരത്തിലെത്തുന്നത് അമേരിക്കൻ സാമ്രാജ്യത്വത്തിന് ഇഷ്ടപ്പെട്ടില്ല. 1973ൽ അലെൻഡെയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിക്കൊണ്ട് അഗസ്റ്റോ പിനോഷെ എന്ന ക്രൂരനായ ഏകാധിപതി ഭരണം പിടിച്ചെടുത്തത് പിന്നീടുള്ള ചരിത്രം. കമ്മ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കുവാൻ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സണും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹെൻട്രി കിസഞ്ചറും നേരിട്ട് നേതൃത്വം നല്‍കിയതും ചരിത്രമാണ്. 1970കളിൽ ചിലി ഉൾപ്പെടുന്ന തെക്കേ അമേരിക്കയിലെ കമ്മ്യൂണിസ്റ്റ് സ്വാധീനത്തെ ലോകത്തെ സാമ്രാജ്യത്വ ശക്തികൾ അത്രയധികം ഭയപ്പെട്ടിരുന്നു. പട്ടാള അട്ടിമറിക്കിടെ അലെൻഡെ എന്ന ആ ധീരനായ കമ്മ്യൂണിസ്റ്റ് നേതാവിനെ അമേരിക്കൻ സാമ്രാജ്യത്വം വധിക്കുകയും ചെയ്തു. സൈനിക സ്വേച്ഛാധിപതിയും ഏകാധിപതിയുമായ അഗസ്റ്റോ പിനോഷെയുടെ ഭരണം ചിലിയൻ സമ്പദ്‌വ്യവസ്ഥയെയും തൊഴിൽ മേഖലയെയും തകർത്ത് തരിപ്പണമാക്കി. 1973 — 90 വരെ നീണ്ട 17 വർഷം രാജ്യത്തിന്റെ പൊതുസമ്പദ്‌വ്യവസ്ഥയെ പൂർണമായും ഇല്ലാതാക്കി. പ്രധാന വ്യവസായമായ ധാതുഖനനങ്ങളെയാകെ കുത്തക കമ്പനികൾക്ക് അടിയറവ് വച്ചു. ആ ഭരണം ചിലിയിലെ ജനങ്ങളുടെ ജീവിത നിലവാരത്തെ സാരമായി ബാധിച്ചു. നവലിബറൽ നയങ്ങൾ നടപ്പിലാക്കി രാജ്യത്തിന്റെ സാമ്പത്താകെ കൊള്ളയടിക്കുവാൻ അമേരിക്കൻ സാമ്രാജ്യത്തിന് ഒത്താശ ചെയ്യുന്ന ജോലി പിനോഷെ കൃത്യമായി നിർവഹിച്ചു. രാജ്യത്തെ രാഷ്ട്രീയ പാർട്ടികളെ നിരോധിച്ചും മനുഷ്യാവകാശങ്ങളെ ഇല്ലാതാക്കിയും ജനാധിപത്യമൂല്യങ്ങളെ തച്ചുതകർത്തുമായിരുന്നു പിനോഷെയുടെ ഭരണം. 

ആയിരക്കണക്കിന് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ വധിക്കപ്പെടുകയോ തുറുങ്കിൽ അടയ്ക്കപ്പെടുകയോ ചെയ്തു. എല്ലാ പൊതു പ്രവർത്തകരും ക്രൂരമായ പീഡനങ്ങൾക്ക് വിധേയമായി. ചരിത്രത്തിൽ എല്ലാകാലത്തും കാണുന്നതുപോലെ ഇവിടെയും കമ്മ്യൂണിസ്റ്റ് ഉന്മൂലനത്തിന് അമേരിക്കൻ ഭരണാധികാരികൾ പിനോഷെയ്ക്ക് പൂർണ പിന്തുണ നൽകി. അസമത്വവും അരാജകത്വവും പിനോഷെയുടെ ഭരണകാലത്ത് ചിലിയിൽ അത്യുന്നതയിലെത്തി. ചിലിയിലെ ധനകാര്യ വിദഗ്ധർക്ക് ചിക്കാഗോയിൽ പ്രത്യേകം പരിശീലനം നൽകിയാണ് ചിലിയിൽ രൂപം കൊടുത്തിരുന്ന കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് സാമ്പത്തിക നയങ്ങളെ തകർത്തത്. ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നതുപോലെ പൊതുമേഖലാസ്ഥാപനങ്ങളെ സ്വകാര്യ കുത്തകൾക്ക് കൈമാറിയും തൊഴിൽ നിയമങ്ങളെ പൂർണമായും ഇല്ലാതാക്കിയും തൊഴിലാളി സംഘടനകളെ നിരോധിച്ചുമാണ് പിനോഷെ അമേരിക്കൻ പിന്തുണ ഉറപ്പിച്ചത്. പിനോഷെയുടെ ഭരണകാലത്തുണ്ടായ സാമ്പത്തിക അരാജകത്വത്തിൽ നിന്നും നീണ്ട 35 വർഷം കഴിഞ്ഞിട്ടും ചിലിക്ക് മുക്തമാകാൻ സാധിച്ചിട്ടില്ല. അത്രയധികം ആഘാതമാണ് ആ വലതുപക്ഷ സാമ്രാജ്യത്വവാദി ചിലിയുടെ സാമൂഹിക — സാമ്പത്തിക മേഖലയിൽ സൃഷ്ടിച്ചത്. ജനങ്ങൾ ഇപ്പോൾ യാഥാർത്ഥ്യം തിരിച്ചറിഞ്ഞുതുടങ്ങി എന്നതിന് തെളിവാണ് ജീനറ്റ് ജാരയുടെ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിത്വം. 

ലോകത്തെവിടെയും സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് സർക്കാരുകളെ ഭരിക്കാൻ അനുവദിക്കില്ല എന്ന അമേരിക്കൻ സാമ്രാജ്യത്വ തിട്ടൂരത്തിനേറ്റ തിരിച്ചടിയാണ് ജീനറ്റിന്റെ വിജയം. ലോകത്ത് പലയിടത്തും ഇത്തരം കുത്തക വലതുപക്ഷ സാമ്പത്തിക നയങ്ങൾക്കെതിരെ ജനങ്ങൾ ഒന്നിച്ച് ഉയരുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുവരുന്നുണ്ട്. ശ്രീലങ്കയാണ് ഇതിന് ഏറ്റവും ഉത്തമമായ ഉദാഹരണം. 2024 സെപ്റ്റംബറിലാണ് ശ്രീലങ്കയിൽ ജനതാ വിമുക്തി പെരമുന അധികാരമേറ്റെടുത്തത്. കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ അടിസ്ഥാനത്തിൽ നയങ്ങൾ രൂപപ്പെടുത്തിയിട്ടുള്ള തൊഴിലാളിവർഗ പാർട്ടിയാണ് ജനതാ വിമുക്തി പെരമുന. വലതുപക്ഷ കക്ഷികളുടെ സാമ്രാജ്യത്വ മോഹങ്ങൾ ശ്രീലങ്കൻ ജനതയുടെ ജീവിതത്തെ ദുരിതക്കയത്തിലെത്തിച്ചിരുന്നു. 2022ൽ രാജ്യത്തുണ്ടായ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും പാഠം ഉൾക്കൊണ്ടാണ് ശ്രീലങ്കൻ ജനത ഒരു കമ്മ്യൂണിസ്റ്റുകാരനെ ഭരണാധികാരിയായി തെരഞ്ഞെടുത്തത്. ചിലിയിൽ 1980കളിലും ശ്രീലങ്കയിൽ കഴിഞ്ഞ വർഷങ്ങളിലും അമേരിൻ പിന്തുണയോടെ ഭരണകൂടങ്ങൾ നടപ്പിലാക്കിയ സാമ്പത്തിക നയങ്ങൾ അതേപടി ഇന്ത്യയിൽ റാവു — മോഡി സർക്കാരുകൾ നടപ്പിലാക്കി വരികയാണ്. പൊതുമേഖലകൾ വിറ്റു തുലച്ചും തൊഴിൽ നിയമങ്ങൾ ഇല്ലാതാക്കിയും രാജ്യത്തെ പണിയെടുക്കുന്ന ജനവിഭാഗത്തെ ദുരിതത്തിലാക്കിക്കഴിഞ്ഞു. അസമത്വവും അരാജകത്വവും നമ്മുടെ രാജ്യത്തും വർധിച്ചുവരുന്നു. ഭരണഘടനാ സ്ഥാപനങ്ങളെ ദുർലപ്പെടുത്തി ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തുന്നു. ചിലിയിലും ശ്രീലങ്കയിലും സൃഷ്ടിക്കപ്പെട്ടതുപോലെ വലിയ ജനകീയശക്തി ഇന്ത്യയിലെ കുത്തക ഭരണത്തിനെതിരെയും ഉയർന്നുവരുമെന്ന് പ്രതീക്ഷിക്കാം. മനുഷ്യചരിത്രം ഇന്ത്യയിലും പുതുവസന്തം കൊണ്ടുവരുമെന്ന് നമുക്ക് ആശിക്കാം. 

Exit mobile version