Site iconSite icon Janayugom Online

വ്യാജരേഖ ചമച്ച് സ്ഥലം തട്ടിയെടുത്ത് വില്‍പ്പന നടത്തിയെന്ന പരാതി: കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ ഒമ്പതുപേര്‍ക്കെതിരെ കേസ്

വ്യാജരേഖ ചമച്ച്‌ സ്ഥലം തട്ടിയെടുത്ത്‌ വിൽപ്പന നടത്തിയെന്ന പരാതിയിൽ കൊച്ചി കോർപറേഷൻ പ്രതിപക്ഷ നേതാവും കോൺഗ്രസ്‌ നേതാവുമായ ആന്റണി കുരീത്തറ ഉൾപ്പെടെ ഒമ്പതുപേർക്കെതിരെ പൊലീസ് കേസെടുത്തു.പ്രമുഖ വ്യവസായി നസ്രത്ത് പുത്തൻപുരയ്‌ക്കൽവീട്ടിൽ ജോസഫ് സ്റ്റാൻലിയുടെ പരാതിയിലാണ് ആന്റണികുരീത്തറ, മട്ടാഞ്ചേരി സ്വദേശികളായ വി എച്ച് ബാബു,എം പി കുഞ്ഞുമുഹമ്മദ്‌, തട്ടിപ്പ്‌ നടന്ന കാലയളവിലെ കൊച്ചി സബ്‌രജിസ്‌ട്രാർ, ആശിഷ്‌ റൊസാരിയോ, ഹനീഷ്‌ അജിത്ത്‌, അനിത സന്തോഷ്‌, എം വി സുരേഷ്‌ എന്നിവർക്കെതിരെയും ബംഗളൂരു ആസ്ഥാനമായ സ്ഥാപനത്തിനെതിരെയും മട്ടാഞ്ചേരി പൊലീസ്‌ കേസെടുത്തത്‌.

ജോസഫ്‌ സ്‌റ്റാൻലിയുടെ മട്ടാഞ്ചേരി ജീവമാതാപള്ളിക്ക്‌ മുൻവശത്തെ 54.5 സെന്റ്‌ സ്ഥലമാണ്‌ പ്രതികൾ തട്ടിയെടുത്തത്‌. ഇക്കഴിഞ്ഞ ജൂണിലായിരുന്നു സംഭവം. ഒന്നാംപ്രതിയായ വി എച്ച്‌ ബാബു ജോസഫ് സ്റ്റാൻലിയുടെ മാനേജരായിരുന്നു. ബാബുവും മറ്റുപ്രതികളും ചേർന്ന്‌ഗൂഢാലോചനനടത്തുകയുംവ്യാജരേഖയുണ്ടാക്കി ജോസഫ്‌ സ്‌റ്റാൻലിയുടെ കള്ളഒപ്പിട്ട്‌ ആധാരം ചമച്ചുവെന്നുമാണ്‌ കേസ്‌. സ്ഥലം ആദ്യം എം പി കുഞ്ഞുമുഹമ്മദിന് വിറ്റു. 21 ദിവസത്തിനുശേഷം ബംഗളൂരു ആസ്ഥാനമായ കമ്പനിക്ക്‌ സ്ഥലം മറിച്ചുവിറ്റു. രണ്ട്‌ ഇടപാടുകളിലും ആന്റണി കുരീത്തറ സാക്ഷിയായി ഒപ്പിട്ടിട്ടുണ്ട്‌.

വിൽപ്പത്രം എഴുതാൻ രേഖകൾ പരിശോധിച്ചപ്പോഴാണ് സ്ഥലം തന്റെ പേരിലല്ലെന്ന് ജോസഫ് സ്റ്റാൻലി തിരിച്ചറിഞ്ഞത്‌.പിന്നീടുള്ള അന്വേഷണത്തിലാണ് ഭൂമി തട്ടിയെടുത്തെന്ന്‌ മനസ്സിലായതും പൊലീസിൽ പരാതി നൽകിയതും.പൊലീസ്‌ അന്വേഷണത്തിൽ സത്യം തെളിയുമെന്ന്‌ പ്രതീക്ഷിക്കുന്നതായും തട്ടിപ്പുകാർക്കെതിരെ ഏതറ്റംവരെയും പോകുമെന്നും ജോസഫ്‌ സ്‌റ്റാൻലി പറഞ്ഞു.

Exit mobile version