Site iconSite icon Janayugom Online

മുഖം മൂടി ധരിച്ചെത്തിയ സംഘം വിദ്യാർത്ഥിയെ തട്ടികൊണ്ട് പോകാൻ ശ്രമിച്ചെന്ന് പരാതി

മുഖം മൂടി ധരിച്ചെത്തിയ സംഘം സ്കൂളിൽ നിന്നു വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നു പരാതി. പട്ടാഴി വിരുത്തി ഭാഗത്താണ് സംഭവം. വൈകിട്ട് 4.15ന് സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്നു വരികയായിരുന്ന അന്തമൺ ഗവ. വെൽഫെയർ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയെയാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. 

പുത്തൂർമുക്ക്–ആറാട്ടുപുഴ റോഡിൽ, വിദ്യാർഥിയുടെ വീടിനു സമീപത്തുള്ള റബർ പുരയിടത്തിനു സമീപത്തെ റോഡിൽ വെള്ള നിറത്തിലുള്ള കാർ പാർക്ക് ചെയ്ത ശേഷം, ഇടവഴിയിലൂടെ നടന്നു പോകുകയായിരുന്ന കുട്ടിയുടെ അടുത്തേക്ക് മുഖം മൂടി ധരിച്ച രണ്ട് പേർ എത്തുകയും, കുട്ടിയെ കടന്നു പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു.ബഹളം വച്ച് കുതറി ഓടിയതിനാൽ ഇവരുടെ കൈകളിൽ അകപ്പെട്ടില്ല. കുട്ടിയുടെ ബഹളം കേട്ട് പ്രദേശവാസികളും ഓടിയെത്തിയപ്പോഴേക്കും മുഖം മൂടി ധരിച്ചവർ കാറിൽ കയറി, ആറാട്ടു പുഴ ഭാഗത്തേക്ക് പോയെന്നാണ് പരാതി. ഈ കാറിന്റേതെന്നു സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കുന്നിക്കോട് പൊലീസ് അന്വേഷണം തുടങ്ങി.

Exit mobile version