Site iconSite icon Janayugom Online

ബാല്യത്തെപ്പോലും കരുവാക്കി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന സംഘടനകളെ സമുദായവും സമൂഹവും ഒറ്റപ്പെടുത്തണം: എസ് എസ് എഫ്

SSFSSF

കേരളത്തിലെ സാമൂഹികവും സാമുദായികവുമായ സൗഹൃദാന്തരീക്ഷത്തെ തകർക്കുന്ന പ്രവർത്തനങ്ങളും പ്രസംഗങ്ങളും മുദ്രാവാക്യങ്ങളുമായി മുന്നേറുന്ന സംഘടനകളെയും വ്യക്തികളെയും സമൂഹവും സമുദായവും ഒറ്റപ്പെടുത്തേണ്ടതുണ്ടെന്ന് എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി എൻ ജാഫർ പറഞ്ഞു. രാഷ്ട്രീയമായ സ്വാർത്ഥലാഭങ്ങൾക്ക് വേണ്ടി പരിശുദ്ധമായ ബാല്യത്തെ പോലും കരുവാക്കുന്നതാണ് ആലപ്പുഴയിൽ കഴിഞ്ഞ ദിവസം കുട്ടിയുടെ കൊലവിളി മുദ്രാവാക്യത്തിലൂടെ കേരളം കണ്ടത്. ഒരു ഭാഗത്ത് അതിനെ തള്ളിപ്പറയുമ്പോഴും ന്യായീകരിക്കുകയും ഏറ്റെടുക്കുകയും മഹത്വമുളള ഏതോ കാര്യം നിർവ്വഹിച്ചു എന്ന രീതിയിൽ അവതരിപ്പിക്കുകയുമാണ് പോപ്പുലർ ഫ്രണ്ട് ചെയ്യുന്നത്. നാളത്തെ പൗരൻമാരാകേണ്ട ബാല്യങ്ങളുടെ മനസ്സിൽ സ്നേഹത്തിന്റെ സന്ദേശങ്ങൾ പകരുന്നതിന് പകരം വിദ്വേഷത്തിന്റെ വിത്തുകൾ പാകുന്ന രാഷ്ട്രീയ പ്രത്യയ ശാസ്ത്രം മാനവികതയുടെ പക്ഷത്തല്ല. മതമാണ് മാർഗമെന്ന് പറയുകയും ഇസ് ലാമാണ് വഴി, പ്രവാചകനാണ് മാതൃക എന്ന് ഉദ്ഘോഷിക്കുകയും ചെയ്യുന്നവരാണ് ഇത്തരത്തിലുള്ള മതവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത്. മതത്തെ പൊതു സമൂഹം തെറ്റിദ്ധരിക്കാൻ ഇടവരുത്തുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പോപ്പുലർ ഫ്രണ്ടിനെ സമുദായം തള്ളിപ്പറയണം. മറ്റേതെങ്കിലും സംഘടന കൊലവിളി മുദ്രാവാക്യങ്ങൾ മുഴക്കുന്നുവെന്നത് തങ്ങുടെ പ്രവർത്തന ങ്ങൾക്കുള്ള ന്യായീകരണമല്ല. അല്ലെങ്കിൽ പോപ്പുലർ ഫ്രണ്ട് മതം ഞങ്ങളുടെ വഴികാട്ടിയല്ലെന്ന് പറയണം. നിങ്ങൾ നിർവ്വഹിക്കുന്ന പ്രവർത്തനങ്ങൾക്കെല്ലാം മതം പ്രതിക്കൂട്ടിലാവുന്ന സ്ഥിതിവിശേഷമാണുള്ളത്. ഇനിയെങ്കിലും മതത്തെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് പിൻമാറണമെന്നാണ് കേരളീയ മുസ്ലിം സമൂഹത്തിന് അവരോട് പറയാനുള്ളത്.

മുസ് ലിം ന്യൂനപക്ഷത്തിന്റെ സംരക്ഷണത്തിനെന്ന വ്യാജേന പ്രവർത്തിക്കുന്ന സംഘടന അവരുടെ നിലപാടുകളിലൂടെ പ്രവർത്തിയിലൂടെ ഇസ് ലാമിനെ തന്നെ അപഹസിക്കുകയാണ്. വിവിധ മതവിഭാഗങ്ങൾ തമ്മിൽ ശക്തവും സൗഹാർദ്ദപരവുമായ പൗര ജീവിതം നിലനിൽക്കുന്ന നാട്ടിൽ അതിനെ തകർക്കാനിറങ്ങിയവർക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളാണുളളത്. വർഗീയ ധ്രുവീകരണത്തിലൂടെ വോട്ട് ബാങ്കാണ് അവർ ഉന്നം വെക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളിൽ പോലും മതത്തിന്റെ നിറം ചേർക്കുന്നത് അതിനു വേണ്ടിയാണ്. കേരളത്തിലെ മതേതര സമൂഹവും പ്രസ്ഥാനങ്ങളും സാധിച്ചെടുത്ത സമാധാനാന്തരീക്ഷത്തെ കലുഷമാക്കുന്ന വ്യക്തികളെയും സംഘടനകളെയും നിരുപാധികം തള്ളിക്കളയുകയും നിയമ നടപടികൾക്ക് വിധേയമാക്കുകയുമാണ് വേണ്ടത്. നിത്യജീവിതത്തിൽ പോലും വിദ്വേഷം നിറയുന്ന കാലത്ത് വർഗീയതയുടെ വിഷപ്പുക വ്യാപിക്കാതിരിക്കാൻ ഓരോ വ്യക്തിയും ജാഗ്രത കാണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ് എസ് എഫ് സംസ്ഥാന പ്രവർത്തക സമിതി യോഗം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Eng­lish Sum­ma­ry: Com­mu­ni­ty and soci­ety must iso­late orga­ni­za­tions that seek to com­mu­nal polar­ize even as a child: SSF

You may like this video also

Exit mobile version