സൈനികനെ പൊലീസ് മർദിച്ചതായി പരാതി. പരിക്കേറ്റ വയനാട് പുൽപ്പള്ളി വാടാനക്കവല സ്വദേശി പഴയമ്പലത്ത് വീട്ടിൽ കെ എസ് അജിത്ത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. പുൽപ്പള്ളിയിൽ ക്ഷേത്രോത്സവത്തിനിടെ ടൂ വീലർ പാർക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് പൊലീസ് മർദിച്ചതെന്നാണ് അജിത്ത് പറയുന്നത്. തുടർന്ന് സ്റ്റേഷനിൽ എത്തിച്ചും മർദിച്ചെന്നും വലതുകാലിന്റെ എല്ലിന് പൊള്ളലേറ്റെന്നും അജിത്ത് വ്യക്തമാക്കി.
കമാന്റിങ് ഓഫിസർ കേണല്‍ ഡി നവീന്‍ ബഞ്ചിത്ത് മെഡിക്കൽ കോളജിലെത്തി അജിത്തിനെ കണ്ട് വിവരങ്ങൾ ശേഖരിച്ചു. ഇതേസമയം ഉത്സവവുമായി ബന്ധപ്പെട്ട ഗതാഗതക്രമീകരണത്തിന് ചുമതലപ്പെടുത്തിയിരുന്ന പൊലീസുകാരുമായി സൈനികൻ അജിത്ത് വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നുവെന്നാണ് പുൽപ്പള്ളി പൊലീസ് വിശദീകരിക്കുന്നത്. ഇതിനിടെ അജിത്ത് കയ്യിലുണ്ടായിരുന്ന ഹെൽമെറ്റ് ഉപയോഗിച്ച് പൊലീസുകാരനെ ആക്രമിച്ചു. തുടർന്ന് നാട്ടുകാർ ഉൾപ്പെടെ ഇടപെട്ട് അജിത്തിനെ സ്ഥലത്ത് പിടിച്ചുവച്ചു.
ഇതിനിടെ ഉണ്ടായ ഉന്തിലും തള്ളിലും സൈനികന്റെ കാലിന് പരിക്കേറ്റതാകാം എന്നും പൊലീസ് പറയുന്നു. സ്റ്റേഷനിൽ വച്ച് സൈനികനെ മർദിച്ചിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. താൻ സൈനികനാണെന്ന് അജിത്ത് പറഞ്ഞിരുന്നില്ലെന്നും ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് സൈനികൻ സ്റ്റേഷനിൽ ഉണ്ടായിരുന്നത് ഇരുപത് മിനിറ്റ് മാത്രമെന്നും പൊലീസ് വിശദീകരിക്കുന്നു. ഇതേ സമയം അജിത്തിന് സൈനിക ആശുപത്രിയിലേക്ക് ഡിസ്ചാർജ് നൽകുന്നില്ലെന്ന് സഹോദരൻ ആരോപിച്ചു. ഡിസ്ചാർജ് വെെകിപ്പിച്ചുകൊണ്ട് പൊലീസിന് അധികൃതർ സൗകര്യമൊരുക്കിക്കൊടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary: Complaint that the soldier was beaten by the police
You may also like this video