തെലങ്കാനയിലെ ഹനംകൊണ്ട ജില്ലയിൽ 200 ഓളം നായ്ക്കളെ കൂട്ടമായി കൊന്നൊടുക്കിയതായി പരാതി. 2025 ഡിസംബറിൽ തെലങ്കാനയിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ പ്രധാന വാഗ്ദാനമായിരുന്നു തെരുവ് നായ നിർമാർജനം. ഇതുപാലിക്കാനാണ് പഞ്ചായത്തിലെ പുതിയ ജനപ്രതിനിധികൾ ഇടപെട്ട് കൂട്ടത്തോടെ തെരുവു നായകളെ കൊന്നൊടുക്കുന്നത്. ഡിസംബർ മുതൽ തെലങ്കാനയിൽ 1,100 ഓളം നായ്ക്കളെ കൊന്നൊടുക്കിയതായി മൃഗസംരക്ഷണ പ്രവർത്തകർല പൊലീസില്‍ പരാതിപ്പെട്ടത്.
ഹനംകൊണ്ട ജില്ലയിലെ ശ്യാംപേട്ട്, അരെപ്പള്ളി ഗ്രാമങ്ങളിൽ 300 ഓളം തെരുവ് നായ്ക്കളെ കൊന്നെന്നാണ് പൊലീസ് റജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പറയുന്നത്. സംഭവത്തിൽ രണ്ട് വനിതാ പഞ്ചായത്ത് അംഗങ്ങൾക്കും അവരുടെ ഭർത്താക്കന്മാർക്കും എതിരെ കേസെടുത്തിരുന്നു. നേരത്തേ തെലങ്കാനയിൽ വിവിധ ഗ്രാമങ്ങളിലായി 500 ഓളം തെരുവുനായ്ക്കളെ വിഷം ഉള്ളിൽചെന്നു ചത്തനിലയിൽ കണ്ടെത്തിയിരുന്നു. കാമറെഡ്ഡി ജില്ലയിലെ ഭവാനിപേട്ട്, പൽവഞ്ച, ഫരീദ്പേട്ട്, വാഡി, ബന്ദരാമേശ്വരപ്പള്ളി എന്നീ ഗ്രാമങ്ങളിലാണ് തെരുവ് നായ്ക്കളെ വിഷം കുത്തിവച്ച് കൊന്നൊടുക്കിയതെന്നു മൃഗസ്നേഹികൾ ആരോപിക്കുന്നു. സംഭവത്തിൽ മൃഗസംരക്ഷണ പ്രവർത്തകനായ അദുലാപുരം ഗൗതം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് കുഴിച്ചിട്ട തെരുവ് നായ്ക്കളുടെ ജഡം കണ്ടെടുത്തു പോസ്റ്റ്മോർട്ടം ചെയ്തിരുന്നു.

