നെഹ്റു ട്രോഫി ജലോത്സവത്തിൽ ഫോട്ടോഫിനിഷിൽ രണ്ടാമതെത്തിയ വീയപുരം ചുണ്ടൻ്റെ തുഴച്ചിൽക്കാരെ പൊലീസ് മർദ്ദിച്ചതായി പരാതി. ഫോട്ടോ ഫിനിഷിലെ തർക്കവുമായി ബന്ധപ്പെട്ട് നെഹ്റു ട്രോഫി സംഘാടകസമിതി അംഗങ്ങളെയും ബന്ധപ്പെട്ട അധികാരികളെയും കാണാൻ നെഹ്റു പവലിയനിലേക്ക് എത്തിയ സമയത്താണ് മർദ്ദിച്ചതെന്നാണ് ആരോപണം. സംഘാടകരെ കാണാൻ അനുവദിക്കാതെ ലൈറ്റ് ഓഫാക്കിയ ശേഷം അവിടെയുണ്ടായിരുന്ന പൊലീസുകാർ ലാത്തി കൊണ്ട് അടിച്ചുവെന്ന് തുഴച്ചിൽക്കാർ ആരോപിച്ചു.
മർദ്ദനത്തിൽ നാല് പേർക്ക് പരിക്കേറ്റു. തുഴച്ചിൽക്കാരായ സന്ദീപ്, എബി, അനന്ദു, ക്രിസ്റ്റോ എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റവരെ ഇവർ വണ്ടാനംമെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. വിധി നിർണയത്തിൽ ജഡ്ജസ് ഏകപക്ഷീയമായ തീരുമാനമാണ് എടുത്തതെന്നും വില്ലേജ് ബോട്ട് ക്ലബ്ബ് ഭാരവാഹികൾ ആരോപിച്ചു.