Site iconSite icon Janayugom Online

റാഗിങ് കേസ് പ്രതികള്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതായി പരാതി

കോടതി വിധിയോടെ പരീക്ഷയെഴുതാനെത്തിയ റാഗിങ് കേസ് പ്രതികളായ സീനിയർ വിദ്യാർത്ഥികൾ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി. സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഒന്നാം വർഷ ബികോം വിദ്യാർത്ഥി കാട്ടാമ്പള്ളി സ്വദേശി മുഹമ്മദ് ഷാസ് ആണ് ക്രൂരമായ മർദനത്തിനിരയായത്. ശരീരമെമ്പാടും പരിക്കേറ്റ വിദ്യാർത്ഥി ജില്ലാ ആശുപ്രതിയിൽ ചികിത്സ തേടി. കോളജില്‍ വാഹനത്തില്‍ വന്നുവെന്ന കാരണം പറഞ്ഞാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് കോളജിലെ രണ്ടാം വർഷ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളായിരുന്ന ഫഹീസ് ഉമ്മർ, ബാസിൽ എന്നിവരുടെ പേരിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. നവംബര്‍ മൂന്നിന് രാവിലെയാണ് മര്‍ദനം നടന്നത്. 

കഴിഞ്ഞ ജൂൺ 19ന് സർ സയിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ റാഗിങ്ങിനെ എതിർക്കുന്നവരും അനുകൂലിക്കുന്നവരുമായ രണ്ടാം വർഷ വിദ്യാർത്ഥികൾ തമ്മിൽ കോളജിന് സമീപത്തുവച്ച് ഏറ്റുമുട്ടിയിരുന്നു. റാഗിങ്ങിനെ എതിർക്കുന്ന നാല് വിദ്യാർത്ഥികൾക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുക്കുകയും റാഗിങ്ങിനെ അനുകൂലിക്കുന്ന 17 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇവരോട് ടിസി വാങ്ങി പോകാനും ആവശ്യപ്പെട്ടിരുന്നു. പരീക്ഷ എഴുതാൻ ഹൈക്കോടതിയിൽ നിന്ന് താൽക്കാലിക ഉത്തരവ് നേടിയാണ് ഇവർ കഴിഞ്ഞ ദിവസം കോളജിലെത്തിയത്. പ്രതികളിലൊരാളായ ഫഹീസ് ഉമ്മർ ഒന്നാം വർഷ വിദ്യാർത്ഥിയെ ഫോണിൽ വിളിച്ച് കോളജിന് അടുത്തുള്ള ഫുട്ബോൾ ടർഫിന് സമീപത്തേക്ക് വരാൻ പറഞ്ഞു. അവിടെ എത്തിയപ്പോൾ വിദ്യാര്‍ത്ഥിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി വാതിലുകള്‍ അടച്ച് ഇയാളും ബാസിലും ചേർന്ന് ബെൽറ്റ്, ടെലിഫോൺ ചാർജർ എന്നിവ കൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കാൽമുട്ടുകൾക്കിടയിൽ തലവച്ച് മർദിച്ചെന്നും മുഹമ്മദ് ഷാസ് പറഞ്ഞു. അതേസമയം സംഘർഷമുണ്ടാക്കരുത് എന്ന നിബന്ധനയിലാണ് വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ കോടതി അനുവദിച്ചതെന്നും വ്യവസ്ഥ ലംഘിച്ചത് കോടതിയിൽ റിപ്പോർട്ട് ചെയ്യുമെന്നും കോളജ് അധികൃതർ അറിയിച്ചു.

Exit mobile version