Site iconSite icon Janayugom Online

ഞരമ്പ് വേദനയ്ക്കുള്ള ഗുളിക കുട്ടികള്‍ക്ക് ലഹരിമരുന്നായി വിറ്റതായി പരാതി

ഞരമ്പ് വേദനയ്ക്കുള്ള ഗുളിക കുട്ടികള്‍ക്ക് ലഹരിമരുന്നായി വിറ്റതായി പരാതി. സംഭവത്തില്‍ പടന്നക്കാട്ടെ പ്രധാന്‍മന്ത്രി ഭാരതീയ ജന്‍ഔഷധി ഔട്ട്‌ലെറ്റിനെതിരെ നടപടിക്ക് ശുപാര്‍ശ. കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച് കാഞ്ഞങ്ങാട് എക്‌സൈസ് ഓഫീസിന് പരാതി ലഭിക്കുന്നത്. ഇതേത്തുടര്‍ന്ന് എക്‌സൈസ് സിഐ വി വി പ്രസന്നകുമാര്‍, ഡ്രഗ് ഇന്‍സ്‌പെക്ടര്‍ ഇ എന്‍ ബിജിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പടന്നക്കാട് ജന്‍ ഔഷധിയില്‍ സംയുക്തപരിശോധന നടത്തി. 

പ്രിഗാബലിന്‍ എന്ന ഗുളിക സ്‌കൂള്‍, കോളജ് വിദ്യാർത്ഥികള്‍ക്ക് ലഹരിമരുന്നായി വിറ്റുവെന്നാണ് പരാതി. ന്യൂറോ, ഓര്‍ത്തോ ഡോക്ടര്‍മാര്‍ അസഹ്യമായ ഞരമ്പ് വേദനയുള്ളവര്‍ക്കായി നല്‍കുന്ന ഗുളികയാണിത്. അപസ്മാരരോഗികള്‍ക്കും ഇതു നല്‍കാറുണ്ട്.
സാധാരണ ഒരു മെഡിക്കല്‍ സ്‌റ്റോറിനേക്കാള്‍ ഇവര്‍ ഈ വാങ്ങുകയും വില്‍ക്കുകയും ചെയ്തതായും നിയമം അനുശാസിക്കുന്ന വിധത്തില്‍ ഇതിന്റെ വില്‍പനരേഖകള്‍ ഇവര്‍ സൂക്ഷിച്ചിട്ടില്ലെന്നും ഡ്രഗ് ഇന്‍സ്‌പെക്ടര്‍ ഇ എന്‍ ബിജിന്‍ പറഞ്ഞു. കൂടാതെ ഡ്രഗ് ആന്‍ഡ് കോസ്‌മെറ്റിക് ആക്ട് പ്രകാരം വില്‍പന നടത്തുന്ന മരുന്നുകളുടെ രേഖകള്‍ സൂക്ഷിച്ചുവെച്ചിട്ടില്ല. ഏതു ഡോക്ടറാണെന്ന് മരുന്ന് കുറിച്ചുകൊടുത്തതെന്നതുസംബന്ധിച്ച വിവരങ്ങളും ഇവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. മെഡിക്കല്‍ സ്റ്റോറിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ അസി.ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി ഡ്രഗ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

Exit mobile version