Site iconSite icon Janayugom Online

കമ്പനികള്‍ എണ്ണ വാങ്ങിക്കൂട്ടുന്നു; ഇന്ധനവില കുതിച്ചുയരും

വില കുതിച്ചുയരുമ്പോഴും ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ ക്രൂഡ് ഓയില്‍ വാങ്ങിക്കൂട്ടുന്നത് ഇന്ധനവില വര്‍ധനവില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കുമെന്ന് സൂചന. തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം കൊണ്ട് മാത്രമാണ് എണ്ണവില ഉയരാതെ നിലനില്‍ക്കുന്നത്.

ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളര്‍ എന്ന നിലവാരത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ സാഹചര്യത്തിലും ആകെയുള്ള 23 എണ്ണക്കമ്പനികളില്‍ 18ലും അവയുടെ സംഭരണ ശേഷിയുടെ പരിധിയിലധികം ശേഖരണമാണുള്ളത്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ എട്ട് കമ്പനികളില്‍ മാത്രമാണ് ഈ സാഹചര്യം ഉണ്ടായിരുന്നത്. ക്രൂഡ് ഓയില്‍ വില ഇത്രകണ്ട് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലും കമ്പനികള്‍ നടത്തുന്ന ഈ നീക്കം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ധനവിലയില്‍ പ്രതിഫലിച്ചേക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഓഗസ്റ്റില്‍ എണ്ണക്കമ്പനികളുടെ ശരാശരി പ്രവര്‍ത്തന നിരക്ക് 85 ശതമാനം ആയിരുന്നെങ്കില്‍ ഡിസംബറിലിത് 101 ശതമാനമായി ഉയര്‍ന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ തുടങ്ങി സര്‍ക്കാരിനു കീഴിലുള്ള സ്ഥാപനങ്ങളും സൗദി അറേബ്യയും ഇറാഖും ഉൾപ്പെടെയുള്ള ടേം-കോൺട്രാക്റ്റ് വിതരണക്കാരുമായി അധിക ബാരലുകൾക്കോ സ്‌പോട്ട് മാർക്കറ്റിൽ വാങ്ങുന്നതിനോ സമീപിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

രാജ്യത്തെ ആകെ എണ്ണ ഉല്പാദനത്തിന്റെ 65 ശതമാനവും നിര്‍വഹിക്കാന്‍ ശേഷിയുള്ള മംഗളുരു റിഫൈനറി ആന്റ് പെട്രോകെമിക്കല്‍ ലിമിറ്റഡ് ഉള്‍പ്പെടെയുള്ള മൂന്ന് വലിയ കമ്പനികളിലും നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിലും കുറഞ്ഞ അളവിലായിരുന്നു ഉല്പാദനം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ധന ആവശ്യകത കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഒമിക്രോണ്‍ തരംഗത്തിന്റെ സാഹചര്യത്തിലും ഡിസംബറില്‍ എണ്ണ ഇറക്കുമതി ആ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തി.

രാജ്യത്തെ ഏറ്റവും വലിയ എണ്ണ സംസ്കരണ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ മാർച്ച്, ഏപ്രിൽ മാസങ്ങളിലേക്കുള്ള വാങ്ങല്‍ നടത്തിക്കഴിഞ്ഞു. കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിനായി ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ മുംബൈ പ്ലാന്റില്‍ ഒരു ദിവസത്തെ സംഭരണ ശേഷി 40,000 ബാരലായി ഉയര്‍ത്തുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് ചെയര്‍മാന്‍ മുകേഷ് കുമാര്‍ സുരാന പറയുന്നു.

മുമ്പത്തെ മാസങ്ങളില്‍ നിന്നും വ്യത്യസ്തമായി നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ എണ്ണ കമ്പനികള്‍ അവയുടെ പ്രവര്‍ത്തന നിരക്ക് വര്‍ധിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഇന്ധനമായ ഡീസൽ നിർമ്മിക്കുന്നതിൽ നിന്നുള്ള ലാഭം കണക്കിലെടുത്ത് കമ്പനികള്‍ ഇതിന്റെ ഉല്പാദനം വര്‍ധിപ്പിക്കാന്‍ തയാറെടുക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഏഷ്യയിലും യുഎസിലും ഡീസല്‍ ഉല്പാദനം ഉയര്‍ത്തിയിട്ടുണ്ട്. ഇത് ആഭ്യന്തര ഉല്പാദകര്‍ക്ക് അവരുടെ പ്രവര്‍ത്തന നിരക്ക് വര്‍ധിപ്പിക്കുന്നതിന് പ്രോത്സാഹനം നല്‍കും.

കൃത്യമായ ഇടവേളകളില്‍ മാത്രം ഇന്ധനങ്ങൾ കയറ്റുമതി ചെയ്യുന്ന സർക്കാർ റിഫൈനറികൾക്ക് ആഭ്യന്തര ആവശ്യം കുറയുന്ന സാഹചര്യമുണ്ടായാല്‍ കയറ്റുമതിയെ ആശ്രയിക്കേണ്ടിവരുമെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Eng­lish Sum­ma­ry: Com­pa­nies buy oil; Fuel prices will skyrocket

 

You may like this video also

Exit mobile version