Site icon Janayugom Online

മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ്; പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ചിലും പരാതി

പുരാവസ്തു വില്‍പനക്കാരന്‍ എന്ന പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ചിലും പരാതി. പന്തളം ശ്രീവത്സം ഗ്രൂപ്പാണ് പരാതി നല്‍കിയത്. 6.27 കോടി രൂപയാണ് മോൻസൻ തട്ടിയെടുത്തതെന്ന് പരാതിയിൽ പറയുന്നത്. 2020 ല്‍ ബാങ്കിലുള്ള പണം തടഞ്ഞു വെച്ചിരിക്കുകയാണെന്ന് കാണിച്ച് മോൻസൻ മാവുങ്കല്‍ ശ്രീവത്സം ഗ്രൂപ്പിന് സമീപിച്ചത്. അക്കൗണ്ടിലേക്ക് പണം തിരികെ വരുന്ന മുറയ്ക്ക് മടക്കി നല്‍കാമെന്നായിരുന്നു മോൻസൻ ഉറപ്പ് നല്‍കിയത്. ഇതനുസരിച്ച് ശ്രീവത്സം ഗ്രൂപ്പ് ഉടമ എം കെ രാജേന്ദ്രന്‍ പിള്ള 6.27 കോടി രൂപ മോൻസണ് കൈമാറി.

ആലപ്പുഴ ജില്ലയിലെ അരൂരിലുള്ള ശ്രീവത്സം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം പാട്ടത്തിന് നല്‍കിയിരുന്നതായി വിവരങ്ങള്‍ പുറത്ത് വരുന്നു. ആഡംബര വാഹനങ്ങള്‍ സൂക്ഷിക്കാനെന്ന ആവശ്യത്തിലാണ് മോന്‍സണ്‍ സ്ഥലം നല്‍കിയത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും കൈമാറിയ പണം തിരികെ ലഭിക്കാതെയായതോടെ ശ്രീവത്സം ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പന്തളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പന്തളം പൊലീസ് അന്വേഷിച്ച ഈ കേസും ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

മോണ്‍സണുമായി ബന്ധപ്പെട്ട കൂട്ടുതല്‍ സാമ്പത്തിക ഇടപാടുകളും ജില്ലയില്‍ നടന്നിട്ടുണ്ടോയെന്നും ക്രൈംബ്രാഞ്ച് സംഘം അന്വേഷിച്ചു വരികയാണ്. സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ ഞായറാഴ്ചയാണ് മോന്‍സൻ മാവുങ്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നു വരുന്നത്. പുരാവസ്തു വില്‍പ്പനക്കാരനെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് മോന്‍സൻ പണം തട്ടിയതെന്ന് പാലാ സ്വദേശിയായ പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.

ENGLISH SUMMARY:Complaint also lodged at Pathanamthit­ta Dis­trict Crime Branch agan­ist moson mavunkal
You may also like this video

Exit mobile version