രാത്രിയുടെ മറവിൽ കട പൊളിച്ചു നീക്കിയതായി പരാതി പാലമൂട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഇടക്കുന്നം ഹിരിനിലയത്തിൽ ഹരിദാസിന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന കടയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ അനധികൃതമായി കുത്തി പൊളിച്ചത്. കട ഉടമയുടെ നേതൃത്വത്തിൽ പൊളിച്ചതായാണ് പരാതി. കട ഒഴിയുന്നതുമായി ബന്ധപ്പെട്ട് മാവേലിക്കര കോടതിയിൽ കേസ് നിലനിൽക്കെയാണ് കട പൊളിച്ചത്. കടയുടെ ഗ്രില്ലിന്റേയും ഷട്ടറിന്റേയും പൂട്ട് പൊളിച്ച് കെട്ടിടത്തിൽ ഉണ്ടായിരുന്ന സാധനങ്ങൾ നശിപ്പിച്ച ശേഷം പുതിയ പൂട്ട് ഉപയോഗിച്ച് കട പൂട്ടുകയായിരുന്നു. കടമുറിയുടെ വടക്ക് ഭാഗത്തായി വിറക് സൂക്ഷിക്കാനായി ഉപയോഗിച്ചിരുന്ന ഷെഡ് പൊളിച്ചുനീക്കിയതായും, കടക്കുള്ളിൽ മേശയിൽ സൂക്ഷിച്ചിരുന്ന 1,52,000 രൂപ കാണാനില്ലെന്നും പരാതിയിൽ പറയുന്നു.
ഈ കടമുറിയിൽ 13 വർഷങ്ങളായി ഹരിദാസ് പ്രിയ എന്ന പേരിൽ നടത്തുന്ന സ്ഥാപനത്തിൽ ബേക്കറി, പലചരക്ക് സാധനങ്ങൾ ഉൾപ്പെടെ വില്പന നടത്തിയിരുന്നു. കടക്കുള്ളിലുണ്ടായിരുന്ന സാധനങ്ങൾ ഒന്നര കിലോമീറ്റർ ദൂരെയുള്ള റബർ തോട്ടത്തിലും, സമീപമുള്ള കനാലിലും, ഹരിദാസിന്റെ വീടിന് സമീപമുള്ള വാഴത്തോട്ടത്തിലും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പത്തു ദിവസങ്ങൾക്ക് മുമ്പ് കടയുടമ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി ഹരിദാസ് പറയുന്നു. വിവിധ രോഗങ്ങൾ ഉള്ള ഹരിദാസിന്റെ പ്രധാന വരുമാനമാർഗമായിരുന്നു ഈ സ്ഥാപനം. തന്റെ കൈവശമുള്ള കടമുറിയിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തുകയും ജീവിത മാർഗം തടസ്സപ്പെടുത്തിയതായും ഹരിദാസ് പറയുന്നു. 6,65,000 രൂപയുടെ നഷ്ടം വന്നതായും പരാതിയുണ്ട്. നൂറനാട് പൊലീസ് കേസ് എടുത്തു.
English Summary: Complaint that the shop was demolished in the dead of night