അഴിമതി ആരോപണത്തെ തുടര്‍ന്ന് ചിന്നക്കനാല്‍ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബനേഷ്ഖാനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പൽ ഡയറക്ടറുടേതാണ് നടപടി. സെക്രട്ടറിയുടെ ചുമതയിലുള്ള അസിസ്റ്റന്റ് സെക്രട്ടറി തൊഴിലുറപ്പ് പദ്ധതിയിലും മറ്റ് പദ്ധതികളിലുമായി അഴിമതി നടത്തിയത് ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റ് എന്‍ എം ശ്രീകുമാര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ചിന്നക്കനാല്‍ മുന്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മധുസൂദനന്‍ ഉണ്ണിത്താനെ സസ്പെന്റ് ചെയ്തതിന് ശേഷം അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന ബനേഷ്ഖാന് സെക്രട്ടറിയുടെ അധിക ചുമതല നല്‍കിയിരുന്നു. പഞ്ചായത്തിന്റെ പദ്ധതി അനുസരിച്ച് വാങ്ങിയവയ്ക്ക് ഈ ടെൻഡര്‍ സ്വീകരിച്ചിരുന്നില്ല. അഞ്ച് ലക്ഷം രൂപക്ക് മുകളിലുള്ള പദ്ധതികള്‍ക്ക് പോലും ക്വട്ടേഷനായിരുന്നു ക്ഷമിച്ചത്. ലഭിച്ച ക്വട്ടേഷന്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ വയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. സോളാര്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കല്‍ മിനിഹൈമാക്സ് ലൈറ്റ് സ്ഥാപിക്കല്‍ എന്നിവയ്ക്കായി വാങ്ങിയത് നിലവാരം കുറഞ്ഞ ഉപകരണങ്ങളാണ്. മാത്രവുമല്ല 500 അധിക നിരക്കിലുമാണ് സാധനങ്ങള്‍ വാങ്ങിയത്. ഇത്തരത്തില്‍ ഇയാള്‍ നടത്തിയ അഴിമതി അക്കമിട്ട് നിരത്തി പദ്ധതിയുടെ പട്ടിക സഹിതം പഞ്ചായത്ത് പ്രസിഡന്റ് എന്‍ എം ശ്രീകുമാര്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പള്‍ ഡയറക്ടര്‍ ബനേഷ്ഖാനെ സസ്പെന്റ് ചെയ്ത് ഉത്തരവിറക്കിയത്.
അതേ സമയം അഴിമതി ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്സ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റിനും അഴിമതിയില്‍ പങ്കുണ്ടെന്ന ആരോപണമാണ് കോണ്‍ഗ്രസ്സ് ഉന്നയിച്ചത്. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ ആരോപണം രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമെന്ന് തെളിഞ്ഞെന്നും തന്റെ പരാതിയിലാണ് നടപടിയെന്ന് ഉത്തരവില്‍ വ്യക്തമാണെന്നും പ്രസിഡന്റ് എന്‍ എം ശ്രീകുമാര്‍ പറഞ്ഞു. പഞ്ചായത്തില്‍ ഒരുവിധത്തിലുമുള്ള അഴിമതി അനുവധിക്കില്ലെന്നും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും ശ്രീകുമാര്‍ വ്യക്തമാക്കി.

