ത്രിപുരയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരം മുറുകി. മണിക് സാഹ തന്നെ മുഖ്യമന്ത്രിയായി തുടര്‍ന്നേക്കുമെന്നാണ് ഏറ്റവുമൊടുവില്‍ ലഭിക്കുന്ന സൂചനകള്‍.
സംസ്ഥാനത്തെ എംഎല്‍എമാരില്‍ ഒരു വിഭാഗത്തിനു കേന്ദ്രമന്ത്രി പ്രതിമ ഭൗമികിനെ മുഖ്യമന്ത്രി ആക്കുന്നതിനോടാണ് താല്പര്യം. മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ പിന്തുണ ഈ വിഭാഗത്തിനുണ്ട്. എന്നാല്‍ സംസ്ഥാന പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളടക്കം പരിഗണിച്ച പാര്‍ട്ടി കേന്ദ്രനേതൃത്വം മണിക് സാഹ തന്നെ മുഖ്യമന്ത്രിയായി തുടരട്ടെ എന്ന് തീരുമാനിച്ചതായാണ് വിവരം. ത്രിപുര ബിജെപിയില്‍ നേതാക്കള്‍ക്ക് കുറവില്ലെന്നും മുഖ്യമന്ത്രിയെ നിയമസഭകക്ഷി യോഗത്തില്‍ തീരുമാനിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീബ് ഭട്ടാചാര്‍ജി പറഞ്ഞു.
ഹിമന്ത ബിശ്വ ശര്‍മയാണ് മണിക് സാഹയുടെ രക്ഷക്കെത്തിയതെന്നാണ് സൂചന. മണിക് സാഹയെ പിന്തുണയ്ക്കുന്ന നേതാക്കള്‍ ഹിമന്തയുമായി ആശയ വിനിമയം നടത്തിയിരുന്നു. അതിനിടെ തിപ്ര മോതയെ കൂടെചേർക്കാനും ഹിമന്ത ബിശ്വ ശർമയും മണിക് സാഹയും നീക്കം തുടങ്ങിയിട്ടുണ്ട്.
പ്രതിപക്ഷത്തിരിക്കുമെന്നാണ് പ്രദ്യോത് ദേബ് ബർമൻ വ്യക്തമാക്കിയിട്ടുള്ളതെങ്കിലും തിപ്ര മോതയെ കൂടെ ചേർത്തു സർക്കാരിനെ ശക്തമാക്കാനാണ് ബിജെപിയുടെ ശ്രമം. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് തിപ്ര മോതയെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ബിജെപി ചരടുവലി ആരംഭിച്ചിരിക്കുന്നത്. ചുരുങ്ങിയ കാലയളവില്‍ തിപ്ര മോത നേടിയ വളര്‍ച്ച ബിജെപിയെ അസ്വസ്ഥമാക്കിയിട്ടുണ്ട്.
തിപ്ര നേതൃത്വവുമായി ഹിമന്ത വീണ്ടും ചർച്ച നടത്തിയേക്കും. സഹകരിക്കാൻ തിപ്ര തയ്യാറെങ്കിൽ ഉപമുഖ്യമന്ത്രി പദം നൽകുമെന്നാണ് വിവരം. അതേസമയം സംസ്ഥാനത്ത് സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ പൊലീസ് സമാധാനയോഗങ്ങള്‍ വിളിച്ചെങ്കിലും അക്രമ സംഭവങ്ങള്‍ക്ക് കുറവുണ്ടായിട്ടില്ല.
English Summary: Competition tightens in Tripura; Saha is ahead
You may also like this video