Site iconSite icon Janayugom Online

ഭർതൃസഹോദരി കടിച്ച് പരിക്കേൽപ്പിച്ചെന്ന് പരാതി; എഫ് ഐ ആര്‍ റദ്ദാക്കി ബോംബെ ഹൈക്കോടതി

ഭർത്താവിന്‍റെ സഹോദരി കടിച്ച് പരിക്കേൽപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ റദ്ദാക്കി ഹൈക്കോടതി. മനുഷ്യന്റെ പല്ലുകളെ മാരക ആയുധമായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു. പല്ലിലെ പാടുകൾ മൂലമുള്ള ചെറിയ മുറിവുകൾ മാത്രമാണ് പരാതിക്കാരിയുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് കാണിക്കുന്നത്. 2020 ഏപ്രിലിൽ സമർപ്പിച്ച എഫ്‌ ഐ ആറില്‍ ഒരു വഴക്കിനിടെ യുവതിയുടെ ഭർത്താവിന്‍റെ സഹോദരി യുവതിയെ കടിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തതായി പറയുന്നു. അപകടകരമായ ആയുധങ്ങൾ ഉപയോഗിച്ച് ഉപദ്രവിക്കുക, വേദനിപ്പിക്കുക, പരിക്കേൽപ്പിക്കുക എന്നീ കുറ്റങ്ങൾക്ക് ഇന്ത്യൻ ശിക്ഷ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്.

“മനുഷ്യ പല്ലുകൾ അപകടകരമായ ആയുധമാണെന്ന് പറയാനാവില്ല” എന്ന് പ്രതിയുടെ ഹര്‍ജി പരിഗണിച്ചുകൊണ്ട് കോടതി വ്യക്തമാക്കി. ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 324 പ്രകാരം കുറ്റകൃത്യം നിലനിൽക്കണമെങ്കിൽ, മരണമോ ഗുരുതരമായ പരിക്കോ ഉണ്ടാക്കാൻ സാധ്യതയുള്ള ഒരു ഉപകരണം ഉപയോഗിച്ചായിരിക്കണം മുറിവേൽപ്പിക്കേണ്ടതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 

Exit mobile version