Site iconSite icon Janayugom Online

ഹരിയാനയില്‍ കള്ളവോട്ട് നടന്നതായി പരാതി

ബിജെപി ഭരിക്കുന്ന ഹരിയാനയില്‍ സര്‍വീസ് വോട്ടില്‍ വന്‍ കൃത്രിമം നടന്നതായി പരാതി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന അര ലക്ഷത്തോളം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ അവസരം നിഷേധിച്ചുവെന്ന ഗുരുതരമായ ആരോപണവുമായി സംസ്ഥാന പൊലീസ് അസോസിയേഷന്‍ രംഗത്തെത്തി. തപാല്‍ വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ച ഉദ്യോഗസ്ഥര്‍ക്ക് വോട്ട് രേഖപ്പെടുത്താതെ ഫോറം പൂരിപ്പിച്ച് നല്‍കിയാല്‍ മാത്രം മതിയെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി ഭാരവാഹികള്‍ പറഞ്ഞു. പോളിങ് ദിവസം ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ പോസ്റ്റൽ ബാലറ്റ് സമ്പ്രദായത്തിലാണ് വോട്ട് ചെയ്യുന്നത്. 

സ്വയം വോട്ട് ചെയ്യാൻ അനുവദിക്കുന്നതിനുപകരം, പൊലീസുകാരെ അതത് ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫിസിലേക്കോ പൊലീസ് ആസ്ഥാനത്തേക്കോ വിളിച്ച് അവരുടെ വിശദാംശങ്ങളും വോട്ട് രേഖപ്പെടുത്താത്ത ബാലറ്റ് പേപ്പറുകളും സഹിതം ഫോം 12 സമർപ്പിക്കാൻ നിർദേശിച്ചതായാണ് പരാതി. ഇതോടെ സംസ്ഥാനത്തെ നിരവധി പൊലീസുകാർ വോട്ട് ചെയ്യാൻ വിസമ്മതിച്ചെന്നും സംഘടന ആരോപിച്ചു. ഇതുസംബന്ധിച്ച് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.

തെരഞ്ഞെടുപ്പ് ഡ്യൂട്ടി ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റിലൂടെ വോട്ട് ചെയ്യാനുള്ള ഔപചാരിക അപേക്ഷയാണ് ഫോം 12. ഇത്തവണ റോഹ്തക് ജില്ലയിൽ മാത്രം 2125 പൊലീസുകാരിൽ 148 പേർ മാത്രമാണ് വോട്ട് ചെയ്തത്. ബാക്കിയുള്ളവര്‍ വോട്ട് ചെയ്യാൻ വിസമ്മതിച്ചതായി പരാതിയില്‍ പറയുന്നു. ഹരിയാനയിലെ 10 ലോക്‌സഭാ സീറ്റുകളിലേക്കും മേയ് 25നാണ് വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്ത് കടുത്ത ഭരണ വിരുദ്ധ വികാരവും, കര്‍ഷക പ്രതിഷേധവും ആളിക്കത്തുന്ന അവസരത്തില്‍ പ്രതിരോധത്തിലായ ബിജെപി നേതാക്കളുടെ നിര്‍ദേശം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അനുസരിക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

Eng­lish Summary:Complaints about fraud­u­lent vot­ing in Haryana
You may also like this video

Exit mobile version