Site iconSite icon Janayugom Online

പെരിന്തല്‍മണ്ണയില്‍ ലഹരിക്കടത്ത് സംഘം കുട്ടികളെ കടത്തിക്കൊണ്ടുപോയതായി പരാതി; മൂന്ന് പേര്‍ അറസ്റ്റില്‍

മലപ്പുറം പെരിന്തൽമണ്ണയിൽ കുട്ടികളെ കടത്തിക്കൊണ്ടു പോയ ലഹരിക്കടത്ത് സംഘം പിടിയില്‍. സംഭവത്തില്‍ മൂന്ന് പേർ അറസ്റ്റിലായി. വാഴേങ്കട ബിടാത്തി ചോരമ്പറ്റ മുഹമ്മദ് റാഷിദ് (34), ചെർപ്പുളശ്ശേരി കാളിയത്ത്പടി വിഷ്ണു (22), കാറൽമണ്ണ പുതുപഴനി അശ്വിൻ (20) എന്നിവരെയാണ് പെരിന്തൽമണ്ണ പൊലീസ് പിടികൂടിയത്.പിടിയിലായ മൂന്ന് പ്രതികളും വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുള്ളവരാണ്. സെപ്റ്റംബര്‍ 13 നും 23 നും ഇടയിലാണ് കുട്ടികളെ ഇവര്‍ കൊണ്ടുപോയത്. കേസിലെ ഒന്നാം പ്രതി ഷാനിദ് ഒളിവിലാണ്.

പണം വാഗ്ദാനം നല്‍കിയും കഞ്ചാവ് നൽകാമെന്നും ഒഡീഷയിലെ വിവിധ സ്ഥലങ്ങൾ കാണിച്ചു കൊടുക്കാമെന്നും പറഞ്ഞാണ് കുട്ടികളെ കൊണ്ടു പോയതെന്നാണ് പൊലീസ് പറയുന്നത്. പട്ടാമ്പിയിലെ വീട്ടിൽ വച്ചും ഒറീസയിൽ വച്ചും പ്രതികൾ കുട്ടികൾക്ക് കഞ്ചാവ് നൽകിയതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആലിപ്പറമ്പ് സ്വദേശിയായ 16 വയസ്സുകാരനാണ് പൊലീസിൽ പരാതി നൽകിയത്. ഈ കുട്ടിയും സംഘത്തിന്റെ കയ്യില്‍ അകപ്പെട്ടിരുന്നു.

Exit mobile version